ENTERTAINMENT

'അ​ഗ്നിക്കിരയാക്കപ്പെടുന്നത് രാജ്യത്തെ മനുഷ്യത്വമാണ് '; ഹരിയാനയിലെ വർഗീയ സംഘർഷത്തിൽ ബോളിവുഡ് താരങ്ങൾ

ഹരിയാനയിലെ നൂഹിൽ വിശ്വഹിന്ദു പരിഷത്തിന്റെ ഘോഷയാത്രയ്ക്കിടെയുണ്ടായ അനിഷ്ട സംഭവങ്ങള്‍ക്ക് പിന്നാലെയാണ് സംഘർഷം ആളിക്കത്തിയത്.

എന്റർടെയ്ൻമെന്റ് ഡെസ്ക്

ഹരിയാനയിലെ ഗുരുഗ്രാമിന് സമീപം നൂഹിൽ നടക്കുന്ന വർഗീയ സംഘർഷത്തെ വിമർശിച്ച് ബോളിവുഡ് താരങ്ങൾ രം​ഗത്ത്. ധർമേന്ദ്രയും സോനു സൂദും ആണ് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരണവുമായി രം​ഗത്തെത്തിയത്. ഹരിയാനയിൽ അരങ്ങേറുന്ന വർ​ഗീയ സംഘർഷം രാജ്യത്തുടനീളമുള്ള ആളുകളുടെ ഹൃദയം തകർത്തു. രാജ്യത്തെ മനുഷ്യത്വമാണ് അ​ഗ്നിക്കിരയാകുന്നതെന്നും ഈ വർ​ഗീയ സംഘർഷം എന്തിനു വേണ്ടിയാണെന്നും ഇരുവരും ചോദിച്ചു.

രാജ്യത്തും ലോകത്തും സമാധാനത്തിനും ഐക്യത്തിനും സാഹോദര്യത്തിനും വേണ്ടിയുള്ള ആ​ഗ്രഹം പങ്കുവച്ചുകൊണ്ടു ട്വീറ്റിലൂടെയാണ് ധർമ്മേന്ദ്ര വിഷയത്തിൽ പ്രതികരിച്ചത്. തനിക്കും രാജ്യത്തിനും ലോകത്തിനും സമാധാനവും സാഹോദര്യവും വേണമെന്നാണ് കൈ കൂപ്പിക്കൊണ്ടുളള ഇമോജിക്കൊപ്പമുള്ള അദ്ദേഹത്തിന്റെ ട്വീറ്റ്.

രാജ്യത്ത് ഇത്തരത്തിലുളള വർ​ഗീയ സംഘർഷങ്ങൾ എന്തിനു വേണ്ടിയാണെന്നും എന്തുകൊണ്ടാണ് ഇത്തരത്തിലുളള സംഭവങ്ങൾ അരങ്ങേറുന്നതെന്നും അദ്ദേഹം മറ്റൊരു ട്വീറ്റിലൂടെ ചോദിച്ചു. തങ്ങളെ ഇതിൽ നിന്നും ഒഴിവാക്കണമെന്നും തങ്ങൾക്ക് ഇത് സഹിക്കാൻ കഴിയുന്നില്ലെന്നും അദ്ദേ​​ഹം തന്റെ സിനിമകളിലെ കൈകൂപ്പിക്കൊണ്ടുളള സ്റ്റില്ലുകൾ പങ്കുവച്ചുകൊണ്ട് ട്വീറ്റ് ചെയ്തു.

അക്രമത്തെക്കുറിച്ചുള്ള തന്റെ ആശങ്ക സോനു സൂദും ട്വീറ്റിലൂടെ വെളിപ്പെടുത്തി. ​ഹരിയാനയിൽ നടക്കുന്ന വർ​ഗീയ സംഘർഷത്തിൽ ആരുടെയും വീടിനോ കടയ്ക്കോ അല്ല തീ പിടിക്കുന്നതെന്നും രാജ്യത്തെ മനുഷ്യത്വമാണ് അ​ഗ്നിക്കിരയാകുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് നടക്കുന്ന ഇത്തരം അക്രമങ്ങൾ ജനങ്ങൾ കാണുകയും നിരീക്ഷിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞു.

ഹരിയാനയിലെ ഗുരുഗ്രാമിന് സമീപം നൂഹിൽ വിശ്വഹിന്ദു പരിഷത്തിന്റെ ഘോഷയാത്രയ്ക്കിടെയുണ്ടായ വർഗീയ സംഘർഷത്തിന് പിന്നാലെയാണ് സംഘർഷം ആളിക്കത്തിയത്. നൂഹിലും ഗുരുഗ്രാമിലുമായി നടന്ന സംഘർഷത്തിൽ ഇതുവരെ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. സായുധരായ ആള്‍ക്കൂട്ടം മുസ്ലിം പള്ളിക്ക് നേരെ ഇരച്ചുകയറുകയും പള്ളിക്കകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന 23 കാരനെ കുത്തികൊലപ്പെടുത്തിയതാണ് ഒടുവിൽ ഉണ്ടായ സംഭവം. സംഘർഷത്തിൽ നിരവധി വീടുകളും കടകളും വാഹനങ്ങളും അ​ഗ്നിക്കിരയാക്കിയിരുന്നു.

പശുക്കടത്ത്‌ ആരോപിച്ച്‌ ഹരിയാനയിൽ രണ്ട് മുസ്ലിം യുവാക്കളെ ചുട്ടുകൊന്ന കേസിലെ പ്രതിയും സംഘപരിവാർ പ്രവർത്തകനുമായ മോനു മനേസറും സംഘവും ഘോഷയാത്രയിൽ പങ്കാളികളായതാണ് സംഘർഷത്തിന് വഴിവച്ചത്. മൂന്ന് മാസത്തോളമായി മണിപ്പൂരിൽ അരങ്ങേറിയ വംശീയ കലാപത്തിന് പിന്നാലെ ഹരിയാനയിലും വർ​​ഗീയ സംഘർഷത്തിന് തുടക്കമിട്ടിരിക്കുന്നത് രാജ്യത്തെ ജനങ്ങളെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയിട്ടുണ്ട്. മണിപ്പൂർ കലാപത്തിൽ അക്ഷയ് കുമാർ അടക്കം നിരവധി താരങ്ങളാണ് വിമർശനവുമായി രംഗത്തെത്തിയിരുന്നത്. മണിപ്പൂരിലെ കുക്കി സ്ത്രീകളോടുളള ക്രൂരത ഞെട്ടലുണ്ടാക്കിയെന്നും കുറ്റവാളികൾക്ക് കഠിനമായ ശിക്ഷ ഉറപ്പാക്കണമെന്നും അക്ഷയ് കുമാർ പറഞ്ഞിരുന്നു.

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം