കേരള രാജ്യാന്തര ചലച്ചിത്രമേള വിസ്മയിപ്പിച്ചുവെന്ന് ഉറുഗ്വേയിൻ ചലച്ചിത്ര നിർമാതാവും മത്സരവിഭാഗം ജൂറിയുമായ ആൽവാരോ ബ്രെഷ്നർ. മികച്ച ചിത്രങ്ങളാണ് ഇക്കുറി മേളയിലുള്ളവയെല്ലാം. പ്രേക്ഷക പ്രതികരണത്തിലും ഏറെ സന്തുഷ്ടനാണെന്നും ആൽവാരോ ബ്രെഷ്നർ പറഞ്ഞു.
മനുഷ്യന്റെ അതിജീവനങ്ങളെ വ്യത്യസ്തമായ രീതിയിൽ സമീപിച്ച പല സിനിമകളും ഇത്തവണ മേളയിലുണ്ട്. ഇത്തരം മേളകൾ കലയുടെ വളർച്ചയെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
20 വർഷം മുമ്പ് ഉറുഗ്വേയിൽ സിനിമാ നിർമ്മാണത്തെക്കുറിച്ച് ചിന്തിക്കാൻ പോലും സാധിക്കുമായിരുന്നില്ല . യഥാർത്ഥ സംഭവങ്ങളെ ആധാരമാക്കി സിനിമ എടുക്കാനാണ് താൻ ഇഷ്ടപ്പെടുന്നത്. തന്റെ സിനിമകളെല്ലാം അത്തരത്തിലുള്ളവയുമാണ്. അതുകൊണ്ടു തന്റെ സിനിമകൾ മനുഷ്യന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചും ചെറുത്തുനിൽപ്പുകളെക്കുറിച്ചും വിപ്ലവത്തെക്കുറിച്ചും സംസാരിച്ചു കൊണ്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓരോ മനുഷ്യരും വ്യത്യസ്തരാണ് അതിനാൽ എല്ലാ കഥയിലും പുതുമ കണ്ടെത്താൻ കഴിയാറുണ്ട്. ആ പുതുമയാണ് ചലച്ചിത്ര നിർമ്മാണ രംഗത്ത് തുടരാൻ തന്നെ പ്രേരിപ്പിക്കുന്നത്
പരമ്പരാഗത ഹോളിവുഡ് സിനിമയ്ക്കും യൂറോപ്യൻ സിനിമയ്ക്കും എതിരായ രാഷ്ട്രീയ സിനിമയാണ് തന്നെപ്പോലുളള ചലച്ചിത്രനിർമാതാക്കൾക്ക് താത്പ്പര്യമെന്നും പറഞ്ഞുവയ്ക്കുന്നു ആൽവാരോ ബ്രെഷ്നർ .