രജനികാന്തിനും സംവിധായകൻ നെൽസൺ ദിലീപ്കുമാറിനും പിന്നാലെ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിനും കാർ സമ്മാനിച്ച് സൺ പിക്ചേഴ്സ്. ഇന്നലെയാണ് സൺ പിക്‌ചേഴ്‌സ് മേധാവി കലാനിധി മാരൻ അനിരുദ്ധിന് ജയിലറിന്റെ ലാഭവിഹിതത്തിന്‍റെ ഒരു പങ്കും പോർഷെ കാറും സമ്മാനിച്ചത്.
കലാനിധി മാരൻ അനിരുദ്ധിന്റെ ഓഫീസിലെത്തിയാണ് ചെക്കും കാറിന്റെ താക്കോലും കൈമാറിയത്. രണ്ട് മോഡൽ ബിഎംഡബ്ല്യു, പോർഷെ എന്നീ കാറുകളിൽ നിന്ന് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാമെന്നാണ് സൺ പിക്ച്ചേഴ്സ് മുന്നോട്ടുവച്ച ഓഫർ. മൂന്ന് കാറിൽ നിന്ന് അനിരുദ്ധ് പോർഷെ തിരഞ്ഞെടുത്തു. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് രജനികാന്തിന് ലാഭവിഹിത തുകയും ബിഎംഡബ്ല്യു എക്സ്7 കാറും കലാനിധിമാരൻ സമ്മാനിച്ചത്. സംവിധായകൻ നെൽസൺ ദിലീപ്കുമാറിനും ചെക്കും പോർഷെ കാറും സമ്മാനിച്ചിരുന്നു.
ലോകേഷ് കനകരാജ് ചിത്രം വിക്രത്തിന്റെ വിജയത്തിന് പിന്നാലെ നടൻ കമൽഹാസൻ ലോകേഷ് കനകരാജിനും സഹസംവിധായകർക്കും നടൻ സൂര്യയ്ക്കും സമ്മാനങ്ങൾ നൽകിയിരുന്നു. വിക്രത്തിന്റെ വിജയത്തിൽ നിർണായകമായ ബിജിഎം സെറ്റ് ചെയ്ത അനിരുദ്ധിന് സമ്മാനം നൽകാത്തതിനെതിരെ അന്ന് വിമർശനം ഉയർന്നിരുന്നു. ലോകേഷ് കനകരാജിന് ലെക്സസ് കാറും ചിത്രത്തിൽ പ്രവർത്തിച്ച 13 അസിസ്റ്റന്റ് ഡയറക്ടർമാർക്ക് ടിവിഎസ് അപ്പാച്ചെ RTR160 ബൈക്കും നടൻ സൂര്യയ്ക്ക് റോളക്‌സ് വാച്ചുമാണ് കമൽഹാസൻ സമ്മാനിച്ചത്. കമൽഹാസൻ സമ്മാനം ഒന്നും തന്നില്ലേ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് വിക്രം, ചിത്രം തന്നെ അദ്ദേഹം സമ്മാനിച്ചില്ലേ എന്ന അനിരുദ്ധിന്റെ പ്രതികരണവും സാമൂഹ്യ മാധ്യമത്തിൽ വൈറലായിരുന്നു.
ലോകമെമ്പാടുമുള്ള പ്രദർശനത്തിൽ നിന്ന് 650 കോടിയിലധികം കളക്ഷൻ നേടി ഹിറ്റായിരിക്കുകയാണ് ജയിലർ. ഓഗസ്റ്റ് 10നായിരുന്നു ചിത്രത്തിന്റെ റിലീസ്. റിട്ടയേർഡ് ജയിലർ ടൈഗർ മുത്തുവേൽ പാണ്ഡ്യനായാണ് രജനികാന്ത് ചിത്രത്തിലെത്തിയത്. രമ്യാ കൃഷ്ണൻ, വിനായകൻ, വസന്ത് രവി, യോഗി ബാബു എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.