ENTERTAINMENT

സിനിമക്കാരുടെ സ്വന്തം ബാലേട്ടന്‍; വിടവാങ്ങിയത് മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളുടെ നിര്‍മാതാവ്

1982 ലാണ് ഗാന്ധിമതി ബാലന്‍ നിര്‍മാണരംഗത്തെത്തുന്നത്

വെബ് ഡെസ്ക്

വാണിജ്യവിജയം മാത്രം ലക്ഷ്യമിട്ട ചലച്ചിത്ര നിര്‍മാതാവായിരുന്നില്ല ഗാന്ധിമതി ബാലന്‍. തികഞ്ഞ ചലച്ചിത്രപ്രേമിയായ അദ്ദേഹം കലാമൂല്യത്തിനു പ്രാധാന്യമുള്ള ചിത്രങ്ങള്‍ നിര്‍മിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ച് അതില്‍ വിജയിച്ച അപൂര്‍വം നിര്‍മാതാക്കളില്‍ ഒരാളായിരുന്നു. ആദ്യ സിനിമയായ 'ഇത്തിരി നേരം ഒത്തിരി കാര്യം' മുതലുള്ള ചിത്രങ്ങള്‍ അതിന് തെളിവ്.

ഇത്തിരി നേരം ഒത്തിരി കാര്യം, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, മൂന്നാം പക്കം, തൂവാനത്തുമ്പികള്‍, സുഖമോ ദേവി, മാളൂട്ടി, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, ഈ തണുത്ത വെളുപ്പാന്‍ കാലത്ത്, ഇരകള്‍, പത്താമുദയം തുടങ്ങിയ മുപ്പതിലേറെ ചിത്രങ്ങളുടെ നിര്‍മാണവും വിതരണവും അദ്ദേഹം നിര്‍വഹിച്ചു. എന്നാല്‍ പണം മുടക്കുന്നവന് സിനിമയില്‍ വിലയില്ലാതായെന്ന തിരിച്ചറിവിലാണ് അദ്ദേഹം നിര്‍മാതാവിന്റെ പട്ടം അഴിച്ചുവെച്ചത്.

സിനിമക്കാരുടെയെല്ലാം ബാലേട്ടനായ ഗാന്ധിമതി ബാലന്‍ ചലച്ചിത്ര അക്കാദമി മുന്‍ വൈസ് ചെയര്‍മാനാണ്. മലയാളം സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മ രൂപീകരിക്കുന്നതിന് നേതൃത്വം നല്‍കിയ ബാലന്‍ അമ്മ ഷോ എന്ന പേരില്‍ നിരവധി താരനിശകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

ഗാന്ധിമതി ബാലനും മോഹന്‍ലാലും

1982 ലാണ് നിര്‍മാണരംഗത്തെത്തുന്നത്. ബാലചന്ദ്രമേനോന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഇത്തിരി നേരം ഒത്തിരി കാര്യം എന്ന ചിത്രത്തിലൂടെയായിരുന്നു അത്. സ്ഫടികം, കിലുക്കം എന്നീ വമ്പന്‍ സിനിമകളുടെ നിര്‍മാണച്ചുമതലകള്‍ക്ക് നേതൃത്വം നല്‍കിയതും ഗാന്ധിമതി ബാലനായിരുന്നു.

എന്തുകൊണ്ട് സിനിമ നിര്‍മാണം അവസാനിപ്പിച്ചുവെന്ന ചോദ്യത്തിന്, 'സിനിമയില്‍ നിര്‍മാതാവിന് വില ഇല്ലാതായി, നിര്‍മാതാവ് വെറും പണം മുടക്കുന്ന ചാക്ക് മാത്രമായി അധപ്പതിച്ചു' എന്നായിരുന്നു ഗാന്ധിമതി ബാലന്‍ പറഞ്ഞ മറുപടി.

മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം ഗാന്ധിമതി ബാലൻ

ഒരു കാലത്ത് മോഹന്‍ലാലിനെയും മമ്മൂട്ടിയേയും വെച്ച് ഒരേ പോലെ ഏറ്റവും കൂടുതല്‍ സിനിമ ചെയ്ത നിര്‍മാതാവായിരുന്നു. അനശ്വര സംവിധായകന്‍ പത്മരാജന്റെ കൂടെയാണ് ബാലന്‍ ഏറ്റവും കൂടുതല്‍ പടങ്ങള്‍ ചെയ്തത്. ഒപ്പം ഒരു മുറിയില്‍ കിടന്ന് ഉറങ്ങിയിരുന്ന പദ്മരാജന്റെ ആകസ്മിക മരണവും ഗാന്ധിമതി ബാലന്‍ സിനിമയില്‍നിന്ന് പിന്‍വാങ്ങാന്‍ കാരണമായി. തിരുവനന്തപുരത്തെ ധന്യ, രമ്യ തിയേറ്റര്‍ ഉടമയായിരുന്നു.

മമ്മൂട്ടിയും ഗാന്ധിമതി ബാലനും

ഗാന്ധിമതി എന്നത് ബാലന്റെ അമ്മയ്ക്ക് മഹാത്മാ ഗാന്ധി നല്‍കിയ പേരായിരുന്നു. അമ്മയുടെ പേര് സ്വന്തം പേരിനു മുന്നില്‍ ചേര്‍ത്ത് വലിയൊരു ബ്രാന്‍ഡായി ബാലന്‍ വളര്‍ത്തി. സാഹിത്യ, സാമൂഹിക, സാംസ്‌കാരിക വേദികളിലും നിറസാന്നിധ്യമായിരുന്ന അദ്ദേഹം പ്ലാന്റേഷന്‍, റിയല്‍ എസ്റ്റേറ്റ് ബിസിനസുകളിലും സജീവമായിരുന്നു.

ജനിച്ചതും വളര്‍ന്നതും പത്തനംതിട്ട ഇലന്തൂരിലായിരുന്നെങ്കിലും നാല്‍പത് വര്‍ഷത്തിലേറെയായി തിരുവനന്തപുരത്തായിരുന്നു താമസം. റോട്ടറി ഉള്‍പ്പടെ നിരവധി സാമൂഹിക മേഖലകളില്‍ പ്രവര്‍ത്തിച്ച ബാലന്‍ വലിയ സുഹൃത്ത് വലയത്തിനും ഉടമയായിരുന്നു.

അതിശക്തരായി സതീശനും ഷാഫിയും; ചോദ്യം ചെയ്യപ്പെടുക കെ സുരേന്ദ്രന്റെ നേതൃത്വത്തെ, രാഷ്ട്രീയ നേട്ടംകൊയ്ത് സന്ദീപ്, പാലക്കാട് നല്‍കുന്ന ഉത്തരങ്ങള്‍

മഹാരാഷ്ട്രയില്‍ ചരിത്രവിജയവുമായി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ മുന്നണി | Maharashtra Jharkhand Election Results Live

പാലക്കാട് ബിജെപി കോട്ടകള്‍ തകര്‍ന്നതെങ്ങനെ? എല്‍ഡിഎഫുമായുള്ള വ്യത്യാസം 2071 വോട്ടുകള്‍ മാത്രം

കലയും ചരിത്രാന്വേഷണവും

രാഹുലിന് വന്‍ ഭൂരിപക്ഷം, വിജയം 18,806 വോട്ടുകൾക്ക്, പ്രിയങ്കയുടെ ഭൂരിപക്ഷം 408036 | Wayanad Palakkad Chelakkara Election Results Live