ENTERTAINMENT

'വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയക്കാർ' പരാമർശം പുലിവാലായി; ഒടുവിൽ വിശദീകരണവുമായി കജോൾ

താരത്തിന്റെ ദ ട്രയൽ എന്ന പുതിയ ഷോയുടെ പശ്ചാത്തലത്തിൽ ദ ക്വിൻറിന് നൽകിയ അഭിമുഖമാണ് വിമർശനങ്ങൾക്കിടയാക്കിയത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

ഇന്ത്യ പോലൊരു രാജ്യത്ത് കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ വളരെ പതുക്കെയാണെന്നും നമ്മെ ഭരിക്കുന്നത് വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയ നേതാക്കളാണെന്നുമുളള പരാമർശം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി ബോളിവുഡ് നടി ക‍ജോൾ. ഒരു രാഷ്ട്രീയ നേതാക്കളെയും തരംതാഴ്ത്തുക ആയിരുന്നില്ല ലക്ഷ്യമെന്നും വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് പറഞ്ഞതെന്നുമായിരുന്നു താരത്തിന്റെ വിശദീകരണം.

''വിദ്യാഭ്യാസത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും പറയുകയായിരുന്നു ഞാൻ. ഒരു രാഷ്ട്രീയ നേതാക്കളെയും തരംതാഴ്ത്തുക എന്നതല്ല എന്റെ ഉദ്ദേശ്യം, രാജ്യത്തെ ശരിയായ പാതയിൽ നയിക്കുന്ന ചില മികച്ച നേതാക്കൾ നമുക്കുണ്ട്,'' വിവാദങ്ങൾക്ക് മറുപടിയായുളള കജോളിന്റെ ട്വീറ്റ് ഇങ്ങനെ.

'ദ ട്രയൽ' എന്ന തന്റെ പുതിയ ഷോയുടെ പശ്ചാത്തലത്തിൽ ദ ക്വിൻറിന് നൽകിയ അഭിമുഖത്തിൽ കജോൾ നടത്തിയ തുറന്നു പറച്ചിലാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും വിവാദമാവുകയും ചെയ്തത്. ഇന്ത്യയിലെ സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കവെയാണ് അവർ ഇക്കാര്യം പറഞ്ഞത്. "ഇന്ത്യയെ പോലൊരു രാജ്യത്തെ മാറ്റം വളരെ പതുക്കെയാണ് നടക്കുന്നത്. നാം നമ്മുടെ പാരമ്പര്യങ്ങളിൽ മുഴുകിയിരിക്കുകാണ്. മാറ്റത്തിൽ വിദ്യാഭ്യാസത്തിന് വലിയ പങ്കുണ്ട്. വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയ നേതാക്കളാണ് നമുക്കുള്ളത്. എനിക്ക് ഇത് പറയുന്നതിൽ ബുദ്ധിമുട്ടുണ്ട്. പക്ഷേ പറയാതെ വയ്യ, ഇതാണ് വസ്തുത. ഒരു കാഴ്ചപ്പാടുമില്ലാത്ത നേതാക്കളാണ് നമ്മെ ഭരിക്കുന്നത്. വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് ലഭിക്കാനെങ്കിലും വിദ്യാഭ്യാസം ഉപകരിക്കും,'' കജോൾ അഭിമുഖത്തിൽ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അടക്കം പരോക്ഷമായി വിമർശിച്ചതാണെന്ന തരത്തിലുള്ള ചർച്ചകളായിരുന്നു പിന്നീട് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞത്. ഇതോടെ വിശദീകരണവുമായി രംഗത്തെത്തുകയായിരുന്നു.

കാജോളിന്റെ 'ദ ട്രയൽ' ജൂലൈ 14 മുതൽ ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്നി + ഹോട്ട്‌സ്റ്റാറിൽ സ്ട്രീം ചെയ്യാൻ ഒരുങ്ങുകയാണ്. 12 വർഷത്തിന് ശേഷം കരൺ ജോഹറിന്റെ പുതിയ ചിത്രത്തിലും കജോൾ നായികയായി എത്തുന്നു. പൃഥ്വിരാജ് ആണ് ചിത്രത്തിലെ നായകന്‍. സെയ്ഫ് അലി ഖാന്റെ മകൻ ഇബ്രാഹിം ഖാന്റെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. സമീര്‍ അറോറയുടെ തിരക്കഥയിൽ നടി രേവതി സംവിധാനം ചെയ്ത സലാം വെങ്കിയാണ് കജോളിന്റെ അവസാന ചിത്രം. ലസ്റ്റ് സ്റ്റോറീസ് 2 വിലും കജോൾ അഭിനയിച്ചിട്ടുണ്ട്.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍