ENTERTAINMENT

എങ്ങും ഹൗസ്‌ഫുൾ, '2024 മലയാളത്തിന്റെ പ്രതാപകാലമെന്നതിൽ സംശയമില്ല'; എ ആർ എം, കിഷ്കിന്ധാകാണ്ഡം കുതിപ്പിൽ അഭിമാനമെന്ന് പ്രേക്ഷകർ

അന്യസംസ്ഥാനങ്ങളിലെ ബോക്സ് ഓഫീസ് കണക്കുകളിലും ചിത്രം നേട്ടം കൊയ്യുകയാണ്

എന്റർടെയ്ൻമെന്റ് ഡെസ്ക്

രണ്ടാം വാരം പിന്നിടുമ്പോഴും ഹൗസ്ഫുൾ ഷോകളുമായി ടൊവിനോ ചിത്രം എ ആർ എം (അജയന്റെ രണ്ടാം മോഷണം), ദിൻജിത്ത് അയ്യത്താന്റെ സംവിധാനത്തിൽ ആസിഫ് അലി പ്രധാന വേഷത്തിലെത്തിയ‘കിഷ്കിന്ധാ കാണ്ഡം’ എന്നിവയുടെ കുതിപ്പ്. പല തീയറ്ററുകളിലായി പതിപ്പിച്ച ഹൗസ് ഫുൾ ബോർഡുകളുടെ ദൃശ്യങ്ങൾ പങ്കുവെക്കുകയാണ് ആരാധകർ.

മലയാളം, ഹിന്ദി, ഇംഗ്ലിഷ്, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ ആറു ഭാഷകളിൽ തിയറ്ററുകളിലെത്തിയ എആർഎം കേരളത്തിനു പുറത്തും വൻ ആവേശത്തോടെ ആഘോഷിക്കപ്പെടുകയാണ്. ചിത്രത്തിനു കിട്ടിയ പാൻ ഇന്ത്യൻ സ്വീകാര്യത മലയാള സിനിമയ്ക്കു കിട്ടുന്ന അം​ഗീകാരമാണെന്നാണ് സിനിമാ പ്രേമികൾ പറയുന്നത്. 2024 മലയാള സിനിമയുടെ പ്രതാപകാലമാണെന്നതിൽ സംശയമില്ലെന്നും കേരളമെന്ന കൊച്ചു സംസ്ഥാനത്തെ ലോകത്തിനു പരിചയപ്പെടുത്തുന്നത് ഇത്തരം നല്ല സിനിമകളാണെന്നും കമന്റുകളിൽ പറയുന്നു. കിഷ്കിന്ധാ കാണ്ഡമാകട്ടെ മൂന്നാംവാരത്തിലേക്ക് കടന്നപ്പോൾ 50 കോടി കളക്ഷൻ പിന്നിട്ടുണ്ട്.

അന്യസംസ്ഥാനങ്ങളിലെ ബോക്സ് ഓഫീസ് കണക്കുകളിലും എആർഎം ചിത്രം നേട്ടം കൊയ്യുകയാണ്. ചിത്രത്തെക്കുറിച്ച് കഴിഞ്ഞ ദിവസം അജിത് പുല്ലേരി ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. രാജസ്ഥാൻ ജയ്‌സാൽമീരിലെ ഒരേയൊരു തിയറ്ററിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന ചിത്രത്തെക്കുറിച്ചായിരുന്നു കുറിപ്പ്. ചിത്രത്തിലെ അഭിനേതാക്കളെ അവിടെയുള്ളവർക്ക് അറിയാമെന്നും ചിത്രത്തിന്റെ ഹിന്ദി വേർഷൻ ഹൗസ്ഫുള്ളായി പ്രദർശിപ്പിക്കുന്നുണ്ടെന്നും അജിത് പുല്ലേരി കുറിച്ചിരുന്നു.

ടോവിനോ തോമസ് പ്രധാന വേഷത്തിലെത്തിയ ഫാന്റസി ചിത്രം 'അജയന്റെ രണ്ടാം മോഷണം' (എ ആർ എം) ഓണം റിലീസായാണ് എത്തിയത്. ചിത്രത്തിനു കേരളത്തിൽനിന്ന് മാത്രം ലഭിച്ച ഓപ്പണിങ് കളക്ഷൻ മൂന്നു കോടിയായിരുന്നു. രാജ്യത്താകെ നാല് കോടിയാണ്. അതേസമയം ഒന്നാം ദിവസത്തെക്കാൾ മികച്ച കളക്ഷനാണ് ചിത്രത്തിന് തുടർന്നുളള ദിവസങ്ങളിൽ നേടാനായത്. ഇതിനോടകം ചിത്രം ഇന്ത്യയിൽ മാത്രം 85 കോടിക്കുമേൽ കളക്റ്റ് ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ.

ടൊവിനോ ട്രിപ്പിൾ റോളിലെത്തിയ ചിത്രം സംവിധാനം ചെയ്തത് ജിതിൻ ലാലാണ്. സുജിത് നമ്പ്യാരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഏറെ കാലത്തിനുശേഷം മലയാളത്തിൽ റിലീസാവുന്ന 3 ഡി സിനിമയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തിൽ മൂന്ന് തലമുറകളുടെ കഥയാണ് പറയുന്നത്.

കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാർ. മാജിക്ക് ഫ്രെയിംസ്, യു.ജി.എം മോഷൻ പിക്‌ചേഴ്‌സ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

തെലുങ്കിൽ ശ്രദ്ധേയയായ കൃതി ഷെട്ടിയുടെ ആദ്യ മലയാളം സിനിമ കൂടിയാണ് അജയന്റെ രണ്ടാം മോഷണം. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. തമിഴിൽ ചിത്ത, കന തുടങ്ങിയ ചിത്രങ്ങൾക്ക് ഗാനങ്ങളൊരുക്കിയ ദിബു നൈനാൻ തോമസാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ജോമോൻ ടി ജോൺ ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിങ്ങും നിർവഹിക്കുന്നു.

അദാനിയില്‍ തട്ടിയുലഞ്ഞ് മഹാരാഷ്ട്ര രാഷ്ട്രീയം; 'മനുഷ്യനാണ്, നാക്കു പിഴ സംഭവിക്കാ'മെന്ന് പറഞ്ഞ് തലയൂരി അജിത് പവാര്‍

മണിപ്പൂരില്‍ പ്രതിഷേധം ശക്തമാകുന്നു; ഇന്റര്‍നെറ്റ്, മൊബൈല്‍ ഡേറ്റ സേവനങ്ങള്‍ നിര്‍ത്തിവെച്ച് അധികൃതര്‍

ലക്ഷ്യം ഹിസ്ബുള്ളയുടെ അടിസ്ഥാന സൗകര്യങ്ങള്‍; ബെയ്‌റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ വ്യോമാക്രമണവുമായി ഇസ്രയേല്‍

'ഡോണള്‍ഡ് ട്രംപിനെ വധിക്കാന്‍ ഉദ്ദേശ്യമില്ല'; ബൈഡന്‍ ഭരണകൂടത്തിന് ഇറാന്റെ സന്ദേശം

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴ; ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; ഇടിമിന്നൽ മുന്നറിയിപ്പ്