ജെയിംസ് കാമറൂൺ ചിത്രം 'അവതാർ: ദ വേ ഓഫ് വാട്ടർ' ബോക്സ് ഓഫീസിൽ ചരിത്രം കുറിക്കുന്നു. ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്നായി വരുമാനം 2 ബില്യൺ ഡോളർ മറി കടന്നു. 2009-ലെ അവതാറിന് ശേഷം ബോക്സോഫീസിൽ ഏറ്റവുമധികം വരുമാനം നേടിയ ചിത്രമായി വാൾട്ട് ഡിസ്നിയുടെ അവതാർ: ദ വേ ഓഫ് വാട്ടർ മാറി. ഔദ്യോഗിക കണക്കുകൾ പ്രകാരം അമേരിക്ക, കാനഡ തിയേറ്ററുകളിൽ നിന്നായി ദി വേ ഓഫ് വാട്ടർ 19.7 മില്യൺ വരുമാനമാണ് നേടിയിരിക്കുന്നത്.
ആറാഴ്ചയോളം ബോക്സ് ഓഫീസിൽ ഒന്നാം സ്ഥാനം നില നിർത്തിയ കഴിഞ്ഞ വർഷം ഇറങ്ങിയ 'സ്‌പൈഡർമാൻ നോ വേ ഹോം' എന്ന ചിത്രത്തിന്റെ നേട്ടത്തെയാണ് അവതാർ മറി കടന്നിരിക്കുന്നത്. ഡിസംബർ 16ന് ആയിരുന്നു ചിത്രത്തിന്റെ റിലീസ്. 25 വർഷങ്ങൾക്ക് മുൻപ് 2 ബില്യൺ നേടിക്കൊണ്ട് ബോക്സ് ഓഫീസ് ഹിറ്റിൽ ഇടം നേടിയ മറ്റൊരു ചിത്രമാണ് ജെയിംസ് കാമറൂണിന്റെ ടൈറ്റാനിക്. നീണ്ട 15 ആഴ്ചകളാണ് ചിത്രം ബോക്സ് ഓഫീസിൽ ഒന്നാം സ്ഥാനത്ത് തുടർന്നത്. 2015 ൽ ഇറങ്ങിയ സ്റ്റാർ വാർസ് : എപ്പിസോഡ് 7 , അവഞ്ചേഴ്‌സ് ഇൻഫിനിറ്റി വാർ, അവഞ്ചേഴ്‌സ് എൻഡ് ഗെയിം എന്നിവയും റെക്കോർഡ് നേട്ടത്തിൽ എത്തിയ മറ്റ് ചിത്രങ്ങളാണ്.
സാം വർതിങ്ടൺ, സോ സൽദാന, സ്റ്റീഫൻ ലാങ്, മാട്ട് ജെറാൾഡ്, ക്ലിഫ് കർടിസ്, എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുക. കേറ്റ് വിൻസ്ലറ്റാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ടൈറ്റാനിക്കിന് ശേഷം ജെയിംസ് കാമറൂണും കേറ്റും ഒന്നിക്കുന്ന ചിത്രമാണ് 'അവതാർ 2'. ലൈറ്റ്‌സ്റ്റോം എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ 2000 കോടി രൂപ മുതൽ മുടക്കിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കാമറൂണിനൊപ്പം റിക്ക് ജാഫയും അമാൻഡ സിൽവറും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.