അഭിനയത്തില്‍ നിന്നും ചെറിയ ഇടവേള എടുക്കാൻ തീരുമാനിച്ച് ബോളിവുഡ് താരം രൺബീർ കപൂർ. മകൾ റാഹയ്‌ക്കൊപ്പം സമയം ചെലവഴിക്കാനുള്ള ആഗ്രഹം കൊണ്ടാണ് ഇടവേളയെന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ. പണം സമ്പാദിക്കാൻ വേണ്ടി മാത്രം സിനിമകള്‍ ചെയ്യുന്ന നടന്മാരിൽ ഒരാളാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തില്‍ രണ്‍ബീർ പറഞ്ഞു.
ഒരു അച്ഛനെന്ന നിലയ്ക്ക് ഈ ഇടവേള എടുക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്. എന്റെ മകളോടൊപ്പം ഒരു അഞ്ചോ ആറോ മാസം ചെലവഴിക്കാൻ ആണ് ഞാൻ ആഗ്രഹിക്കുന്നത്. മറ്റൊന്നും ഇപ്പോള്‍ എന്നെ ആകർഷിക്കുന്നില്ല
ഷംഷേരയും ബ്രഹ്‌മാസ്ത്രയുമാണ് രൺബീറിന്റെ പോയ വർഷം പുറത്ത് വന്ന ചിത്രങ്ങൾ. ബ്രഹ്‌മാണ്ഡ ചിത്രമായ ബ്രഹ്‌മാസ്ത്ര വൻ വിജയമായി മാറുകയും ചെയ്തിരുന്നു. ആലിയ ഭട്ടായിരുന്നു ചിത്രത്തിലെ നായിക. ആലിയയും രൺബീറും പ്രണയത്തിലാകുന്നത് ബ്രഹ്‌മാസ്ത്രയുടെ ചിത്രീകരണ സമയത്താണ്. അയൻ മുഖർജിയുടെ സംവിധാനത്തിൽ 2022ൽ പുറത്തിറങ്ങിയ ബ്രഹ്മാസ്ത്ര: ഒന്നാം ഭാഗം - ശിവയാണ് താരത്തിന്റെതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സിനിമ ബോക്സ് ഓഫീസ് ഹിറ്റായിരുന്നു. ബ്രഹ്മാസ്ത്രയുടെ രണ്ടാം ഭാഗം എപ്പോൾ വേണമെങ്കിലും ഉണ്ടാകാമെന്ന് കഴിഞ്ഞ വർഷം താരം വ്യക്തമാക്കിയിരുന്നു. ബ്രഹ്മാസ്ത്ര 2 ഉം 3 ഉം നിർമ്മിക്കേണ്ടതുണ്ടെന്നും അയൻ ചിത്രത്തിന്റെ രചനയിലാണെന്നും ഈ വർഷം അവസാനമോ അടുത്ത വർഷമോ സിനിമ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും താരം വെളിപ്പെടുത്തി.
2020 ൽ പിതാവ് ഋഷി കപൂറിന്റെ മരണം തന്റെ ജീവിതത്തെ എങ്ങനെ മാറ്റിമറിച്ചുവെന്ന് അടുത്തിടെ താരം തുറന്നുപറഞ്ഞിരുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിൽ സംഭവിക്കുന്ന ഏറ്റവും വലിയ വേദന മാതാപിതാക്കളെ നഷ്ടപ്പെടുന്നതാണ്. അത്തരം സന്ദർഭങ്ങളില്‍ ജീവിതം കൂടുതൽ മനസ്സിലാക്കാൻ കഴിയുമെന്നും രണ്‍ബീർ കുറിച്ചിരുന്നു.
അതേസമയം തു ജൂട്ടി മേം മക്കാർ ആണ് രൺബീർ കപൂറിന്റെ പുതിയ സിനിമ. ശ്രദ്ധ കപൂറാണ് ചിത്രത്തിലെ നായിക. ഇതാദ്യമായാണ് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്. ലവ് രഞ്ജൻ ഒരുക്കുന്ന സിനിമയിലെ പാട്ടുകൾ ഇതിനോടകം തന്നെ ഹിറ്റ് ചാർട്ടിൽ ഇടം നേടിയിട്ടുണ്ട്. മാർച്ച് 8 ന് ചിത്രം തിയേറ്ററുകളിലെത്തും. ആനിമൽ ആണ് രൺബീറിന്റെ അണിയറയിലുള്ള മറ്റൊരു സിനിമ. ചിത്രത്തിലൂടെ അമീഷ പട്ടേലും ഒരിടവേളയ്ക്ക് ശേഷം അഭിനയത്തിൽ സജീവമാവുകയാണ്. ഗദ്ദാർ 2വിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. രണ്ടാം ഭാഗത്തിലും നായകൻ സണ്ണി ഡിയോളാണ്. ഏപ്രിൽ അവസാനത്തോടെ ആനിമൽ പൂർത്തിയാക്കുമെന്നും ഇതിന് ശേഷമായിരിക്കും ഇടവേള എടുക്കുകയെന്നും രണ്‍ബീർ വ്യക്തമാക്കി.