പെട്ടെന്ന് ഒരു നാൾ ഓർമകൾ ഇല്ലാതെയായി പോയാൽ എന്തായിരിക്കും അവസ്ഥ. രമേശൻ നായരായി മോഹൻലാൽ എത്തിയ ബ്ലെസി ചിത്രം തന്മാത്ര, 'അൽഷിമേഴ്‌സ്' എന്ന രോഗത്തെക്കുറിച്ച് മലയാളികളെ ഒന്നടങ്കം ചിന്തിപ്പിക്കുക കൂടി ചെയ്തതായിരുന്നു. ചിത്രത്തിന്റെ ക്ലൈമാക്‌സ് വരെ വീണ്ടുമൊരിക്കൽ കാണാനാവാതെ നിർത്തി കളഞ്ഞവരാണ് പലരും.
18 വർഷമായി രമേശൻ നായരും കുടുംബവും സുഹൃത്തുക്കളും അദ്ദേഹത്തിന്റെ അൽഷിമേഴ്‌സ് രോഗവും മലയാളികൾക്ക് മുന്നിൽ എത്തിയിട്ട്. 2005 ഡിസംബർ 16 നായിരുന്നു തന്മാത്ര റിലീസ് ചെയ്തത്. ഒരു കുടുംബ ചിത്രം എന്നതിൽ ഉപരിയായി മോഹൻലാൽ എന്ന അതുല്യ നടൻ തന്റെ പ്രകടനം കൊണ്ട് സിനിമ പ്രേമികളെ ഞെട്ടിച്ച ചിത്രം കൂടിയായിരുന്നു അത്.
പതിനെട്ട് വർഷങ്ങൾക്കിപ്പുറവും തന്മാത്രയും രമേശൻ നായരും സിനിമാ പ്രേമികൾക്ക് ഇന്നും ചെറുനൊമ്പരം ഉണർത്തുന്ന ഓർമയാണ്. സിനിമയുടെ പതിനെട്ടാം വർഷത്തിൽ സംവിധായകൻ ബ്ലെസി 'ദ ഫോർത്തി'നോട് സംസാരിക്കുന്നു. കാഴ്ച എന്ന സിനിമ സംഭവിക്കുന്നതിനും മുമ്പ് തന്നെ തന്മാത്ര എന്ന ചിത്രത്തിന്റെ ആശയം ഉള്ളിൽ ഉണ്ടായിരുന്നു. എന്നാൽ അന്ന് ഒരു തിരക്കഥ എഴുതേണ്ട ധാരണയോ ആത്മവിശ്വാസമോ തനിക്ക് ഉണ്ടായിരുന്നില്ല. പിന്നീട് അപ്രതീക്ഷിതമായി കാഴ്ചയുടെ തിരക്കഥ എഴുതാൻ നിർബന്ധിക്കപ്പെടുകയും അത് എഴുതിയ ആത്മവിശ്വാസത്തിലാണ് പിന്നീട് തന്മാത്ര എഴുതുന്നത്.
പതിനെട്ട് വർഷങ്ങൾക്ക് ശേഷവും ഈ ചിത്രം ചർച്ചയാവുകയും ആളുകൾ പുതിയ നരേറ്റീവുകൾ ഉണ്ടാക്കുകയും ചെയ്യുന്നത് സന്തോഷമുള്ള കാര്യമാണ്. ചിത്രത്തിന് ഇന്നും സ്വീകര്യ കിട്ടാനുള്ള കാരണങ്ങളിൽ ഒന്ന് അൽഷിമേഴ്‌സ് എന്ന രോഗത്തിനെ കുറിച്ച് പുതിയ അവബോധം സൃഷ്ടിക്കുന്ന ഒന്നായിരുന്നു. ചിത്രത്തിൽ നിന്ന് ഇന്നും പുതിയ ചിന്തകൾ ഈ രോഗത്തിനെ കുറിച്ച് ആളുകൾക്ക് ലഭിക്കുന്നുണ്ട്.
മറ്റൊന്ന് ഈ ചിത്രം കുറെയധികം ബന്ധങ്ങളുടെ കൂടി കഥയാണ്. തനിക്ക് ചെയ്യാൻ കഴിയാതിരുന്നത് തന്റെ മകനിലൂടെ ചെയ്ത് എടുക്കുക എന്ന എന്നുള്ളത പലപ്പോഴും മിഡിൽ ക്ലാസ് കുടുംബങ്ങളിൽ ഉള്ള പലരുടെയും സ്വപ്‌നമാണ്. അതിന് പുറമെ ഇതിലെ നടി നടന്മാരുടെ പെർഫോമൻസ് അത് മോഹൻലാലിന്റെ മാത്രമല്ല, ചിത്രത്തിൽ അഭിനയിച്ച ഓരോ വ്യക്തികളും നെടുമുടി വേണു ചേട്ടൻ, ജഗതി ശ്രീകുമാർ, അർജുൻ ലാൽ, മീര വാസുദേവ് എല്ലാവരും മികച്ച രീതിയിൽ കഥാപാത്രമായി മാറി. കൂടെ മോഹൻ സിത്താരയുടെ സംഗീതവും കൈതപ്രത്തിന്റെ വരികളും എല്ലാം ചേർന്നപ്പോൾ ഇപ്പോഴും ഓർക്കുന്ന ഒന്നായി മാറി.
തന്മാത്രയുടെ തുടക്കം പത്മരാജനിൽ നിന്ന്
പത്മരാജന്റെ ഓർമ എന്ന കഥ വായിക്കുമ്പോഴാണ് ഓർമകൾ ഇല്ലാതെയാവുന്ന ഒരാളെ കുറിച്ച് ആദ്യമായി ചിന്തിക്കുന്നത്. അതേസമയം തന്നെ വീട്ടിൽ ജോലിക്ക് വരുന്ന ഒരു സ്ത്രീയുണ്ടായിരുന്നു അവരെ കുറിച്ചും ചിന്തിക്കുന്നത്. പലപ്പോഴും പുരുഷന്മാർ കുടുംബത്തിന്റെ കേന്ദ്രമായി മാറുകയും സ്ത്രീകൾ വീടിനകത്ത് കുട്ടികളുടെ കാര്യവും വീടുമായി ബന്ധപ്പെട്ട കാര്യങ്ങളും മാത്രമായി ഒതുങ്ങി കൂടുകയും ചെയ്യുന്ന ഒരവസ്ഥയിൽ പെട്ടന്ന് കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരുന്ന ഒരവസ്ഥയെ കുറിച്ചുമെല്ലാം ചിന്തിക്കുന്നത്. അങ്ങനെ ചിതറി തെറിച്ച പല ഓർമകളിൽ നിന്നാണ് തന്മാത്ര എന്ന ചിത്രം രൂപപ്പെടുന്നത്.
കാഴ്ച ഇറങ്ങി കഴിഞ്ഞപ്പോഴാണ് ഈ ചിത്രം ചെയ്യാനുള്ള ഒരു ധൈര്യം എനിക്കുണ്ടാവുന്നതും ലാലേട്ടനോട് കഥ പറയുകയും ചെയ്യുന്നത്. തുടക്കത്തിൽ ഇത് ചെയ്ത് എടുക്കാൻ പറ്റുമോയെന്ന കാര്യത്തിൽ ചില ചർച്ചകൾ ഒക്കെ നടന്നിരുന്നു. തുടർന്നാണ് ചിത്രം ആരംഭിക്കുന്നത്. സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥനായ രമേശൻ നായരിലൂടെ അയാളുടെ ചുറ്റുമുള്ളവരിലൂടെ തന്മാത്ര സഞ്ചരിക്കുകയും ചെയ്തു.
ഐഎംഎ ഡോക്ടറുടെ വിമർശനം, തന്മാത്ര ഇന്നായിരുന്നെങ്കിൽ
ഇന്നായിരുന്നു തന്മാത്ര എത്തുന്നതെങ്കിൽ കാലഘട്ടത്തിന് അനുസരിച്ച് പലമാറ്റങ്ങളും ഉണ്ടായേനെ. ഇന്റർനെറ്റിന്റെയും സോഷ്യൽ മീഡിയയുടെയും സാധ്യതകൾ ഇന്ന് വന്നു. ചിത്രത്തിൽ പത്രകട്ടിങ്ങുകൾ മകന്റെ സിവിൽ സർവീസ് പരീക്ഷയ്ക്ക് വേണ്ടി എടുത്തുവെയ്ക്കുന്ന രമേശൻ നായരുണ്ട്. ഇന്നത്തെ കാലത്ത് അതിന്റെ ആവശ്യമില്ല. ഓഫീസ് സമ്പ്രദായം മാറിയിട്ടുണ്ട് അങ്ങനെ പലതും.
മറ്റൊന്ന് ഈ സിനിമ ഇറങ്ങിയ സമയത്ത് ഒരു ഐഎംഎ ഡോക്ടർ ശക്തിയുക്തം വിമർശിച്ചത് മോഹൻലാലിന്റെ ഈ പ്രായത്തിലുള്ള ഒരു വ്യക്തിക്ക് അൽഷിമേഴ്‌സ് വരില്ല എന്നായിരുന്നു. ഈ അടുത്ത കാലത്ത് എനിക്ക് ചെറുപ്പം മുതൽ അറിയാവുന്ന ഒരു വ്യക്തി അദ്ദേഹം ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹം റിട്ടേയർ ആവുന്നതിന് മുമ്പ് രോഗം തിരിച്ചറിഞ്ഞ് വോളിന്ററി റിട്ടയർമെന്റ് എടുത്തു. കുറച്ച് കാലം മുമ്പ് അദ്ദേഹം മരിച്ചു. ഇന്നത്തെ കാലത്ത് ആണ് തന്മാത്ര വരുന്നതെങ്കിൽ ഐഎംഎ ഡോക്ടർ പറഞ്ഞത് പോലെ ഒരു തെറ്റായ കാര്യം ആരും പറയില്ല. അന്ന് ഈ രോഗത്തിനെ കുറിച്ച് പല തെറ്റായ ധാരണകളും ഉണ്ടായിരുന്നു. മറ്റൊന്ന് അന്നത്തെ ജീവിത സാഹചര്യങ്ങളിൽ നിന്ന് ഇന്ന് ഒരുപാട് മാറി.
ആടുജീവിതം, നമ്മളല്ല സിനിമയാണ് സംസാരിക്കേണ്ടത്
ആടുജീവിതത്തിന്റെ അവസാനഘട്ട വർക്കുകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഈ അവസരത്തിൽ ചിത്രത്തിനെ കുറിച്ച് അഭിപ്രായങ്ങൾ പറയുക എന്നത് ശരിയല്ല. കാഴ്ച സിനിമയുടെ സമയത്ത് തന്നെ ഞാൻ പറഞ്ഞ ഒരു കാര്യമുണ്ട് സിനിമയാണ് സംസാരിക്കേണ്ടത്, അല്ലാതെ നമ്മൾ സിനിമയെ കുറിച്ച് ഡയലോഗ് അടിക്കുകയല്ല വേണ്ടത്. പ്രേക്ഷകർ സിനിമ കാണട്ടെ അതിനെ കുറിച്ച് സംസാരിക്കട്ടെ അതിന് ശേഷമാണ് ഞാൻ അതിനെ കുറിച്ച് സംസാരിക്കേണ്ടത്.