അമേരിക്കന്‍ പോപ്താരം ലിസോയ്‌ക്കെതിരെ ലൈംഗിക ചൂഷണത്തിന് പരാതി നല്‍കി സഹനര്‍ത്തകര്‍. ശരീരഭാരത്തിന്റെ പേരിലും മതം, വംശീയത, ലിംഗം, ഭിന്നശേഷി എന്നിവയുടെ പേരിലും ലിസോയും മാനേജ്‌മെന്റും ചൂഷണത്തിന് ഇരയാക്കിയെന്നാണ് പരാതി.
ലിയോയുടെ നര്‍ത്തക സംഘത്തിലുണ്ടായിരുന്ന ഏരിയാന ഡേവിസ്, ക്രിസ്റ്റല്‍ വില്ല്യംസ്, നോയല്‍ റോഡ്രിഗസ് എന്നിവരാണ് പരാതി നല്‍കിയത്. ലോസ് ആഞ്ചല്‍സ് കൗണ്ടി സുപ്പീരിയര്‍ കോടതിയില്‍ ലിസോയുടെയും അവരുടെ നിര്‍മ്മാണ കമ്പനിയായ ബിഗ് ഗേള്‍ ബിഗ് ടൂറിങ് ഇംഗ്, ഡാന്‍സ് ടീം ക്യാപ്റ്റന്‍ ഷിര്‍ലിന്‍ ക്വിഗ്ലി എന്നിവര്‍ക്കെതിരെയുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
നൃത്ത മത്സരത്തിന്റെ ഭാഗമാകാന്‍ ന്യൂഡ് ഫോട്ടോ ഷൂട്ടിന് നിര്‍ബന്ധിച്ചു
ഫെബ്രുവരിയില്‍ ആംസ്റ്റര്‍ഡാം ക്ലബ്ബില്‍ നടന്ന പരിപാടിയില്‍ നഗ്നരായ അവതാരകരെ സ്പര്‍ശിക്കാന്‍ നിര്‍ബന്ധിച്ചുവെന്ന് നര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ബുദ്ധിമുട്ടുകളറിയിച്ചിട്ടും നൃത്ത മത്സരത്തിന്റെ ഭാഗമാകാന്‍ ന്യൂഡ് ഫോട്ടോ ഷൂട്ടിന് നിര്‍ബന്ധിച്ചതായി പരാതിക്കാരില്‍ ഒരാളായ ഏരിയാന ഡേവിസ് പറയുന്നു. ലിസോയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയില്ലെങ്കില്‍ ജോലി നഷ്ടപ്പെടുമെന്ന് ഭയപ്പെട്ടതായും അവര്‍ കൂട്ടിചേര്‍ത്തു.
ലിസോയുടെയും മാനേജ്‌മെന്റ് ടീമിന്റെയും അവരുടെ സഹപ്രവര്‍ത്തകരോടുള്ള പെരുമാറ്റം അവര്‍ പൊതുസമൂഹത്തിന് മുന്നിലേക്ക് നല്‍കുന്ന എല്ലാത്തരം ആശയങ്ങള്‍ക്കും എതിരാണ്. സ്വകാര്യമായി ലിസോ അവരുടെ നര്‍ത്തകരെ ശരീരഭാരത്തിന്റെ പേരില്‍ കുറ്റപ്പെടുത്തുകയും ആക്ഷേപിക്കുകയും ചെയ്തിരുന്നു. ഈ നടപടി നിയമ വിരുദ്ധവും തികച്ചും നിരാശാജനകമാണെന്നും പരാതിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിപാഷകന്‍ റോണ്‍ സാംബ്രാനോ പറയുന്നു.
ടീം അംഗങ്ങളുടെ ഇഷ്ടത്തിന് വിരുദ്ധമായി ഡാന്‍സ് ടീം ക്യാപ്റ്റന്‍ ഷിര്‍ലിന്‍ ക്വിഗ്ലി തന്റെ മതവിശ്വാസങ്ങള്‍ക്ക് വിധേയരാക്കി അവരെ ഉപദ്രവിച്ചുവെന്നും പരാതിയില്‍ ആരോപിക്കുന്നു. ക്വിഗ്ലി തന്റെ മതവിശ്വാസങ്ങളെ ക്കുറിച്ച് സംസാരിക്കുക മാത്രമല്ല, പ്രതിഷേധങ്ങള്‍ കണക്കിലെടുക്കാതെ മറ്റുള്ളവരെ മതപരിവര്‍ത്തനം നടത്താനുള്ള എല്ലാ അവസരങ്ങളും ഉപയോഗിച്ചിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
സംഭാഷണങ്ങളിലും അഭിമുഖങ്ങളിലും ഏരിയാന ഡേവിസിന്റെ കന്യാകാത്വം ഷിർലിൻ ക്വിഗ്ലി വിഷയമാക്കാറുണ്ടെന്നും, സമ്മതം കൂടാതെ ഏരിയാനയുടെ സ്വകാര്യ വിവരങ്ങള്‍ ക്വിഗ്ലി സാമൂഹ്യ മാധ്യമത്തില്‍ വെളിപ്പെടുത്തിയതായും പരാതിക്കാര്‍ പറയുന്നു. നർത്തകരായ ഏരിയാന ഡേവിസിനെയും ക്രിസ്റ്റല്‍ വില്ല്യംസിനെയും ഒടുവില്‍ പുറത്താക്കിയതായും നോവല്‍ റോഡ്രിഗസ് മോശമായ പെരുമാറ്റത്തെ തുടര്‍ന്ന് രാജിവെച്ചതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.