ENTERTAINMENT

'വിവാഹ'ത്തെ നാസി ക്യാമ്പിലെ ക്രൂരതകളുമായി താരതമ്യം ചെയ്തു; ബവാലിനെതിരെ പ്രതിഷേധവുമായി ജൂത സംഘടന

ചിത്രത്തിലെ ജാൻവി കപൂറിന്റെ ഡയലോഗാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

ജാൻവി കപൂർ - വരുൺ ധവാൻ ചിത്രം ബാവലിനെതിരെ പ്രതിഷേധവുമായി ജൂത മനുഷ്യാവകാശ സംഘടന. ചിത്രത്തിലെ ഓഷ്‌വിറ്റ്‌സ് നാസി കോൺസെൻട്രേഷൻ ക്യാമ്പ് രംഗങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിമർശനം. ജൂത മനുഷ്യാവകാശ സംഘടനയായ സൈമൺ വീസെന്തൽ സെന്ററാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ചിത്രത്തിലെ ജാൻവി കപൂറിന്റെ ഡയലോഗാണ് പ്രതിഷേധത്തിനാധാരം.

വരുണും ജാൻവിയും ഓഷ്വിറ്റ്‌സിലെ ഗ്യാസ് ചേമ്പർ സന്ദർശിക്കുന്നതാണ് രംഗം. ജാൻവിയുടെ കഥാപാത്രമായ നിഷ മനുഷ്യന്റെ അത്യാഗ്രഹത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. പ്രണയബന്ധത്തിലെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ 'എല്ലാ ബന്ധങ്ങളും അവരവരുടേതായ ഓഷ്‌വിറ്റ്‌സിലൂടെയാണ് കടന്നുപോകുന്നതെ'ന്ന് ജാൻവി പറയുന്നു. വിവാഹം എന്ന ആശയത്തെ നാസി ക്യാമ്പിലെ ക്രൂരതകളുമായി താരതമ്യം ചെയ്തതാണ് വിമർശിക്കപ്പെടുന്നത്.

‘എല്ലാ ബന്ധങ്ങളും അവരുടെ ഓഷ്‌വിറ്റ്‌സിലൂടെയാണ് കടന്നുപോകുന്നത്’ എന്ന് സിനിമയിൽ പ്രഖ്യാപിക്കുന്നതിലൂടെ ഹിറ്റ്‌ലറുടെ വംശഹത്യയുടെ കീഴിൽ കൊല്ലപ്പെട്ട 60 ലക്ഷം ജൂതന്മാരുടെയും ദശലക്ഷക്കണക്കിന് ആളുകളുടെയും സ്മരണയെ നിസ്സാരമാക്കുകയും അവഹേളിക്കുകയും ചെയ്യുകയാണ് സംവിധായകൻ നിതേഷ് തിവാരിയെന്നാണ് ആരോപണം. നാസി മരണ ക്യാമ്പിൽ ഒരു ഫാന്റസി സീക്വൻസ് ചിത്രീകരിച്ച് സിനിമയ്ക്ക് പിആർ നേടുക എന്നതായിരുന്നു നിർമാതാവിന്റെ ലക്ഷ്യമെങ്കിൽ അത് വിജയിച്ചെന്നും സംഘടന ചൂണ്ടിക്കാട്ടി. പ്രതിഷേധത്തിന് പിന്നാലെ ചിത്രത്തിന്റെ ഒടിടി സംപ്രേക്ഷണം നിർത്തിവയ്ക്കണമെന്നായിരുന്നു സംഘടനയുടെ ആവശ്യം.

ആരോപണങ്ങൾക്ക് മറുപടിയുമായി നിതേഷ് തിവാരി രംഗത്തെത്തിയിരുന്നു. "സ്‌നേഹം, വെറുപ്പ്, സഹാനുഭൂതി, വ്യാജം, യാഥാർഥ്യം എന്നിവയെക്കുറിച്ചാണ് ബാവൽ എന്ന ചിത്രം. സ്വന്തം മനഃസാക്ഷിയോട് തന്നെ യുദ്ധം നടത്തുന്ന കഥാപാത്രങ്ങൾ സിനിമയിലുണ്ട്. രണ്ടാം ലോകമഹായുദ്ധവുമായി അത് എങ്ങനെ സംയോജിപ്പിക്കുന്നു എന്നതാണ് സിനിമയുടെ ഇതിവൃത്തം. രണ്ടാം ലോകമഹായുദ്ധം സിനിമയിൽ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു" എന്നായിരുന്നു പ്രതികരണം.

അതേസമയം, വിമർശനങ്ങൾ സാധാരണമാണെന്നും തനിക്ക് അതൊരു പുതുമയുള്ള കാര്യമല്ലെന്നുമായിരുന്നു നടൻ വരുൺ ധവാന്റെ പ്രതികരണം. എല്ലാവർക്കും അവരുടേതായ അഭിപ്രായം വേണം. താൻ എല്ലാവരുടെയും അഭിപ്രായങ്ങളെ മാനിക്കുന്ന വ്യക്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആമസോൺ പ്രൈം വീഡിയോയിലൂടെ ജൂലൈ 21നായിരുന്നു ചിത്രത്തിന്റെ റിലീസ്. വരുണും ജാൻവിയും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് ബവാൽ. നദിയാദ്‌വാല ഗ്രാൻഡ്‌സൺ ബാനറിൽ സാജിദ് നദിയാദ്‌വാല എർത്ത്‌സ്‌കൈ പിക്‌ചേഴ്‌സുമായി ചേർന്നാണ് നിർമാണം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ