ഗ്രെറ്റ ഗെർവിഗിന്റെ ഫാന്റസി കോമഡി ചിത്രം ബാർബിക്ക് കുവൈറ്റിൽ നിരോധനം. മോശം പെരുമാറ്റം പ്രോത്സാഹിപ്പിക്കുകയും സാമൂഹിക മൂല്യങ്ങളെ വളച്ചൊടിക്കുകയും ചെയ്യുന്ന തരത്തിലുള്ള ആശയങ്ങളാണ് സിനിമയിലുള്ളതെന്ന് ഫിലിം സെൻസർഷിപ്പ് കമ്മിറ്റി ചെയർമാൻ ലാഫി അൽ സുബൈ ആരോപിച്ചു. ഇതോടെ ചിത്രത്തിന് നിരോധനം ഏർപ്പെടുത്തുന്ന രണ്ടാമത്തെ രാജ്യമായി കുവൈറ്റ്. നേരത്തെ വിയറ്റ്നാമിൽ ചിത്രത്തിന് വിലക്ക് നേരിട്ടിരുന്നു.
ലെബനനിലും ബാർബിക്ക് വിലക്കേർപ്പെടുത്താൻ സാധ്യതയുണ്ട്. സ്വവർഗരതിയെ പ്രോത്സാഹിപ്പിക്കുകയും വിശ്വാസത്തിന്റെയും ധാർമ്മികതയുടെയും മൂല്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്യുന്ന ചിത്രമാണ് ബാർബിയെന്ന് ലെബനൻ സാംസ്കാരിക മന്ത്രി മുഹമ്മദ് മൊർതാഡ വ്യക്തമാക്കി. ഇത്തരം ചിത്രങ്ങൾ കുടുംബത്തിന്റെ മൂല്യങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം യുഎയിലെ തീയേറ്ററുകളിൽ ബാർബി ഇന്ന് പ്രദർശനത്തിനെത്തും. പക്ഷെ പതിനഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനമില്ല.
വ്യത്യസ്തമായ പ്രതികരണങ്ങൾ ഉണ്ടായിട്ടും ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നായി ബാർബി റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ്. മാര്‍ഗോട്ട് റോബിയും റയാന്‍ ഗോസ്‌ലിങുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ജൂലൈ 21ന് ആണ് ചിത്രം തീയേറ്ററുകളിൽ എത്തിയത്.
ബാര്‍ബി പാവകളെ നിര്‍മിക്കുകയും വില്‍ക്കുകയും ചെയ്യുന്ന ടോയ് നിര്‍മ്മാതാക്കളായ മാറ്റല്‍ ഇന്‍കോര്‍പ്പറേഷന്റെ പങ്കാളിത്തത്തോടെയാണ് ചിത്രം നിര്‍മിച്ചത്.
ആദ്യ വാരം അമേരിക്കയിലും കാനഡയിലും നിന്ന് മാത്രം 155 മില്യൺ ഡോളറാണ് (1270 കോടി) ചിത്രം നേടിയത്. പ്രദർശനത്തിനെത്തി മൂന്നാംവാരം നൂറ് കോടി ഡോളര്‍ ക്ലബ് മറികടന്നിരിക്കുകയാണ് ബാർബി. 2023ൽ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ബാര്‍ബി.
ഒരു വനിതാ സംവിധായകയുടെ ചിത്രം നൂറ് കോടി ഡോളർ ക്ലബ്ബിലെത്തുക എന്ന ചരിത്രനേട്ടം ബാർബിയിലൂടെ ഗ്രെറ്റ ഗെർവിഗ് സ്വന്തമാക്കി. ഇതോടെ ലോകമെമ്പാടും നിന്നുള്ള കളക്ഷൻ 103 കോടി ഡോളർ പിന്നിട്ടു.