ENTERTAINMENT

അമർ അക്ബർ അന്തോണിയിൽനിന്ന് പൃഥ്വി ഒഴിവാക്കിയോ? ആരോപണങ്ങൾക്ക് ആസിഫ് അലിയുടെ മറുപടി

എന്റർടെയ്ൻമെന്റ് ഡെസ്ക്

നാദിർഷ സംവിധാനം ചെയ്ത 'അമർ അക്ബർ അന്തോണി'യുടെ കാസ്റ്റിങ്ങുമായി ബന്ധപ്പെട്ട് നടൻ പൃഥ്വിരാജിനെതിരെ ഉയർന്ന ആരോപണം വലിയ ചർച്ചയായിരുന്നു. ചിത്രത്തിൽ ആസിഫിനെയായിരുന്നു ആദ്യം കാസ്റ്റ് ചെയ്തതെന്നും പിന്നീട് പൃഥ്വിയുടെ അഭിപ്രായപ്രകാരം മാറുകയായിരുന്നെന്നും ഒരഭിമുഖത്തിൽ നാദിർഷ തന്നെ പറഞ്ഞിരുന്നു.

നാദിർഷയുടെ വാക്കുകൾ ചിലർ വളച്ചൊടിക്കുകയും പൃഥ്വിക്കെതിരെ ആരോപണവുമായി സമൂഹമമാധ്യമങ്ങളിൽ രംഗത്തെത്തുകയും ചെയ്തു. പൃഥ്വി ഇടപെട്ട് ആസിഫിന്റെ അവസരം കളഞ്ഞെന്നായിരുന്നു ഇവരുടെ ആരോപണം.

എന്നാൽ ഈ വിവാദങ്ങൾക്ക് മറുപടിയുമായി ആസിഫ് അലി എത്തിയിരിക്കുകയാണ്. തലവൻ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഇന്ത്യൻ സിനിമ ഗാലറിക്കു നൽകിയ അഭിമുഖത്തിലായിരുന്നു ആസിഫിന്റെ പ്രതികരണം.

തന്റെ അവസരം പൃഥ്വി നഷ്ടപ്പെടുത്തി എന്നൊക്കെ ആളുകൾ പറയുന്നതുകാണുന്നത് വളരെ വിഷമമുണ്ടെന്ന് ആസിഫ് അലി പറഞ്ഞു. അമർ അക്ബർ അന്തോണിയിൽ ആ സ്‌ക്രീൻ സ്‌പേസിൽ ഞാൻ നിന്നാൽ അനിയനെപ്പോലെ തോന്നുമെന്നു നാദിർഷ പറഞ്ഞതും ആളുകൾക്ക് മനസിലായതും രണ്ടാണെന്നും ആസിഫ് പറഞ്ഞു.

''അതൊരു ഭയങ്കര തെറ്റിദ്ധാരണയാണ്. ഒരിക്കലും പൃഥ്വി അങ്ങനെ പറയില്ല. ഞാനിപ്പോൾ പൃഥ്വിയെന്ന് പറയുന്നത് എല്ലാവർക്കും മനസിലാവാൻ വേണ്ടിയാണ്. ഞാൻ രാജുവേട്ടാ എന്നാണ് വിളിക്കാറുള്ളത്. ഒരിക്കലും അതല്ല ആ പറഞ്ഞതിന്റെ അർഥം,'' ആസിഫ് പറഞ്ഞു.

ക്ലാസ്‌മേറ്റ് ടീം വീണ്ടും ഒന്നിക്കുന്നുവെന്ന തരത്തിലാണ് ആ ചിത്രം മാർക്കറ്റ് ചെയ്തത്. താനടക്കമുള്ള ആളുകൾ ആ കോംബോ കാണാനാണ് ആദ്യദിവസം തന്നെ പോയത്. വളരെ വാലിഡായ അഭിപ്രായമാണ് പൃഥ്വി ആ സിനിമക്കുവേണ്ടി നടത്തിയത്. ആ ചിത്രം ഹിറ്റ് ആയതും മാർക്കറ്റ് ചെയ്തതും ക്ലാസ്‌മേറ്റ് ടീം ഒന്നിക്കുന്നുവെന്ന തരത്തിലാണ്. സ്‌ക്രീനിൽ ഇവരുടെ ഈ ഗിവ് ആൻഡ് ടേക് ഞാൻ ആണേൽ വർക്കാവില്ലെന്നും ആദ്യം മുതൽ എല്ലാം തുടങ്ങണമെന്നും ആസിഫ് പറഞ്ഞു.

ഞാനായിരുന്നു അവരിലൊരാൾ എങ്കിൽ ഒരിക്കലും ആ സിനിമയ്ക്ക് അത്രയും സ്വീകാര്യത കിട്ടില്ല. ആ സിനിമ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാൻ പോവാൻ നമ്മൾ തീരുമാനിക്കുന്നതു തന്നെ ആ മൂന്നു പേരെ കണ്ടിട്ടാണ്. എനിക്ക് വ്യക്തിപരമായി ഏറ്റവും വിഷമം തോന്നിയ കാര്യം, ഞാൻ ആക്‌സിഡന്റ് പറ്റി വീട്ടിൽ കിടന്ന സമയത്ത് എന്നെ എല്ലാ ദിവസവും മുടങ്ങാതെ വിളിച്ചത് രാജുവേട്ടനായിരുന്നു. സുപ്രിയ ചേച്ചിയും വിളിക്കും. എന്നെ വിളിച്ചിട്ട് കിട്ടിയില്ലെങ്കിൽ സമയെ വിളിക്കും.

സർജറി കഴിഞ്ഞാലും നീ ശ്രദ്ധിക്കണമെന്നും മൂന്നു മാസം തീർച്ചയായും റെസ്റ്റ് എടുക്കണമെന്നുമെല്ലാം എന്നോട് പറഞ്ഞത് രാജുവേട്ടൻ ആയിരുന്നു. അദ്ദേഹത്തെ കാണിച്ച അതേ ഡോക്ടറെ തന്നെ പോയി കാണിക്കണമെന്നും പറഞ്ഞത് രാജുവേട്ടൻ തന്നെയായിരുന്നു. ഞങ്ങൾ തമ്മിൽ എന്തോ വലിയ പ്രശ്‌നമുണ്ടെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ കണ്ടപ്പോൾ എനിക്കതു വലിയ വിഷമമായെന്നും ആസിഫ് അലി പറഞ്ഞു.

അതേസമയം, ആസിഫ് നായകനായ തലവൻ മികച്ച പ്രതികരണവുമായി മുന്നോട്ടുപോകുകയാണ്. ബിജു മേനോൻ - ആസിഫ് അലി കോംബോയിൽ ജിസ് ജോയ് സംവിധാനം ചെയ്ത ചിത്രം ഈ വെള്ളിയാഴ്ചയോടെ കൂടുതൽ തീയറ്ററുകളിൽ പ്രദർശനത്തിനെത്തിയിരിക്കുകയാണ്.

രണ്ട് വ്യത്യസ്ത റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥർക്കിടയിൽ സംഭവിക്കുന്ന പ്രശ്നങ്ങളും ഒരു കേസ് അന്വേഷണവും കൂട്ടിച്ചേരുന്നതാണ് തലവന്റെ കഥ. വടക്കൻ മലബാറിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. ആസിഫ് അലിക്കും ബിജു മേനോനും പുറമെ അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ ജോൺ, ദിനേശ് അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരാണ് മറ്റു പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം