ENTERTAINMENT

'മുന്‍വിധികള്‍ വേണ്ട, ബോഗെയ്ന്‍വില്ലയോ പാട്ടോ സാത്താനിക് അല്ല'; സ്തുതി ലൗവ് സോങ്ങെന്ന് വിനായക് ശശികുമാര്‍

ഗ്രീഷ്മ എസ് നായർ

അമല്‍നീരദ് സംവിധാനം ചെയ്യുന്ന ബോഗെയ്ന്‍വില്ലയിലെ സ്തുതിയെന്ന പാട്ടും ജ്യോതിര്‍മയിയുടെയും കുഞ്ചാക്കോബോബന്‌റെയും ഡാന്‍സും ട്രെന്‍ഡിങ്ങാണ്. എന്നാല്‍ പാട്ടിലെ വരികള്‍ ക്രിസ്ത്യന്‍ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് സീറോ മലബാര്‍ സഭയുടെ അല്‍മായ ഫോറം രംഗത്തെത്തിയിട്ടുണ്ട്. യഥാര്‍ഥത്തില്‍ പാട്ടിന്‌റെ വരികള്‍ സാത്താനിക് ആണോ? ക്രിസ്ത്യന്‍ മതവികാരം വ്രണപ്പെടുത്തുന്ന എന്തെങ്കിലും പാട്ടിലുണ്ടോ? മറുപടി പറയുകയാണ് ഗാനരചയിതാവായ വിനായക് ശശികുമാര്‍.

സ്തുതി ലൗവ് സോങ്

സ്തുതി യഥാര്‍ഥത്തില്‍ ഒരു ലൗവ് സോങ്ങാണ്. എന്നാല്‍ സിനിമയോട് ചേര്‍ന്നുനില്‍ക്കണമെന്നതിനാലും ചിത്രത്തിന്‌റെ പ്രമോ സോങ് എന്ന നിലയിലും തികച്ചും വ്യത്യസ്തമായ രീതിയിലാണ് അപ്രോച്ച് ചെയ്തിരിക്കുന്നത്. വിശുദ്ധമായ പ്രേമം എന്ന കണ്‍സപ്റ്റ് തന്നെയാണ് ആ പാട്ടില്‍ ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ സാധാരണയായി ഉപയോഗിക്കുന്ന വാക്കുകളല്ലെന്ന് മാത്രമേയുള്ളൂ. വരികള്‍ പരിശോധിച്ചാലും ഇക്കാര്യം മനസിലാകും.

ഭൂലോകം സൃഷ്ടിച്ച കര്‍ത്താവിന് സ്തുതി

പ്രേമത്തെ സൃഷ്ടിച്ച കര്‍ത്താവിന് സ്തുതി

പൂങ്കാടും പൂന്തെന്നലും പുല്‍മേടും

വാനവും നിന്നെയും സൃഷ്ടിച്ച കര്‍ത്താവിന് സ്തുതി

ഇങ്ങനെയാണ് ആ ഗാനം തുടങ്ങുന്നത്. ഇതില്‍ പ്രേമമല്ലാതെ മറ്റെന്താണ് കാണാനാവുക.

ആ സിനിമയ്ക്ക് ഇങ്ങനെയല്ലാത്ത പരിചരണം സാധ്യമാകില്ല

ഗാനരംഗങ്ങള്‍ പൂര്‍ണമായും സംവിധായകന്‌റെ ആശയമാണ്, ഈ രീതിയില്‍ ചിത്രീകരിച്ചിരിക്കുന്നത് മനഃപൂര്‍വവുമാണ്. പക്ഷേ സിനിമയോട് നീതി പുലര്‍ത്തണമെങ്കില്‍ ഇങ്ങനെയല്ലാതെ ഈ ഗാനം ചിത്രീകരിക്കാന്‍ സാധ്യമല്ല എന്നതാണ് വാസ്തവം. അത് സിനിമ കാണുമ്പോള്‍ മനസിലാകും. ഇത് പ്രമോ സോങ്ങാണ്. ചിത്രത്തില്‍ ഈ ഗാനമില്ല. പക്ഷേ സിനിമ കണ്ടശേഷം ഒരിക്കല്‍ കൂടി പാട്ട് കണ്ടാല്‍ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം ലഭിക്കും.

ബോഗെയ്ന്‍വില്ല ഒരു പ്രണയചിത്രമാണ്. ആ പാട്ടിലെ ഒരു ഡ്രസിന്‌റെ പേരില്‍ മാത്രം മുന്‍വിധികളിലെത്തരുതെന്നു മാത്രമാണ് വിവാദമുണ്ടാക്കുന്നവരോട് പറയാനുള്ളത്. സിനിമ കാണുമ്പോള്‍ അത് മനസിലാകും

അമല്‍ നീരദിന്‌റെ നിര്‍ദേശം

ബോഗെയ്ന്‍വില്ല എന്ന ചിത്രത്തിന്‌റെ പ്രമോ സോങ്ങാണ് ഇതെന്ന് പറഞ്ഞല്ലോ... ഒരു വ്യത്യസ്തമായ പ്രണയം ചര്‍ച്ച ചെയ്യുന്ന ചിത്രമാണ് ബോഗെയ്ന്‍വില്ല. അതുകൊണ്ടുതന്നെ ഇതൊരു ലവ് സോങ് ആയിരിക്കണമെന്ന് നേരത്തെതന്നെ തീരുമാനിച്ചിരുന്നു. സോങ് കുറച്ച് ട്രിക്കി ആയിരിക്കണമെന്നാണ് അമലേട്ടന്‍ (അമല്‍ നീരദ്) നല്‍കിയ നിര്‍ദേശം. ഈ ഒരു പാറ്റേണിലേക്കെത്താന്‍ ഞാനും സുഷിനും (സുഷിന്‍ ശ്യാം) അമലേട്ടനും (അമല്‍ നീരദ്) കൂടി കുറേയേറെ ചര്‍ച്ച നടത്തിയിരുന്നു. പ്രണയഗാനമാണെങ്കിലും കുറച്ച് ബൈബ്ലിക്കിലായി സമീപിക്കാമെന്നു തീരുമാനിച്ചാണ് മുന്നോട്ടുപോയത്.

വിവാദങ്ങള്‍ തെറ്റിദ്ധാരണമൂലം

ഈ പാട്ടോ സിനിമയോ ഒരിക്കലും സാത്താനിക് അല്ല. വളരെ പോസീറ്റിവായാണ് ആ ഗാനത്തെ സമീപിച്ചിട്ടുള്ളത്. മാത്രമല്ല ബോഗെയ്ന്‍വില്ല ഒരു പ്രണയചിത്രമാണ്. ആ പാട്ടിലെ ഒരു ഡ്രസിന്‌റെ പേരില്‍ മാത്രം മുന്‍വിധികളിലെത്തരുതെന്നു മാത്രമാണ് വിവാദമുണ്ടാക്കുന്നവരോട് പറയാനുള്ളത്. സിനിമ കാണുമ്പോള്‍ അത് മനസിലാകും

മുന്‍ഗാമിയില്ലെന്നതു തന്നെയായിരുന്നു വെല്ലുവിളി

ഈ പാട്ടിന്‌റെ ഘടനയുണ്ടാക്കുകയെന്നത് ഒട്ടും എളുപ്പമായിരുന്നില്ല. കാരണം ഈ രീതിയിലൊരു പാട്ട് നമ്മള്‍ മുന്‍പ് കണ്ടിട്ടില്ല. കുറച്ചധികം സഞ്ചരിക്കേണ്ടിവന്നു. ബോഗെയ്ന്‍വില്ലയെക്കുറിച്ച് പ്രേക്ഷകരോട് ആദ്യം സംവദിക്കേണ്ട പാട്ടെന്ന നിലയിലും കുറച്ച് വെല്ലുവിളി നിറഞ്ഞ യാത്ര തന്നെയായിരുന്നു ഇതെന്നു പറയാം. പക്ഷേ ഒരു ധാരണയിലെത്തിയശേഷം പിന്നീടെല്ലാം പെട്ടെന്ന് സംഭവിച്ചു. ഒന്നും മാറ്റേണ്ടി വന്നില്ല.

വരികള്‍ക്കിടയില്‍ ഒളിപ്പിച്ച കഥ

സിനിമയില്‍ ഈ പാട്ടില്ലെന്നു പറഞ്ഞല്ലോ. റഫീക്ക് അഹമ്മദ് എഴുതിയ ഒരുപാട്ട് മാത്രമേ സിനിമയിലുള്ളൂ. പക്ഷേ സ്തുതി എന്ന പാട്ടിന്‌റെ ഗാനരംഗങ്ങളിലും വരികളിലും ബോഗെയ്ന്‍വില്ലയുടെ കഥയുണ്ട്. എന്‌റെ എല്ലാ പാട്ടുകളിലും ശ്രമിക്കാറുള്ളതുപോലെ തന്നെ ഈ പാട്ടിലും സിനിമയെക്കുറിച്ചുള്ള ചില സൂചനകള്‍ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. ബാക്കിയെല്ലാം കാത്തിരുന്നു കാണാം.

പശ്ചിമേഷ്യയുടെ നിയന്ത്രണം ഇസ്രയേല്‍ കയ്യടക്കിയാല്‍ എന്തു ചെയ്യും? അറബ് രാഷ്ട്രങ്ങളെ ഒന്നിപ്പിച്ച് പ്രതിരോധം ശക്തമാക്കാന്‍ ഇറാന്‍

'വൈവാഹിക ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കരുത്, സാമൂഹിക വിഷയം'; സുപ്രീംകോടതിയില്‍ സത്യവാങ്മൂലവുമായി കേന്ദ്രം

ഇസ്രയേലിലേക്ക് വീണ്ടും ആക്രമണം, 85 ഓളം മോര്‍ട്ടാറുകളും റോക്കറ്റുകളും ലെബനില്‍ നിന്നെത്തിയെന്ന് ഐഡിഎഫ്

സദ്ഗുരു ജഗ്ഗി വാസുദേവിനും ഇഷ ഫൗണ്ടേഷനുമെതിരായ മദ്രാസ് ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ; കേസ് സുപ്രീം കോടതിയിലേക്ക് മാറ്റി

നടന്‍ മോഹന്‍രാജ് അന്തരിച്ചു