ജവാനുശേഷം അനിരുദ്ധും എസ്ആർകെയും വീണ്ടുമൊന്നിക്കുന്നു. അജിത്തിനൊപ്പം വിടാമുയർച്ചി, രജനികാന്തിന്റെ കൂലി എന്നീ ചിത്രങ്ങൾക്കൊപ്പം ഷാരൂഖിന്റെ പുതിയ ചിത്രത്തിലും താൻ സംഗീതം നൽകുന്നുണ്ടെന്നും വേറെയും പ്രൊജക്റ്റുകളുണ്ടെങ്കിലും അവ ഏതെന്ന് വെളിപ്പെടുത്താനാവില്ലെന്നും അനിരുദ്ധ് പറഞ്ഞു.
പത്ത് മാസത്തിനുള്ളിൽ പൂർത്തിയാക്കാനുളളത് അമ്പതോളം പാട്ടുകളൊണെന്നും അനിരുദ്ധ് പറയുന്നു. ആമസോൺ മ്യൂസിക്കിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു തന്റെ ഏറ്റവും പുതിയ ബോളിവുഡ് പ്രൊജക്ടിനെ കുറിച്ചുളള അനിരുദ്ധിന്റെ വെളിപ്പെടുത്തൽ.
വിടാമുയർച്ചി 2025 പൊങ്കലിനോട് അനുബന്ധിച്ച് റിലീസ് ചെയ്യാൻ സാധ്യതയുണ്ടെന്നാണ് അനിരുദ്ധ് നൽകുന്ന സൂചന. എന്നാൽ ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക അപ്‌ഡേറ്റുകളൊന്നും ഇതുവരെ നിർമാതാക്കൾ പുറത്തുവിട്ടിട്ടില്ല.
കിങ്, പത്താൻ 2 എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന ഷാരൂഖ് ചിത്രങ്ങൾ. ഇതിൽ ഏതിനാവും അനിരുദ്ധ് സംഗീതം നൽകുകയെന്നതിൽ വ്യക്തതയില്ല. സിദ്ധാർത്ഥ് ആനന്ദിനൊപ്പം സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന കിങ് ആയിരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
കിങ് 2025 പകുതിയോടെയും പത്താൻ-2 2025 അവസാനത്തോടെയോ 2026 ആദ്യമോ റിലീസിനെത്താനാണ് സാധ്യത. ''തീർക്കാനായി കുറച്ചധികം പ്രൊജക്ടുകളുണ്ട്. ഏതൊക്കെയെന്ന് പറയാനാകില്ല. അടുത്ത പത്ത് മാസത്തിനുള്ളിൽ അമ്പതോളം പാട്ടുകൾ പൂർത്തിയാക്കാനുണ്ട്,'' അനിരുദ്ധ് പറയുന്നു.
ജൂനിയർ എൻടിആർ നായകനായ ദേവരയും രജനികാന്ത് നായകനായ വേട്ടൈയനുമാണ് തീയറ്ററുകളിൽ പ്രദർശനം തുടരുന്ന അനിരുദ്ധ് സംഗീതം നിർവഹിച്ച ചിത്രങ്ങൾ. ഇരു ചിത്രങ്ങളിലേയും ഗാനങ്ങൾ സോഷ്യൽ മീഡിയയിൽ ഗംഭീര സ്വീകാര്യത ലഭിച്ചിരുന്നു
ആറ്റ്ലിയുടെ സംവിധാനത്തിൽ ഷാരൂഖ് ഖാൻ നായകനായ ജവാനുവേണ്ടിയായിരുന്നു അനിരുദ്ധ് ആദ്യമായി ബോളിവുഡിൽ സംഗീത സംവിധാനം നിർവഹിച്ചത്. പിന്നാലെ നിരവധി ബോളിവുഡ് ചിത്രങ്ങളിലേയ്ക്കു ക്ഷണം വന്നിരുന്നെങ്കിലും തമിഴിൽ വിജയ്, രജനി ചിത്രങ്ങളുടെയും തെലുങ്കിൽ ജൂനിയർ എൻടിആറിന്റെ ദേവരയുടെയും തിരക്കുകളാൽ ഒന്നുംതന്നെ തിരഞ്ഞെടുത്തിരുന്നില്ല. തിരക്കുകൾക്കൊടുവിലാണ് ബോളിവുഡിൽ വീണ്ടുമൊരു എസ് ആർകെ ചിത്രത്തിന് അനിരുദ്ധ് കൈകൊടുത്തിരിക്കുന്നത്.
ദളപതി വിജയ് നായകനാകുന്ന ദളപതി 69, കമൽഹാസൻ്റെ ഇന്ത്യൻ 3, ശിവകാർത്തികേയൻ്റെ SK23, രജനികാന്തിൻ്റെ കൂലി, വിജയ് ദേവരകൊണ്ട നായകനായ VD12, തുടങ്ങി നിരവധി ചിത്രങ്ങളാണ് അനുരുദ്ധിന്റെ സംഗീതത്തിൽ അണിയറയിൽ ഒരുങ്ങുന്നത്.