ENTERTAINMENT

ജവാനിലൂടെ അഴിമതി നിറഞ്ഞ യുപിഎ ഭരണം തുറന്നുകാട്ടി; ഷാരൂഖ് ഖാനെ അഭിനന്ദിച്ച് ബിജെപി

നരേന്ദ്രമോദി സർക്കാരിനെതിരെയുളള സിനിമയിലെ വിമർശനങ്ങളെ പരാമർശിക്കാതെയാണ് ബിജെപിയുടെ അഭിനന്ദനം എന്നതും ശ്രദ്ധേയമാണ്.

എന്റർടെയ്ൻമെന്റ് ഡെസ്ക്

അറ്റ്ലീ സംവിധാനം ചെയ്ത ഷാരൂഖ്-നയൻതാര ചിത്രം ‘ജവാൻ’ തീയേറ്ററുകളിൽ റെക്കോ‍ർഡ് സൃഷ്ടിച്ച് മുന്നേറുകയാണ്. ഏറെ പ്രശംസ പിടിച്ചുപറ്റിയ സിനിമ രാഷ്ട്രീയപരമായും ചർച്ചയാവുകയാണ്. ജവാനിലൂടെ 'അഴിമതി നിറഞ്ഞ കോൺഗ്രസ് ഭരണം' തുറന്നുകാട്ടിയതിന് ഷാരൂഖ് ഖാന് നന്ദി പറഞ്ഞിരിക്കുകയാണ് ബിജെപി. നരേന്ദ്രമോദി സർക്കാരിനെതിരെയുളള സിനിമയിലെ വിമർശനങ്ങളെ പരാമർശിക്കാതെയാണ് ബിജെപിയുടെ അഭിനന്ദനം എന്നതും ശ്രദ്ധേയമാണ്.

ഈ ചിത്രം കോൺഗ്രസിന്റെ 10 വർഷത്തെ അഴിമതിയും നയങ്ങളിലെ വീഴ്ചയും നിറഞ്ഞ ഭരണത്തെ തുറന്നുകാട്ടുന്നുവെന്ന് ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞു. 2004 മുതല്‍ 2014 വരെ അങ്ങേയറ്റത്തെ മോശം ഭരണമായിരുന്നു. അത് ജവാനിലൂടെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാണിക്കപ്പെട്ടിരിക്കുകയാണെന്നും ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ച് ഭാട്ടിയ കുറിച്ചു.

യുപിഎ സർക്കാരിന്റെ കാലത്തെ ദുരന്തപൂർണമായ രാഷ്ട്രീയ ഭൂതകാലത്തെക്കുറിച്ച് സിനിമ എല്ലാ പ്രേക്ഷകരെയും ഓർമിപ്പിക്കുന്നുവെന്നും ഭാട്ടിയ പറഞ്ഞു. കൂടാതെ, 2009 നും 2014 നും ഇടയിൽ രണ്ടാം യുപിഎ സർക്കാരിന്റെ കാലത്തുനടന്ന സിഡബ്ല്യുജി, 2 ജി, കോൾഗേറ്റ് (കൽക്കരി വിതരണ കുംഭകോണം) എന്നിവയുൾപ്പെടെയുളള നിരവധി ആരോപണവിധേയമായ അഴിമതികളെയും ഗൗരവ് ഭാട്ടിയ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒൻപതര വർഷമായി ഒരു അഴിമതിയും കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള സർക്കാർ ഒരു ക്ലീൻ റെക്കോർഡ് നിലനിർത്തിയെന്നും അദ്ദേഹം പറഞ്ഞു.

ഷാരൂഖ് ഖാൻ പറയുന്നതുപോലെ 'ഞങ്ങൾ ചെറുപ്പമാണ്, ആയിരം തവണ ജീവൻ പണയപ്പെടുത്താം, പക്ഷേ രാജ്യത്തിന് വേണ്ടി മാത്രം; നിങ്ങളെപ്പോലുള്ള കച്ചവടക്കാർക്ക് അത് ആവശ്യമില്ല', എന്നത് ഗാന്ധി കുടുംബത്തിന് ഇത് വളരെ അനുയോജ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺ​ഗ്രസിന്റെ ഭരണകാലത്ത് 1.6 ലക്ഷം കർഷകരെങ്കിലും ആത്മഹത്യ ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ എൻഡിഎ സർക്കാർ മിനിമം താങ്ങുവില (എംഎസ്പി) നടപ്പാക്കിയപ്പോൾ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയിലൂടെ 11 കോടി കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് 2.55 ലക്ഷം കോടി രൂപ എത്തിയെന്നും അദ്ദേ​ഹം അവകാശപ്പെട്ടു.

നേരത്തെ, ജവാനിലൂടെ ഗൊരഖ്പൂർ സംഭവം വീണ്ടും ചർച്ചയാക്കിയതിന് നന്ദി പറഞ്ഞുകൊണ്ടുളള ഡോ. കഫീൽ ഖാന്റെ കുറിപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു. സിനിമയുടെ നിർമാതാക്കൾക്കും ഷാരൂഖ് ഖാനും അറ്റ്‌ലീക്കും നന്ദി പ്രകടിപ്പിച്ചുകൊണ്ടുളള കഫീൽ ഖാന്റെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. താൻ സിനിമ കണ്ടിട്ടില്ലെന്നും എന്നാൽ സിനിമ കണ്ട ധാരാളം പേർ തന്നെ ഓർത്തുവെന്നും പറഞ്ഞ് മെസ്സേജ് അയക്കുന്നുണ്ടെന്നായിരുന്നു എന്നാണ് കഫീൽ ഖാൻ എക്സിലൂടെ പങ്കുവച്ചത്.

സിനിമാ ലോകവും യഥാർത്ഥ ജീവിതവും തമ്മിൽ ഒരുപാട് വ്യത്യാസങ്ങളുണ്ടെന്നും സിനിമയിൽ കുറ്റവാളികളായവർ ശിക്ഷിക്കപ്പെടുന്നുവെന്നും എന്നാൽ, ഇവിടെ താനും ആ 81 കുടുംബങ്ങളും ഇപ്പോഴും നീതി തേടുകയാണെന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യങ്ങൾ പരാമർശിക്കാതെയാണ് ബിജെപിയുടെ കോൺഗ്രസിനെതിരെയുളള പരാമർശം.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം