ENTERTAINMENT

'നല്ല അമ്മയാകില്ല, നല്ല മകളാകില്ല', വിമർശനത്തിന് ആലിയയുടെ മറുപടി; മികച്ചതാകേണ്ട, സത്യസന്ധതയാണ് പ്രധാനം

രൺവീർ സിങ്ങിനൊപ്പമുള്ള 'റോക്കി ഓർ റാണി കി പ്രേം കഹാനി'യാണ് വരാനിരിക്കുന്ന ആലിയ ഭട്ട് ചിത്രം

എന്റർടെയ്ൻമെന്റ് ഡെസ്ക്

എല്ലാത്തിലും മികച്ചതാകുക എന്നതിലുപരി സത്യസന്ധമായിരിക്കുക എന്നതാണ് പ്രധാനമെന്ന് ബോളിവുഡ് താരം ആലിയ ഭട്ട്. റിലീസിനൊരുങ്ങുന്ന ചിത്രം 'റോക്കി ഓർ റാണി കി പ്രേം കഹാനി'യുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. തനിക്കൊരു മികച്ച അമ്മയാകാനോ മകളാകാനോ സാധിക്കില്ലെന്ന് ഒരാൾ പറഞ്ഞിരുന്നെന്ന് അഭിമുഖത്തിൽ സംസാരിക്കവെ ആലിയ ഭട്ട് പറഞ്ഞു. ഈ വിമർശനത്തിനുള്ള മറുപടിയായാണ് ആലിയ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

'എനിക്ക് ഒരു മികച്ച മകളോ അമ്മയോ പ്രൊഫഷണലോ ആകാൻ സാധിക്കില്ലെന്ന് ഒരാൾ പറഞ്ഞിരുന്നു. മികവ് എന്ന ആശയത്തിന് അമിതപ്രാധാന്യമാണ് നൽകിയിട്ടുള്ളത്. ഒന്നിലും മികച്ചതാകേണ്ടതില്ല, മറിച്ച് സത്യസന്ധമായിരിക്കുകയാണ് വേണ്ടത്. സുഹൃത്തുക്കളുമായും കുടുംബവുമായും കൃത്യമായി ആശയവിനിമയം നിലനിർത്തുക. അതാണ് താൻ ചെയ്യുന്നത്' ആലിയ വ്യക്തമാക്കി. ഇങ്ങനെ ചെയ്യുമ്പോൾ വളരെയധികം ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്നതായി തോന്നിയിട്ടുണ്ടെങ്കിലും അതിലൂടെ ജീവിത പുരോഗതിയുണ്ടായതായും ആലിയ പറയുന്നു.

'ബാലൻസ്' എന്ന ആശയവും സുസ്ഥിരമായ ഒന്നല്ല. ജീവിതത്തിൽ പല സന്ദർഭങ്ങളിലും കഷ്ടപ്പെടേണ്ടി വരുമെന്നത് ഉറപ്പാണ്. കഷ്ടപ്പെടാതെ ജീവിതത്തിൽ എല്ലാം കൈവരുമെന്നാണ് പലരുടെയും ധാരണ. അങ്ങനെ ജീവിക്കാൻ സാധിച്ചാലും മനസ്സിന് സമാധാനമുണ്ടാകില്ല. വ്യക്തിപരമായതും പ്രൊഫഷണലായ കാര്യങ്ങളിലും എപ്പോഴും ശ്രദ്ധ കൊടുക്കുന്ന ഒരാളാണ് താനെന്നും അതിനാൽ പലപ്പോഴും സ്വന്തം കാര്യങ്ങൾക്ക് വേണ്ടി സമയം കണ്ടെത്താറില്ലെന്നും താരം പറയുന്നു. എന്തിനാണ് മുൻ​ഗണന നൽകേണ്ടതെന്ന് തിരിച്ചറിയുകയാണ് പ്രധാനമെന്നും ആലിയ വ്യക്തമാക്കി.

രൺവീർ സിങ്ങിനൊപ്പമുള്ള 'റോക്കി ഓർ റാണി കി പ്രേം കഹാനി'യാണ് വരാനിരിക്കുന്ന ആലിയ ഭട്ട് ചിത്രം. കരൺ ജോഹർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധർമേന്ദ്ര, ശബാന ആസ്മി, ജയാ ബച്ചൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രം ജൂലൈ 28ന് തീയേറ്ററുകളിലെത്തും. കത്രീന കെയ്ഫ്, പ്രിയങ്ക ചോപ്ര എന്നിവരോടൊപ്പം 'ജീ ലേ സറാ'യും അണിയറയിലുണ്ട്. വണ്ടർ വുമൺ താരം ഗാൽ ഗദോത്തിനൊപ്പം 'ഹാർട്ട് ഓഫ് സ്റ്റോൺ' എന്ന ചിത്രത്തിലൂടെ ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ആലിയ. ചിത്രം ഓഗസ്റ്റ് 11ന് നെറ്റ്ഫ്ലിക്സിലൂടെയാണ് റിലീസ് ചെയ്യുക.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ