ചിദംബരം സംവിധാനം ചെയ്ത 'മഞ്ഞുമ്മല്‍ ബോയ്‌സിനെ' വിമര്‍ശിച്ച എഴുത്തുകാരന്‍ ജയമോഹന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. മഞ്ഞുമ്മല്‍ ബോയ്‌സിനെ കുറിച്ചെഴുതിയ 'വെറുപ്പിന്റെ വെളിപാട്' ഒരു ദയയും അര്‍ഹിക്കുന്നില്ലെന്നും ജയമോഹന് മനുഷ്യപ്പറ്റ് എന്ന മൂല്യത്തിലേക്കെത്താന്‍ പ്രകാശ വര്‍ഷങ്ങള്‍ സഞ്ചരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ജയമോഹനെ അഭിസംബോധന ചെയ്യുന്ന രീതിയിയില്‍ ഫെയ്‌സ്ബുക്കിലൂടെയാണ് വിമര്‍ശനം.
ജയമോഹന്റെ എഴുത്തിലെ അലോസരപ്പെടുത്തുന്ന പ്രത്യയശാസ്ത്ര സൂചനകളും പൊതുസംവാദങ്ങളില്‍ പലപ്പോഴും സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടിലെ വങ്കത്തങ്ങളെയും അദ്ദേഹത്തിന്റെ എഴുത്തിനെ വിലയിരുത്താനും വിമര്‍ശിച്ചില്ലാതാക്കാനുമുള്ള മാനകങ്ങളായി കാണുന്നില്ലെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
''കുടിച്ചു കുത്താടുന്ന പെറുക്കികള്‍' എന്നാണ് നിങ്ങള്‍ ആ സിനിമയിലെ കഥാപാത്രങ്ങളെ വിശേഷിപ്പിച്ചിരിക്കുന്നത്. പെറുക്കികള്‍ വെറുക്കപ്പെടേണ്ടവരാണെന്ന് സംശയമേതുമില്ലാതെ പ്രഖ്യാപിക്കുന്ന നിങ്ങള്‍ക്ക്, 'മനുഷ്യപ്പറ്റ്' എന്ന മൂല്യത്തിലേക്ക് പ്രകാശവര്‍ഷങ്ങള്‍ സഞ്ചരിക്കേണ്ടി വരും. സമൂഹത്തിന്റെ പുറമ്പോക്കുകളില്‍ ജീവിക്കുന്ന കുട്ടനും കൂട്ടുകാരും- ഒരു കയറിന്റെ രണ്ടറ്റങ്ങളില്‍ അവരുടെ ശരീരങ്ങള്‍ കെട്ടിയിട്ടപ്പോള്‍, അവരുടെ പെറുക്കിത്തരത്തിന്റെ നിസാരതകളില്‍ കാലൂന്നി നിന്നു കൊണ്ട് തന്നെ, അവര്‍ സ്‌നേഹത്തിന്റെ, സഖാത്വത്തിന്റെ, സഹനത്തിന്റെ അതിരുകളില്ലാത്ത ആകാശങ്ങളിലേക്ക് വളരുകയായിരുന്നു.
ഈ ചെറുപ്പക്കാര്‍ക്കു മുമ്പില്‍, സ്വാര്‍ത്ഥപുറ്റുകള്‍ക്കുള്ളിള്‍ സംതൃപ്ത ജീവിതം നയിക്കുന്ന നമ്മള്‍ ലജ്ജിച്ച് തലതാഴ്‌ത്തേണ്ടവരാണ്. കല ഇങ്ങനെയൊക്കെയാണ് നമ്മളെ ശുദ്ധീകരിക്കുന്നത്. ഈ പെറുക്കികള്‍ മദ്യപിക്കുന്നതും, പൊട്ടിച്ചിരിക്കുന്നതും, കെട്ടിപ്പിടിക്കുന്നതും, നൃത്തം വെയ്ക്കുന്നതും, തല്ലു പിടിക്കുന്നതും നിങ്ങളെ ഭ്രാന്തുപിടിപ്പിക്കുന്നുണ്ടെങ്കില്‍, ജയമോഹന്‍ നിങ്ങള്‍ക്ക് നിങ്ങളെ നഷ്ടമായിരിക്കുന്നു', -ബി ഉണ്ണികൃഷ്ണന്‍ പറയുന്നു.
മലയാള സിനിമയുടെ കേന്ദ്രബിന്ദു മയക്കുമരുന്നിനടിമകളായ എറണാകുളത്തെ ചെറുപ്പക്കാരാണെന്ന ജയമോഹന്റെ പരാമര്‍ശം വസ്തുതകള്‍ വെളിപ്പെടുത്തി വിശദീകരിക്കണമെന്നും ഉണ്ണികൃഷ്ണന്‍ പറയുന്നു. എറണാകുളത്ത് ഗംഭീര സിനിമകളുണ്ടാക്കുന്ന മിടുമിടുക്കന്മാരുണ്ടെന്നും അവരുടെ ലഹരി സൗഹൃദവും സിനിമയുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മറ്റ് ഭാഷകളിലെ സിനിമകളേയും ചലച്ചിത്രകാരന്മാരെയും ആദരവോടെ കാണുന്നതാണ് തങ്ങളുടെ ചലച്ചിത്ര സംസ്‌കാരമെന്നും 'ഗുണ' എന്ന സിനിമയ്ക്കും, കമലഹാസനും, ഇളയരാജയ്ക്കും ചിദംബരമെന്ന യുവാവും അയാളുടെ സുഹൃത്തുക്കളും നല്‍കിയ ട്രിബ്യൂട്ട് പോലും, നിങ്ങളുടെ കണ്ണിലെ വെറുപ്പിന്റെ ഇരുട്ടില്‍ തെളിഞ്ഞു കാണുന്നില്ലെന്നും ഉണ്ണികൃഷ്ണന്‍ വിമര്‍ശിച്ചു. പോലീസ് ആളുകളെ തല്ലച്ചതയ്ക്കണമെന്ന് ഒരു മടിയും കൂടാതെ പറയുന്ന ജയമോഹന്‍ ലക്ഷണമൊത്ത ഒരു ഫാസിസ്റ്റായി മാറിക്കഴിഞ്ഞിരിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'മഞ്ഞുമ്മല്‍ ബോയ്സ്- കുടികാര പൊറുക്കികളിന്‍ കൂത്താട്ടം' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ബ്ലോഗിലാണ് ജയമോഹന്‍ സിനിമയെയും കേരളത്തെയും കുറിച്ചുള്ള അഭിപ്രായങ്ങള്‍ പങ്കുവെച്ചത്. മലയാളികള്‍ വിനോദ സഞ്ചാരത്തിനായി പോകുന്നത് മദ്യപിക്കാനും ഓക്കാനിക്കാനും ഛര്‍ദ്ദിക്കാനും കടന്നുകയറാനും വീഴാനും ഒക്കെ വേണ്ടിയാണ്, അവര്‍ക്ക് സാമാന്യ ബോധമോ സാമൂഹികബോധമോ തൊട്ട് തീണ്ടിയിട്ടില്ല എന്ന് ജയമോഹന്‍ പറയുന്നു. മഞ്ഞുമ്മല്‍ ബോയ്‌സ് അലോസരപ്പെടുത്തിയെന്നും മറ്റ് മലയാള ചിത്രങ്ങളെ പോലെ ലഹരി ആസക്തിയെ സാമാന്യവത്കരിക്കുന്ന ചിത്രമാണെന്നും ബ്ലോഗില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
മലയാളികളായ മദ്യപാനികള്‍ പൊതുനിരത്തില്‍ മോശമായി പെരുമാറുന്നത് ഊട്ടിയിലും കൊടൈക്കനാലിലും കുറ്റാലത്തും കണ്ടിട്ടുണ്ട്. അവര്‍ക്ക് മലയാളം മാത്രമാണ് അറിയുക. മറ്റുള്ളവര്‍ അവരുടെ ഭാഷ അറിയണം എന്ന തരത്തിലായിരിക്കും അവരുടെ പ്രതികരണം. കേരളത്തില്‍ കല്യാണത്തില്‍ പങ്കെടുക്കുക എന്നത് പോലും വെല്ലുവിളിയാണ്. ഏത് കല്യാണത്തിനും ഈ മദ്യപസംഘങ്ങളെ കാണാം. വിവാഹച്ചടങ്ങില്‍ വരന്‍ തന്നെ ഛര്‍ദ്ദിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ടെന്നും മലയാളികളെ അടച്ചാക്ഷേപിച്ച് മോഹനന്‍ പറയുന്നുണ്ട്. ഇതിനെതിരെയാണ് ഇപ്പോള്‍ ഉണ്ണികൃഷ്ണന്‍ രംഗത്തെത്തിയിരിക്കുന്നത്.