ENTERTAINMENT

മിന്നും തിളക്കത്തിൽ ആടുജീവിതം; പുരസ്‌കാരം സിനിമയ്ക്കു കിട്ടിയ അംഗീകാരമെന്ന് പൃഥ്വിരാജ്, ഗോകുലിന്റെ നേട്ടം സന്തോഷിപ്പിച്ചുവെന്ന് ബ്ലെസി

ആടുജീവിതം സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ ജനപ്രിയ ചിത്രം ഉൾപ്പെടെ ഒൻപതു പുരസ്‌കാരങ്ങളാണ് സ്വന്തമാക്കിയത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

ആടുജീവിതത്തിലെ പ്രകടനത്തിനു ലഭിച്ച മികച്ച നടനുള്ള പുരസ്കാരം സിനിമയുടെ ഭാഗമായ എല്ലാവർക്കും കിട്ടിയ അംഗീകാരമെന്ന് പൃഥ്വിരാജ്. ചിത്രത്തിനു ലഭിക്കുന്ന ഓരോ അംഗീകാരവും ആ ടീം ആ സിനിമയോട് അത്രയും സ്നേഹത്തോടെയും അർപ്പണബോധത്തോടെയും ഒരുപാട് വർഷം ഒരുമിച്ച് പ്രവർത്തിച്ചതിന്റെ അന്തിമഫലമാണെന്നും പൃഥ്വിരാജ് പറഞ്ഞു.

ആടുജീവിതത്തിൽ നജീബ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ് പൃഥ്വിരാജിന് മികച്ച നടനുള്ള 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത്.

മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയ ബ്ലെസിയുടെ പുരസ്‌കാര നേട്ടത്തിൽ ഏറെ സന്തോഷവാനാണെന്നും പൃഥ്വിരാജ് പറഞ്ഞു. " ഞാൻ ഏറ്റവും സന്തോഷിക്കുന്നത് ബ്ലെസിച്ചേട്ടന് ലഭിച്ച അംഗീകാരത്തിനാണ്. അദ്ദേഹം മാറ്റിവെച്ച 16 വർഷമാണ് ആടുജീവിതം യാഥാർഥ്യമാക്കിയത്. ഏറ്റവും വലിയ അംഗീകാരം ചിത്രം തിയേറ്ററിലെത്തിയപ്പോൾ പ്രേക്ഷകർ തന്ന സ്നേഹമാണ്. അസാധ്യമെന്ന് കരുതിയ സ്വപ്നമായിരുന്നു ആടുജീവിതം. അതുകഴിഞ്ഞ് ഇപ്പോൾ അംഗീകാരങ്ങൾ തേടിയെത്തുമ്പോൾ വലിയ സന്തോഷം. എല്ലാവർക്കും ഒരുപാടൊരുപാട് നന്ദി," പൃഥ്വിരാജ് പറഞ്ഞു.

പ്രധാനപ്പെട്ട വിഭാഗങ്ങൾ ഉൾപ്പടെയുള്ള ആടുജീവിതത്തിന്റെ പുരസ്‌കാര നേട്ടങ്ങളിൽ സന്തോഷമുണ്ടെന്ന് ബ്ലെസി പറഞ്ഞു. "മികച്ച നടൻ, മികച്ച ഛായാഗ്രഹണം, മികച്ച അവലംബിത തിരക്കഥ തുടങ്ങിയ പ്രധാന പുരസ്‌കാരങ്ങൾ ആടുജീവിതത്തിന് ലഭിച്ചതിൽ സന്തോഷമുണ്ട്. ഏറ്റവും സന്തോഷം തരുന്നത് ഗോകുലിന് സ്പെഷ്യൽ ജൂറി പരാമർശമുണ്ട് എന്നതിലാണ്. വളരെ മികച്ച പ്രകടനം നടത്തിയ ഗോകുലിനെ ഈ പുരസ്കാരത്തിന് പരിഗണിച്ചതാണ് ഏറ്റവും മനോഹരമായ കാര്യം. അവാർഡിനേക്കാളും ചിത്രം പ്രേക്ഷകരോട് എത്രത്തോളം ശക്തമായി സംവദിക്കുന്നുവെന്നതിനാണ് പ്രാധാന്യം നൽകിയത്. ഏറെ വായിക്കപ്പെട്ട, 43 അധ്യായങ്ങളിൽ കിടക്കുന്ന, നിങ്ങളുടെ എല്ലാവരുടെയും മനസ്സിൽ മികച്ച ദൃശ്യങ്ങൾ തീർത്തിട്ടുള്ള കഥയാണ് ആടുജീവിതം. അതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി," ബ്ലെസി ചൂണ്ടിക്കാട്ടി.

ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ ജനപ്രിയ ചിത്രം ഉൾപ്പെടെ ഒൻപതു പുരസ്‌കാരങ്ങളാണ് നേടിയത്. ചിത്രത്തിൽ ഹക്കീം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കെ ആർ ഗോകുലിനു അഭിനയത്തിനുള്ള പ്രത്യേക പരാമർശം ലഭിച്ചിരുന്നു.

മികച്ച നടിയായി ഉർവശിയും ബീന ആർ ചന്ദ്രനും തിരഞ്ഞെടുക്കപ്പെട്ടു. ഉള്ളൊഴുക്കിലെ അഭിനയത്തിനാണ് ഉർവശിക്ക് അംഗീകാരം, തടവിലെ പ്രകടനത്തിനാണ് ബീന ആർ ചന്ദ്രന് പുരസ്കാരം. മികച്ച ചിത്രമായി ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ ദ കോർ തിരഞ്ഞെടുക്കപ്പെട്ടു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ