തുടർച്ചയായി പരാജയങ്ങൾ, സുഷാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് പിന്നാലെ ശക്തമായ ബോയികോട്ട് കാമ്പയിൻ, കൂടെ നെപ്പോട്ടിസം ചർച്ചയും റീമേക്കുകൾ മാത്രമാകുന്ന സിനിമകളും. ബോളിവുഡിന്റെ കാലം അവസാനിച്ചെന്ന് ഒരുപാട് പേർ വിലയിരുത്തിയ വർഷമായിരുന്നു 2022. ഒരു വർഷത്തിന് ശേഷം 2023 അവസാനിക്കുമ്പോൾ ബോളിവുഡ് തിരിച്ചുവരവിന്റെ പാതയിലാണ്.
2022 ൽ ഡബ്ബ് ചെയ്ത് ഹിന്ദിയിൽ റിലീസ് ചെയ്ത സൗത്ത് ഇന്ത്യൻ ചിത്രങ്ങളും റീമേക്ക് ചെയ്ത ചിത്രങ്ങൾക്കുമൊപ്പം വളരെ കുറച്ച് ബോളിവുഡ് ചിത്രങ്ങൾ മാത്രമായിരുന്നു മുടക്കുമുതൽ തിരികെ പിടിച്ചത്. വിജയ ചിത്രങ്ങളെ വെച്ച് നോക്കുമ്പോൾ വൻ പരാജയ ചിത്രങ്ങളായിരുന്നു 2022 ൽ ബോളിവുഡിൽ ഉണ്ടായിരുന്നത്.
വമ്പൻ താരങ്ങളിൽ പലരും ബോക്‌സോഫീസിൽ അടിപതറി വീഴുന്നതും 2022 ൽ കാണാൻ കഴിഞ്ഞു. എന്നാൽ 2023 പല താരങ്ങളുടെയും ബോളിവുഡിന്റെയും തിരിച്ചുവരവായിരുന്നു. ബോളിവുഡ് ബാദ്ഷ ഷാരൂഖ് ഖാന്റെ മിന്നും പ്രകടനം കൂടി കണ്ട വർഷമായിരുന്നു 2023. മൂന്ന് സിനിമകളാണ് ഈ വർഷം ഷാരൂഖ് ഖാന്റെതായി റിലീസ് ചെയ്തത്.
പത്താനിലൂടെ ആരംഭിച്ച ഷാരൂഖ് ഏറ്റവും അവസാനം രാജ്കുമാർ ഹിരാനിയുടെ ഡങ്കിയിലാണ് അഭിനയിച്ചത്. 1000 കോടിക്ക് മുകളിലാണ് ഷാരൂഖിന്റെ പത്താനും ആറ്റ്ലി സംവിധാനം ചെയ്ത ജവാനും നേടിയത്. രൺബീർ കപൂറിന്റെ അനിമൽ, സൽമാൻ ഖാന്റെ ടൈഗർ 3, രൺവീർ സിങ്, ആലിയ ഭട്ട് എന്നിവർ അഭിനയിച്ച റോക്കി ഔർ റാണി കി പ്രേം കഹാനി, ആദാ ശർമ്മയുടെ ദി കേരള സ്റ്റോറി, അക്ഷയ് കുമാർ നായകനായ OMG 2 എന്നിവയും ബോളിവുഡിൽ പണം വാരി ചിത്രങ്ങളിൽ പെടുന്നു.
ഷാരൂഖിന്റെ പത്താനും ജവാനും
ഇന്ത്യൻ റോ എജന്റ് ആയി ഷാരൂഖ് എത്തിയ പത്താൻ ലോകമെമ്പാടുമായി 1,050.8 കോടി രൂപയാണ് കളക്ട് ചെയ്തത്. യഷ് രാജ് ഫിലിംസിന്റെ സ്‌പൈ യൂണിവേഴ്‌സിൽപ്പെട്ട ചിത്രത്തിൽ ഷാരൂഖിനൊപ്പം ദീപിക പദുക്കോൺ, ജോൺ എബ്രഹാം, ഡിംപിൾ കപാഡിയ, അശുതോഷ് റാണ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
സൽമാൻ ഖാൻ അതിഥി വേഷത്തിൽ എത്തിയ ചിത്രം 250 കോടി രൂപ ബജറ്റിലായിരുന്നു നിർമിച്ചത്. ആറ്റ്ലി സംവിധാനം ചെയ്ത ജവാനും ആയിരം കോടി ക്ലബിൽ ഇടം പിടിച്ചു. ഷാരൂഖ് ഖാൻ, നയൻതാര, വിജയ് സേതുപതി, ദീപിക പദുക്കോൺ, സഞ്ജയ് ദത്ത്, പ്രിയാമണി, സന്യ മൽഹോത്ര, ഗിരിജ ഓക്ക്, ലെഹർ ഖാൻ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 300 കോടി രൂപ ബജറ്റിൽ നിർമ്മിച്ച ജവാൻ ഇന്ത്യയിൽ നിന്ന് മാത്രം 640.8 കോടി രൂപ നേടി. 1,152 കോടി രൂപയാണ് വേൾഡ് വൈഡായി ചിത്രം കളക്ട് ചെയ്തത്.
കൈയടി നേടിയ ഡിയോൾ സഹോദരന്മാർ
ഗദ്ദാർ 2 എന്ന ചിത്രത്തിലൂടെ സണ്ണി ഡിയോളും അനിമലിലൂടെ ബോബി ഡിയോളും ഗംഭീര തിരിച്ചുവരവാണ് നടത്തിയത് രണ്ട് ചിത്രങ്ങളും ബോക്‌സോഫീസിൽ ഗംഭീര പ്രകടനം കാഴ്ച വെയ്ക്കുകയും ചെയ്തു.
2001 ലെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ഗദ്ദാർ: ഏക് പ്രേം കഥയുടെ തുടർച്ചയായി1971 ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഗദ്ദാർ 2 ഒരുക്കിയിരിക്കുന്നത്. മകനെ തിരികെ കൊണ്ടുവരാൻ പാകിസ്ഥാനിലേക്ക് പോകുന്ന താരാ സിംഗിനെ കേന്ദ്രീകരിച്ചാണ് ഗദ്ദാർ 2 ഒരുക്കിയിരിക്കുന്നത്. സണ്ണി ഡിയോൾ, അമീഷ പട്ടേൽ, ഉത്കർഷ് ശർമ്മ, സിമ്രത് കൗർ, മനീഷ് വാധ്വ, ഗൗരവ് ചോപ്ര എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിൽ നിന്ന് 687.8 കോടി രൂപയാണ് ചിത്രം കളക്ട് ചെയ്തത്.
രൺബീർ കപൂർ നായകനായ അനിമലിൽ ബോബി ഡിയോൾ ആണ് പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ബോക്‌സോഫീസിൽ ഇപ്പോഴും കുതിക്കുന്ന അനിമൽ ലോകമെമ്പാടുമായി ഇതുവരെ 836.1 കോടി രൂപയാണ് കളക്ട് ചെയ്തത്.അനിൽ കപൂർ, രശ്മിക മന്ദാന, അനിൽ കപൂർ, ശക്തി കപൂർ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
സൽമാന്റെ ടൈഗർ 3
മനീഷ് ശർമ്മ സംവിധാനം ചെയ്ത ടൈഗർ സിന്ദാ ഹേ. ടൈഗർ സീരിസിലെ മൂന്നാമത്തെ ചിത്രമായിരുന്നു. സൽമാൻ ഖാൻ, കത്രീന കൈഫ്, ഇമ്രാൻ ഹാഷ്മി, റിദ്ദി ദോഗ്ര എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്ത്യയിൽ 284.2 കോടിയും ലോകമെമ്പാടുമായി 466 കോടിയുമായിരുന്നു ചിത്രം നേടിയത്.
റോക്കി ഔർ റാണി കി പ്രേം കഹാനി
കരൺ ജോഹർ സംവിധാനം ചെയ്ത റോക്കി ഔർ റാണി കി പ്രേം കഹാനിയിൽ രൺവീർ സിങ്, ആലിയ ഭട്ട്, ധർമേന്ദ്ര, ശബാന ആസ്മി എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 150 കോടി രൂപ ബജറ്റിൽ നിർമ്മിച്ച ചിത്രം ഇന്ത്യയിൽ നിന്ന് 153.5 കോടി രൂപയും ലോകമെമ്പാടുമായി 357 കോടി രൂപയുമായിരുന്നു നേടിയത്.
കേരള സ്റ്റോറി
സുദീപ്‌തോ സെൻ സംവിധാനം ചെയ്ത കേരള സ്റ്റോറി ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ആദ ശർമ്മ, യോഗിത ബിഹാനി, സോണിയ ബാലാനി, സിദ്ധി ഇദ്‌നാനി, ദേവദർശിനി, വിജയ് കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 25 കോടി ബജറ്റിൽ നിർമ്മിച്ച ഈ ചിത്രം ഇന്ത്യയിൽ നിന്ന് 240.6 കോടി രൂപയും ലോകമെമ്പാടുമായി 301 കോടി രൂപയും കളക്ട് ചെയ്തു.
OMG 2
ബോക്‌സോഫീസിൽ ഹിറ്റായ ഓ മൈ ഗോഡ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായിട്ടാണ് OMG 2 എത്തിയത്. അക്ഷയ് കുമാർ, പങ്കജ് ത്രിപാഠി, യാമി ഗൗതം, പവൻ മൽഹോത്ര, അരുൺ ഗോവിൽ, ഗോവിന്ദ് നാംദേവ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
സണ്ണി ഡിയോളിന്റെ ബ്ലോക്ക്ബസ്റ്റർ ഗദ്ദാർ 2 മായി ബോക്സ് ഓഫീസ് ഏറ്റുമുട്ടലുണ്ടായിട്ടും , OMG 2 ബോക്‌സോഫീസിൽ വിജയമായി ഇന്ത്യയിൽ നിന്ന് മാത്രമായി 150.4 കോടിയും ലോകമെമ്പാടുമായി 220 കോടിയും ചിത്രം നേടി.
തു ജൂതി മെയിൻ മക്കാർ
ലവ് രഞ്ജൻ സംവിധാനം ചെയ്ത ഈ റോമാന്റിക് കോമഡി ചിത്രത്തിൽ രൺബീർ കപൂർ, ശ്രദ്ധ കപൂർ, അനുഭവ് സിംഗ് ബസ്സി, ഡിംപിൾ കപാഡിയ, ബോണി കപൂർ, ഹസ്ലീൻ കൗർ, മോണിക്ക ചൗധരി എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഏകദേശം 100 കോടി രൂപ ബജറ്റിൽ നിർമ്മിച്ച ഈ ചിത്രം ഇന്ത്യൻ ബോക്‌സോഫീസിൽ 146 കോടിയും ലോകമെമ്പാടുമായി 220 കോടിയും നേടി.