ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഷാരൂഖ് ചിത്രം പഠാനെതിരെ വീണ്ടും ഭീഷണിയുമായി ബജറംഗ് ദൾ. ചിത്രം ഗുജറാത്തിൽ റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്ന് ബജറംഗ് ദൾ പ്രവർത്തകർ. സെൻസർ ബോർഡ് നിർദേശിച്ച ഭേദഗതികളോടെയുള്ള പതിപ്പാണ് റിലീസിനൊരുങ്ങുന്നതെങ്കിലും ചിത്രം ഗുജറാത്തിൽ പ്രദർശിപ്പിക്കില്ലെന്നും സംഘടനാ പ്രവർത്തകർ പറയുന്നു. സെൻസർ ബോർഡ് എന്തു പറയുന്നു എന്നത് കാര്യമാക്കുന്നില്ലെന്നാണ് ബജറംഗ് ദൾ നിലപാട്
ഗുജറാത്തിൽ ചിത്രം പ്രദർശിപ്പിക്കുമെന്ന് അറിയിച്ചിരുന്ന മാളിനെതിരെ ആക്രമണമുണ്ടായി. ചിത്രത്തിന്റെ പോസ്റ്ററുകളും ഫ്ലക്സ് ബോർഡുകളും ഗുജറാത്തിൽ വ്യാപകമായി നശിപ്പിക്കപ്പെട്ടിട്ടുണ്ട്.
ബജറംഗ് ദൾ പ്രവർത്തകരുടെ ഭീഷണിക്കെതിരെ ചലച്ചിത്ര സംവിധായകൻ അശോക് പണ്ഡിറ്റ് രംഗത്തെത്തി . ബജറംഗ് ദൾ നിലപാട് അപലപനീയമാണെന്നും ചിത്രത്തിനെതിരെ പരാതിയുള്ളവർ കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഒരു ജനാധിപത്യ രാജ്യത്ത് സെൻസർ ബോർഡ് അനുമതി നൽകിയ ചിത്രം പ്രദർശിപ്പിക്കാൻ നിർമ്മാതാവിനും സംവിധായകനും അവകാശമുണ്ട് . സംസ്ഥാന സർക്കാർ കർശന നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അശോക് പണ്ഡിറ്റ് പറഞ്ഞു
പഠാനിലെ ബേഷരം രംഗ് എന്ന ഗാനരംഗത്തില്‍ ദീപിക പദുക്കോൺ ധരിച്ച കാവി വസ്ത്രത്തെ ചൊല്ലിയാണ് വിവാദം ആരംഭിച്ചത്. ഹിന്ദുമതത്തെ അവഹേളിച്ചെന്നും മതവികാരം വൃണപ്പെടുത്തിയെന്നുമായിരുന്നു ആരോപണം. വിവാദ രംഗങ്ങൾ മാറ്റിയില്ലെങ്കിൽ ചിത്രം റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്നായിരുന്നു ബിജെപി നിലപാട്. അതേസമയം പഠാൻ എന്ന് പേരിട്ട സിനിമയിലെ ഗാനരംഗങ്ങൾ മുസ്ലീം വിഭാഗത്തെ അധിക്ഷേപിക്കുന്നതാണ് ആരോപിച്ച് മധ്യപ്രദേശ് ഉലമ ബോർഡും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സെൻസർ ബോർഡ് ഭേദഗതികൾ നിർദേശിച്ചത്. സെൻസർ ബോർഡ് അംഗീകാരം നൽകിയ ഭേദഗതികളോടെയുള്ള പുതിയ പതിപ്പ് റിലീസിനൊരുങ്ങുന്നതിനിടെയാണ് വീണ്ടും ഭീഷണി
ഷാരൂഖ് ഖാനെ നായകനായി സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പഠാൻ. യഷ് രാജ് ഫിലിംസാണ് നിർമ്മാതാക്കൾ . യഷ് രാജിന്റെ സ്പൈ യൂണിവേഴ്സ് സിനിമാറ്റിക് വേൾഡിൽ ഒരുങ്ങുന്ന ആദ്യ ചിത്രം കൂടിയാണ് പഠാൻ. ജനുവരി 25 നാണ് ചിത്രം തീയേറ്ററുകളിലെത്തുക. നാലു വർഷത്തിന് ശേഷം തീയേറ്ററിലെത്തുന്ന ഷാരൂഖ് ചിത്രം കൂടിയാണ് പഠാൻ