ENTERTAINMENT

'ആടുജീവിതം' വ്യാജ പതിപ്പിനെതിരെ പരാതിയുമായി ബ്ലെസി; ഒരാള്‍ കസ്റ്റഡിയില്‍

എറണാകുളം സൈബര്‍ സെല്ലിലാണ് ചിത്രത്തിന്റെ സംവിധായകന്‍ ബ്ലെസി പരാതി നല്‍കിയത്.

എന്റർടെയ്ൻമെന്റ് ഡെസ്ക്

ആടുജീവിതം സിനിമയുടെ വ്യാജപതിപ്പ് സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒരാളെ കസ്റ്റഡിയിലെടുത്ത് ചെങ്ങന്നൂര്‍ പോലീസ്. തീയേറ്ററില്‍നിന്ന് ചിത്രം ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചെന്നാണ് ആരോപണത്തില്‍ തിയേറ്റര്‍ ഉടമയുടെ പരാതിയിലാണ് നടപടി. കസ്റ്റഡിയിലെടുത്ത ആള്‍ ആരോപണം നിഷേധിക്കുകയും താന്‍ വീഡിയോകോള്‍ ചെയ്യുകയായിരുന്നെന്ന് മൊഴിയും നല്‍കിയിട്ടുണ്ട്. ദൃശ്യം ഫോണില്‍ കാണുന്നില്ലെന്നും ഫോണ്‍ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും പോലീസ് അറിയിച്ചു.

സിനിമയുടെ വ്യാജപതിപ്പ് പ്രചരിക്കുന്നതിനെതിരെ ചിത്രത്തിന്റെ സംവിധായകന്‍ ബ്ലെസി എറണാകുളം സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരുന്നു. നവമാധ്യമങ്ങളിലടക്കം തല്‍പരകക്ഷികള്‍ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നെന്നും സിനിമയ്ക്ക് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നവര്‍ക്കെതിരെ നടപടി വേണമെന്നും പരാതിയില്‍ പറയുന്നു. വ്യാജപതിപ്പ് പ്രചരിപ്പിച്ചവരുടെ മൊബൈല്‍ സ്‌ക്രീന്‍ഷോട്ടുകളും ചിത്രം തിയേറ്ററില്‍നിന്ന് പകര്‍ത്തിയ ആളുടെ ഫോണ്‍ സംഭാഷണവും സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്.

ചിത്രം തിയേറ്ററില്‍ പകര്‍ത്താന്‍ ശ്രമിച്ച യുവാവിനെതിരെ ചെങ്ങന്നൂര്‍ സ്റ്റേഷനില്‍ സീരിയല്‍ നടിയും യുട്യൂബറുമായ ആലീസ് ക്രിസ്റ്റിയും നല്‍കിയിരുന്നു.

തിയേറ്ററുടമകളോട് പരാതിപ്പെട്ടിട്ടും പ്രത്യേകിച്ച് ഗുണമുണ്ടായില്ലെന്നും തിയേറ്ററുമായി ബന്ധപ്പെട്ട ആളുകളാണോ ഇതിനു പിന്നിലെന്ന് സംശയിക്കുന്നതായും തന്‌റെ യുട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയില്‍ ആലീസ് ക്രിസ്റ്റി പറയുന്നു. കാരണം അത്രത്തോളം സീരിയസായി താന്‍ കാര്യം അവതരിപ്പിച്ചിട്ടും തിയേറ്ററുമായി ബന്ധപ്പെട്ട ആളുകളാരും അയാളുടെ പ്രവൃത്തിയെ ചോദ്യം ചെയ്യാന്‍ വന്നില്ല. സിനിമ കഴിഞ്ഞ് ഇറങ്ങിയശേഷം തിയേറ്ററുമായി ബന്ധപ്പെട്ട ആളോട് സംസാരിച്ചപ്പോഴും ഭാവവ്യത്യാസം ഉണ്ടായില്ലെന്നും പരാതിപ്പെട്ടിട്ടും പുല്ലുവിലയാണ് നല്‍കിയതെന്നും ആലീസ് ക്രിസ്റ്റി വീഡിയോയില്‍ പറയുന്നു. വീഡിയോ റെക്കോര്‍ഡ് ചെയ്ത ആളുടെ വണ്ടി നമ്പര്‍ അടക്കമാണ് ചെങ്ങന്നൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്.

ഇന്നലെ തിയേറ്ററുകളിലെത്തിയ ആടുജീവിതം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുമ്പോഴാണ് വ്യാജപതിപ്പ് ഇറക്കി ചിത്രത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്നത്. റിലീസിന് ഒരു ദിവസം ബാക്കി നില്‍ക്കുമ്പോള്‍തന്നെ റെക്കോഡ് ബുക്കിങ് ആയിരുന്നു ചിത്രത്തിന് ലഭിച്ചത്. മൂന്ന് ലക്ഷത്തിലധികം ടിക്കറ്റുകളായിരുന്നു ബുക്കിങ് ആപ്പുകളിലൂടെ മാത്രം കേരളത്തില്‍ വിറ്റുപോയത്. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി ബ്ലെസ്സി ഒരുക്കിയ ചിത്രത്തില്‍ നജീബിന്റെ കഥാപാത്രമാകാനായുള്ള പൃഥ്വിരാജിന്റെ കഠിനാധ്വാനം സിനിമാപ്രേമികള്‍ക്കിടയില്‍ ഏറെ ചര്‍ച്ചയായിരുന്നു.

മലയാള സിനിമയില്‍ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങിയ ചിത്രം കൂടിയാണ് ആടുജീവിതം. ഓസ്‌കാര്‍ അവാര്‍ഡ് ജേതാക്കളായ എ ആര്‍ റഹ്‌മാന്‍ സംഗീതവും റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ചിത്രം എത്തിയത്. ജിമ്മി ജീന്‍ ലൂയിസ് (ഹോളിവുഡ് നടന്‍), കെ ആര്‍ ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ ചിത്രമായാണ് ആടുജീവിതം എത്തിയത്.

2018 മാര്‍ച്ചില്‍ കേരളത്തിലായിരുന്നു ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. തുടര്‍ന്ന് ജോര്‍ദാന്‍, അള്‍ജീരിയ എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു. ഇതിനിടയില്‍ കോവിഡ് കാലത്ത് സംഘം ജോര്‍ദാനില്‍ കുടങ്ങുകയും ചെയ്തിരുന്നു. 2022 ജൂലൈയിലായിരുന്നു ഷൂട്ടിങ് അവസാനിച്ചത്.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം