ENTERTAINMENT

ആ​ഗോള ബോക്സ് ഓഫീസിൽ ബെഞ്ച്മാർക്ക് കളക്ഷനുമായി 'അജയന്റെ രണ്ടാം മോഷണം'; നാലാം ദിനത്തിൽ നേട്ടമെത്ര?

ആ​ഗോള തലത്തിൽ 6.25 കോടിയെന്ന മികച്ച ഓപ്പണിങ്ങായിരുന്നു ആദ്യദിനം തന്നെ ചിത്രത്തിന് ലഭിച്ചിരുന്നത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

നാലാം ദിവസം പിന്നിടുമ്പോൾ ആ​ഗോള ബോക്സ് ഓഫീസിൽ 35 കോടിയെന്ന റെക്കോഡ് കളക്ഷനുമായി ടൊവിനോ ചിത്രം അജയന്റെ രണ്ടാം മോഷണം. ആ​ഗോള തലത്തിൽ 6.25 കോടിയെന്ന മികച്ച ഓപ്പണിങ്ങായിരുന്നു ആദ്യദിനം തന്നെ ചിത്രത്തിന് ലഭിച്ചിരുന്നത്. കേരളത്തിൽ നിന്ന് മാത്രം ലഭിച്ച ഓപ്പണിങ് കളക്ഷൻ 3 കോടിയായിരുന്നു. ഇന്ത്യയിൽ നിന്ന് ഇത് 4 കോടിയാണ്. അതേസമയം ഒന്നാം ദിവസത്തെക്കാൾ മികച്ച കളക്ഷനാണ് ചിത്രത്തിന് വരും ദിവസങ്ങളിൽ നേടാനായത്. 6.7 കോടിയാണ് രണ്ടാം ദിവസം അജയന്റെ രണ്ടാം മോഷണത്തിന്റെ ആ​ഗോള ബോക്സ് ഓഫീസ് കളക്ഷൻ. മൂന്നാം ദിവസം ഇത് 13 കോടിയിലേക്കും നാലാം ദിനം 35 കോടിയെന്ന ബെഞ്ച്മാർക്ക് കളക്ഷനിലേക്കും എത്തിയെന്ന് അറിയിച്ചിരിക്കുകയാണ് അണിയറക്കാർ. നാലാം ദിനത്തിൽ മാത്രം രണ്ട് ലക്ഷത്തിലധികം ഓൺലൈൻ ബുക്കിങ്ങും നടന്നതായി അണിയറക്കാർ പറയുന്നു.

ടോവിനോ തോമസ് പ്രധാന വേഷത്തിലെത്തിയ ഫാന്റസി ചിത്രം 'അജയന്റെ രണ്ടാം മോഷണം' (എ.ആർ.എം) ഓണം റിലീസായാണ് എത്തിയത്. ടൊവിനോ തോമസ് ട്രിപ്പിൾ റോളിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിതിൻ ലാലാണ്. സുജിത് നമ്പ്യാരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ ആറു ഭാഷകളിലാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ഏറെ കാലത്തിനു ശേഷം മലയാളത്തിൽ റിലീസാവുന്ന 3 ഡി സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തില്‍ മൂന്ന് തലമുറകളുടെ കഥയാണ് പറയുന്നത്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. മാജിക്ക് ഫ്രെയിംസ്, യു.ജി.എം മോഷന്‍ പിക്‌ചേഴ്‌സ് എന്നീ ബാനറുകളില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, ഡോ. സക്കറിയ തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

തെലുങ്കിൽ ശ്രദ്ധേയയായ കൃതി ഷെട്ടിയുടെ ആദ്യ മലയാളം സിനിമ കൂടിയാണ് അജയന്റെ രണ്ടാം മോഷണം. ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്‍, ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. തമിഴില്‍ ചിത്ത, കന തുടങ്ങിയ ചിത്രങ്ങള്‍ക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാന്‍ തോമസാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിർവഹിക്കുന്നു.

മഹായുതിക്ക് കരിമ്പ് കയ്ക്കുമോ? പശ്ചിമ മഹാരാഷ്ട്രയിൽ പവർ ആർക്ക്?

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്