മോഹൻലാലിന്റെ ആദ്യ ചിത്രം തിരനോട്ടം തീയേറ്ററിലെത്തിക്കാൻ സഹായിച്ചത് മലയാളത്തിന്റെ ക്ലാസിക് ചിത്രങ്ങളുടെ നിർമാതാവായ അച്ചാണി രവിയെന്ന് സംവിധായകൻ അശോക് കുമാർ. നിർമാതാവിന്റെ മരണത്തോടെ പാതിവഴിയിലായ ചിത്രം പുറത്തിറക്കാൻ അച്ചാണി രവിയാണ് അന്നത്തെ പ്രധാന വിതരണക്കാരിലൊരാളായ ആർ തിരുവെങ്കിടത്തെ മോഹൻലാലിനും അശോക് കുമാറിനും പരിചയപ്പെടുത്തി കൊടുത്തത്. തിരനോട്ടം പുറത്തിറക്കാൻ സഹായിക്കണമെന്ന അപേക്ഷയുമായി മോഹൻലാലിനൊപ്പം അച്ചാണി രവിയെ പോയി കണ്ട കഥ ദ ഫോർത്തിനോട് പങ്കുവച്ച് ചിത്രത്തിന്റെ സംവിധായകൻ അശോക് കുമാർ.
അശോക് കുമാറിന്റെ വാക്കുകൾ
തിരുവനന്തപുരം എം ജി കോളജിൽ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് ഞങ്ങൾ തിരനോട്ടമെന്ന ചിത്രം ചെയ്യുന്നത്. മോഹൻലാലിന്റെ ആദ്യ സിനിമയാണ് തിരനോട്ടം, ലാലിന്റെ മാത്രമല്ല, അതായിരുന്നു ഞങ്ങളുടെയെല്ലാം (പ്രിയദർശൻ, കിരീടം ഉണ്ണി, ക്യാമറമാൻ എസ് കുമാർ, നിർമാതാവ് സുരേഷ് കുമാർ) ആദ്യ സിനിമ. തിരനോട്ടം ബ്ലാക്ക് ആന്റ് വൈറ്റിലാണ് ചിത്രീകരിച്ചത്. ചിത്രീകരണം പൂർത്തിയായപ്പോഴേക്കും മലയാള സിനിമ കളറിലേക്ക് മാറി. ബ്ലാക്ക് വൈറ്റ് ചിത്രങ്ങളുടെ റിലീസ് നിർത്തിവച്ചു. അവിടെ തുടങ്ങി പ്രതിസന്ധി. പാച്ചല്ലൂർ ശശി എന്നൊരാൾ ആയിരുന്നു നിർമാതാവ്, സിനിമ പൂർത്തിയാകുന്നതിന് മുൻപ് തന്നെ അദ്ദേഹം ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് മരിച്ചു, അങ്ങനെ സിനിമ എങ്ങും എത്താതെ നിൽക്കുന്ന അവസ്ഥയായി
ഞാനും ലാലും എങ്ങനെ എങ്കിലും സിനിമ ഇറക്കാൻ ഓടി നടക്കുന്നതിനിടയിലാണ് രവിയേട്ടനെ (അച്ചാണി രവി) കുറിച്ച് കേൾക്കുന്നത്. അദ്ദേഹത്തിന്റെ കാഞ്ചനസീത റിലീസായ സമയമാണ്. കോളേജിൽ പോയി ഒരു ബൈക്കും എടുത്താണ് ഞാനും ലാലും കൂടി കൊല്ലത്ത് പോകുന്നത്. സത്യത്തിൽ പെട്രോൾ അടിക്കാനുള്ള പണം പോലും കൈയിൽ ഉണ്ടായിരുന്നില്ല. എന്നാലും സിനിമ ഇറക്കണമെന്ന ആഗ്രഹത്തിൽ രവിയേട്ടനെ പോയി കണ്ടു. കൈയിൽ സിനിമയുടെ പ്രിന്റും ഉണ്ട്.
പഠിക്കുന്ന ഈ പ്രായത്തിലെ നിങ്ങൾ ഇങ്ങനെയുള്ള സിനിമയൊക്കെ എടുത്താൽ ഓടുമോ?
എങ്ങനെയെങ്കിലും സഹായിക്കണം ഒരു സിനിമ എടുത്തുപോയി , പുറത്തിറക്കാൻ വേറെ ഒരു വഴിയുമില്ലെന്ന് പറഞ്ഞു, അദ്ദേഹം ചോദിച്ചു 'നിങ്ങൾ എന്തുചെയ്യുന്നു'? എം ജി കോളജിൽ പ്രീഡിഗ്രിക്ക് പഠിക്കുവാണെന്ന ഞങ്ങളുടെ മറുപടി കേട്ട് അദ്ദേഹം ചിരിച്ചു, ഈ പ്രായത്തിലെ സിനിമയിലേക്ക് ഇറങ്ങിയോ എന്ന് ചോദിച്ചു... ഞങ്ങൾ പറഞ്ഞതെല്ലാം കേട്ടു, അതിന് ശേഷം പറഞ്ഞു 'ഞാൻ പുറത്തുനിന്നുള്ള ചിത്രങ്ങൾ എടുക്കാറില്ല'
ഞങ്ങൾ ചിത്രത്തിന്റെ പ്രിന്റ് കൊണ്ടുവന്നിട്ടുണ്ട്, അതൊന്നു കണ്ടുനോക്കുമോ , ഞാനും ലാലും അവസാന ശ്രമമെന്ന നിലയിൽ ചോദിച്ചു. 'ശരി പോയിട്ട് നാളെ വരൂ' എന്ന് പറഞ്ഞു രവിയേട്ടൻ... പിറ്റേദിവസം പോകാൻ പെട്രോൾ അടിക്കാൻ വീണ്ടും പണം കണ്ടെത്തണം, എങ്കിലും പോകാൻ തീരുമാനിച്ചു. പിറ്റേന്ന് രാവിലെ വീണ്ടും പോയി, കൊല്ലത്തെ അദ്ദേഹത്തിന്റെ തന്നെ തീയേറ്ററിൽ വച്ച് പ്രിന്റ് കണ്ടു, (കൽപ്പന തീയേറ്റർ ആണെന്നാണ് ഓർമ്മ) പക്ഷേ ഒരു പ്രശ്നമുണ്ട് , ചിത്രത്തിന്റെ ഡബ്ബിഗ് പൂർത്തിയായിട്ടില്ല, അതുകൊണ്ട് തന്നെ അദ്ദേഹത്തിന് സിനിമ കണ്ടിട്ട് ഒന്നും മനസിലാകുന്നില്ല.
ഞാനും ലാലും കരച്ചിലിന്റെ വക്കിൽ നിൽക്കുവാണ്, അദ്ദേഹം സഹായിച്ചില്ലെങ്കിൽ മുന്നിൽ മറ്റൊരു വഴിയില്ല
ഞാനും ലാലും ഷോട്ട് ബൈ ഷോട്ട് കഥ പറഞ്ഞു . (സെക്സ് എഡ്യൂക്കേഷനാണ് ചിത്രത്തിന്റെ പ്രമേയം. അവളുടെ രാവുകൾ എന്ന ചിത്രമൊക്കെ ഇറങ്ങിയ സമയമാണ്, അതിൽ നിന്ന് പ്രചോദമുൾകൊണ്ടാണ് തിരനോട്ടം എടുക്കുന്നത്. മന്ദബുദ്ധിയായ ഒരു കൗമാരക്കാരന്റെ വേഷമാണ് ലാലിന്, രവി കുമാറാണ് പ്രധാന വേഷത്തിൽ, എം ജി രാധാകൃഷ്ണനാണ് സംഗീതം, ഒഎൻവി ആണ് പാട്ടെഴുതിയിരിക്കുന്നത്) പറഞ്ഞുകൊടുത്ത കഥയും കേട്ട് സിനിമയും കണ്ട ശേഷം അദ്ദേഹം കുറേ നേരം ഞങ്ങളെ നോക്കി ചിരിച്ചു, എന്നിട്ട് ചോദിച്ചു 'പഠിക്കുന്ന ഈ പ്രായത്തിൽ നിങ്ങൾ ഇങ്ങനെയുള്ള സിനിമയൊക്കെ എടുത്താൽ ഓടുമോ ?
ഞാനും ലാലും കരച്ചിലിന്റെ വക്കിൽ നിൽക്കുവാണ്, അദ്ദേഹം സഹായിച്ചില്ലെങ്കിൽ മുന്നിൽ മറ്റ് വഴിയില്ല, 'എങ്ങനെയെങ്കിലും സഹായിക്കണം' ഞങ്ങൾ അപേക്ഷയുടെ സ്വരത്തിൽ പറഞ്ഞു. അദ്ദേഹം പറഞ്ഞു, എനിക്ക് ഈ സിനിമ എടുക്കാൻ ബുദ്ധിമുട്ടുണ്ട്, പകരം ഞാൻ ഒരാളെ പരിചയപ്പെടുത്തി തരാം. ആർ തിരുവെങ്കിടത്തെ പോയി കണ്ടാൽ മതി, ഞാൻ പറഞ്ഞോളാം' ( തിരുവെങ്കിടം അന്ന് മലയാള സിനിമയിലെ വലിയ വിതരണക്കാരൻ ആണ് )
അങ്ങനെ തിരുവെങ്കിടത്തെ പോയി കണ്ടു, സിനിമ പൂർത്തിയാക്കി, തിരുവെങ്കിടത്തിന്റെ തന്നെ കൊല്ലത്തെ കൃഷ്ണ തീയേറ്ററിൽ ചിത്രം റിലീസായി. ചിത്രത്തിന് A സർട്ടിഫിക്കറ്റാണ് ലഭിച്ചത്. രവിയേട്ടൻ സഹായിച്ചില്ലായിരുന്നെങ്കിൽ തിരനോട്ടം ഒരിക്കലും പുറം ലോകത്തെ കാണിക്കാനാകുമായിരുന്നില്ല. ആ നന്ദി ഞങ്ങൾക്ക് എന്നും അദ്ദേഹത്തോട് ഉണ്ട്.
തിരുനോട്ടത്തെ കുറിച്ച് ...
ആ സിനിമയുടെ ആദ്യ ഷോട്ട് തിരുവനന്തപുരം മുടവൻമുകളിലാണ് ചിത്രീകരിച്ചത്, ലാലിന്റെ ആദ്യ ഷോട്ട് , അതുതന്നെയായിരുന്നു ആ ചിത്രത്തിന്റെ ഓപ്പണിങ് സീനും. ഫസ്റ്റ് ഷോട്ട് ഫസ്റ്റ് ടേക്കിൽ തന്നെ ആ സീൻ ലാൽ ഓക്കെയാക്കി. ലാലിന്റെ ആദ്യ സിനിമ റിലീസായില്ലെന്ന വാദം ശരിയല്ല, തിരനോട്ടം കൊല്ലം കൃഷ്ണ തീയേറ്ററിലാണ് റിലീസ് ചെയ്തത്