ENTERTAINMENT

'എല്ലായ്‌പ്പോഴും കേരളം എനിക്ക് വളരെയധികം സ്‌നേഹം തന്നിട്ടുണ്ട്'; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകി അല്ലു അർജുൻ

ജൂലൈ 30-ന്‌ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് വയനാട്, മേപ്പാടി, ചൂരൽ മല, മുണ്ടക്കൈ ഭാഗങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

ഉരുൾപൊട്ടലിൽ തകർന്ന വയനാടിന് സഹായവുമായി തെലുങ്ക് താരം അല്ലു അർജുനും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നടൻ സംഭാവന നൽകി. എക്സ് പോസ്റ്റിലൂടെയാണ് അല്ലു ഇക്കാര്യം അറിയിച്ചത്. കേരളം എല്ലായ്‌പ്പോഴും തനിക് ഒരുപാട് സ്നേഹം നൽകിയിട്ടുണ്ടെന്നും കേരളത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അല്ലു അർജുൻ എക്‌സിൽ കുറിച്ചു.

'വയനാട്ടിലെ ഈയിടെയുണ്ടായ ഉരുൾപൊട്ടലിൽ ഞാൻ അതീവ ദുഃഖിതനാണ്. കേരളം എല്ലായ്‌പ്പോഴും എനിക്ക് വളരെയധികം സ്‌നേഹം തന്നിട്ടുണ്ട്, കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പുനരധിവാസ പ്രവർത്തനങ്ങൾക്ക് 25 ലക്ഷം സംഭാവന ചെയ്തുകൊണ്ട് എൻ്റെ പരമാവധി ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ സുരക്ഷയ്ക്കും ശക്തിക്കും വേണ്ടി പ്രാർത്ഥിക്കുന്നു' അല്ലു അർജുൻ സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചു. നേരത്തെ 2018 പ്രളയകാലത്തും അല്ലു അര്‍ജുന്‍ കേരളത്തിന് സഹായം പ്രഖ്യാപിച്ചിരുന്നു.

നേരത്തെയും നിരവധി താരങ്ങൾ വയനാടിന് സഹായം പ്രഖ്യാപിച്ചിരുന്നു. നടൻമാരായ മോഹൻലാൽ, ടൊവിനോ തോമസ്, കമൽഹാസൻ എന്നിവർ 25 ലക്ഷം രൂപ വീതം നൽകിയിരുന്നു. ഫഹദ് ഫാസിലും നസ്രിയയും ചേർന്ന് 25 ലക്ഷവും മമ്മൂട്ടിയും ദുൽഖർ സൽമാനും ആ​ദ്യഘട്ടമായി 35 ലക്ഷം രൂപയും കൈമാറി. ആദ്യഘട്ടമായി മമ്മൂട്ടി 20 ലക്ഷം രൂപയും ദുൽഖർ 15 ലക്ഷം രൂപയുമാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.

നടി നയൻതാരയും പങ്കാളിയും സംവിധായകനുമായ വിഘ്നേഷ് ശിവനും 20 ലക്ഷം രൂപയും വിക്രം 20 ലക്ഷം രൂപയും നൽകി. തെന്നിന്ത്യൻ താരങ്ങളായ സൂര്യയും, ജ്യോതികയും, കാർത്തിയും ചേർന്ന് 50 ലക്ഷം രൂപയും രശ്മിക മന്ദാന 10 ലക്ഷം രൂപയും നൽകി. നടൻ ആസിഫ് അലിയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തെങ്കിലും തുക വെളിപ്പെടുത്തിയിട്ടില്ല.

ജൂലൈ മുപ്പതാം തിയ്യതി പുലര്‍ച്ചെ രണ്ട് മണിയോടെയാണ് വയനാട്, മേപ്പാടി, ചൂരൽ മല, മുണ്ടക്കൈ ഭാഗങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായത്. കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിൽ ഒന്നാണ് ചൂരൽ മല ഉരുൾപൊട്ടലെന്നാണ് കരുതുന്നത്. മുന്നൂറിലധികം മൃതദേഹങ്ങളാണ് ഇതുവരെ പ്രദേശത്ത് നിന്ന് കണ്ടെടുത്തിട്ടുള്ളത്. ഇരുന്നൂറോളം പേരെ ഇനി കണ്ടെത്താനുണ്ട്. സർവ്വതും നഷ്ടപ്പെട്ട ക്യാമ്പുകളിൽ ജീവിക്കുന്നവരും നിരവധിയാണ്. ആറാം ദിവസവും രക്ഷ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍