ENTERTAINMENT

ശ്രീനാഥ് ഭാസിക്ക് ഉടന്‍ അംഗത്വമില്ല; ഉപാധിവെച്ച് താരസംഘടനയായ അമ്മ

മറ്റ് സംഘടനകളുടെ എന്‍ഒസി ഹാജരാക്കിയതിന് ശേഷം മാത്രം അംഗത്വ അപേക്ഷ പരിഗണിച്ചാല്‍ മതിയെന്നാണ് അമ്മ എക്‌സിക്യൂട്ടീവിന്റെ തീരുമാനം

എന്റർടെയ്ൻമെന്റ് ഡെസ്ക്

നടന്‍ ശ്രീനാഥ് ഭാസിക്ക് താരസംഘടനയായ അമ്മയില്‍ ഉടന്‍ അംഗത്വം നല്‍കില്ല. കൊച്ചിയില്‍ ഇന്നു ചേര്‍ന്ന അമ്മ വാര്‍ഷിക പൊതുയോഗത്തിലാണ് തീരുമാനം.സെറ്റിലെ മോശം പെരുമാറ്റം, ലഹരി ഉപയോഗം തുടങ്ങി നിരവധി ആരോപണങ്ങള്‍ നേരിടുന്നതിനാല്‍ ശ്രീനാഥ് ഭാസിയുടെ അപേക്ഷ മറ്റ് സിനിമാ സംഘടനകളുടെ എന്‍ഒസി ഹാജരാക്കിയതിന് ശേഷം പരിഗണിച്ചാല്‍ മതിയെന്നാണ് തീരുമാനം.

സിനിമ സെറ്റിലെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ വിലക്ക് വന്നതോടെയാണ്‌ അമ്മയിലെ അംഗത്വത്തിന് ശ്രീനാഥ് ഭാസി അപേക്ഷ നല്‍കിയത്. ശ്രീനാഥ് ഭാസിക്കൊപ്പം അപേക്ഷ നല്‍കിയ ധ്യാന്‍ ശ്രീനിവാസന്‍, കല്യാണി പ്രിയദര്‍ശന്‍, നിഖില വിമല്‍, വിജയന്‍ കാരന്തുര്, ബിനു പപ്പു, സലിം ബാവ, സഞ്ജു ശിവറാം, ശ്രീജ രവി ഉള്‍പ്പെടെ പത്തിലേറെ പേര്‍ക്ക് അംഗത്വം നല്‍കി.

സെറ്റില്‍ പ്രശ്‌നം ഉണ്ടാക്കുന്നവര്‍ക്ക് അംഗത്വം നല്‍കുന്നതില്‍ ചില കര്‍ശന ഉപാധികള്‍ വേണമെന്ന നിര്‍ദേശം നേരത്തെ തന്നെ സംഘടനയില്‍ ഉണ്ടായിരുന്നു. എക്‌സ്‌ക്യൂട്ടിവ് യോഗത്തിലും ഇതേ അഭിപ്രായമാണ് ഉയര്‍ന്നത്. തുടര്‍ന്ന് ശ്രീനാഥിനോട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുള്‍പ്പെടെയുള്ള മറ്റ് സംഘടനകളുടെ എന്‍ഒസി ഹാജരാക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. വിലക്ക് നേരിടുന്നതിനാല്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ എന്‍ഒസി ഉടന്‍ ലഭിക്കാന്‍ സാധ്യതയില്ല.

ശ്രീനാഥ് ഭാസിക്കൊപ്പം വിലക്ക് നേരിടുന്ന ഷെയിന്‍ നിഗത്തിന്റെ കാര്യത്തില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി താരസംഘടന ചര്‍ച്ച ആരംഭിച്ചിരുന്നു. എന്നാല്‍ ശ്രീനാഥിന്റെ കാര്യത്തില്‍ ഉടന്‍ ഇടപെടില്ലന്നാണ് സൂചന. അതുകൊണ്ട് തന്നെ അംഗത്വം ലഭിക്കാനുള്ള സാധ്യതയും കുറവാണ്. അങ്ങനെയെങ്കില്‍ താരത്തിന്റെ വിലക്ക് എത്രനാള്‍ നീളുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. അമ്മയില്‍ അംഗത്വം ലഭിച്ച് അമ്മ പ്രശ്‌നത്തില്‍ ഇടപെട്ടതിന് ശേഷം മാത്രമാണ് ഒരു പക്ഷെ വിലക്ക് നീങ്ങുകയുള്ളു. ഷെയിന്‍ നിഗം നിലവില്‍ അമ്മയില്‍ അംഗമായതിനാല്‍ നടന്റെ വിലക്ക് ഉടന്‍ നീക്കിയേക്കും.

ലഹരി ഉപയോഗിക്കുന്നവര്‍ക്ക് സംഘടനയില്‍ അംഗത്വം നല്‍കേണ്ടെന്ന വാദം സംഘടനയില്‍ ശക്തമാണ്. നേരത്തെ ഷെയ്ന്‍ നിഗത്തിന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ വിലക്ക് അമ്മയുടെ മധ്യസ്ഥതയില്‍ ചേര്‍ന്ന യോഗത്തിന് പിന്നാലെ എടുത്തുമാറ്റിയിരുന്നു. സംഘടനയില്‍ അംഗമല്ലാത്തതിനാല്‍ ശ്രീനാഥിന്റെ കാര്യത്തില്‍ ഇടപെടാന്‍ പരിമിതികളുണ്ടെന്നാണ് അമ്മ നേതൃത്വം പറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് സംഘടനയില്‍ അംഗത്വം ആവശ്യപ്പെട്ട് ശ്രീനാഥ് അപേക്ഷ നല്‍കിയത്.

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും