'എവരി നൈറ്റ് ഇന്‍ മൈ ഡ്രീം' എന്ന ഗാനത്തിലൂടെ ലോകമെമ്പാടും സുപരിചിതയായ പോപ് ഗായികയാണ് സെലിന്‍ ഡിയോണ്‍. ഇപ്പോഴിതാ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ലോകമെമ്പാടുമായി നടത്താനിരുന്ന വേള്‍ഡ് ടൂര്‍ മാറ്റി വയ്‌ക്കേണ്ടി വന്നതില്‍ ആരാധകരോട് മാപ്പ് പറഞ്ഞിരിക്കുകയാണ് കനേഡിയന്‍ പോപ് താരം. 42 ദിവസങ്ങളിലായി നടത്താനിരുന്ന മ്യൂസിക് കണ്‍സേര്‍ട്ടുകള്‍ പിന്‍വലിച്ച കാര്യം വെള്ളിയാഴ്ച ഇന്‍സ്റ്റഗ്രാമിലൂടെ സെലിന്‍ തന്നെ അറിയിക്കുകയായിരുന്നു.
'എല്ലാവരെയും നിരാശപ്പെടുത്തിയതില്‍ ഒരു വട്ടം കൂടി ഞാന്‍ മാപ്പ് പറയുന്നു. ആരോഗ്യം തിരിച്ചുപിടിക്കാന്‍ ഞാന്‍ ശരിക്കും പ്രയത്‌നിക്കുന്നുണ്ട്. എന്നാല്‍ പൂര്‍ണമായും ശരിയാകുന്നതിന് മുമ്പ് പരിപാടിക്ക് പോകുകയെന്നത് വളരെ ബുദ്ധിമുട്ടാണ്. ഷോകള്‍ ഇങ്ങനെ വീണ്ടും മാറ്റി വയ്ക്കുന്നത് ശരിയാായ കാര്യമല്ല. ഇത് എനിക്ക് ഹൃദയഭേദകമായ കാര്യമാണെങ്കിലും സ്‌റ്റേജിലേക്ക് തിരികെയെത്താന്‍ പറ്റുന്ന വിധത്തില്‍ ഞാന്‍ മാറുന്നത് വരെ ഷോ പിന്‍വലിക്കുക എന്നത് മാത്രമാണ് മികച്ച മാര്‍ഗം.' എന്ന് സെലിന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കൂടാതെ, ബുക്ക് ചെയ്ത ടിക്കറ്റുകളുടെ പൈസ തിരികെ നല്‍കുമെന്നും സെലില്‍ അറിയിച്ചു.
ഇതിന് മുൻപ് ഫെബ്രുവരിയില്‍ നടക്കാനിരുന്ന വേള്‍ഡ് ടൂര്‍ ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്ന് സെലിന്‍ മാറ്റി വച്ചിരുന്നു. ഇതു സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഇന്‍സ്റ്റഗ്രാമില്‍ വൈകാരികമായ ഒരു വീഡിയോ പങ്കുവച്ചിരുന്നു. താന്‍ 'സ്റ്റിഫ് പേഴ്‌സണ്‍സ് സിന്‍ഡ്രം' എന്ന രോഗാവസ്ഥയിലൂടെ കടന്നുപോകുകയാണെന്ന് സെലിന്‍ വ്യക്തമാക്കിയിരുന്നു.
ഏറെനാളുകളായി താന്‍ ആരോഗ്യപ്രശ്നങ്ങളിലാണ്. ഈ വെല്ലുവിളികളെ നേരിടുന്നതും ഇതിലൂടെ കടന്നുപോയതിനെക്കുറിച്ചെല്ലാം തുറന്നുപറയുന്നത് പ്രയാസപ്പെടുത്തുന്ന ഒന്നാണ്. അടുത്തിടെയാണ് വളരെ അപൂര്‍വമായ ന്യൂറോളജിക്കല്‍ ഡിസോര്‍ഡറായ സ്റ്റിഫ് പേഴ്സണ്‍ സിന്‍ഡ്രം എന്ന അവസ്ഥയാണെന്ന് തനിക്കെന്ന് തിരിച്ചറിയുന്നത്. 10 ലക്ഷത്തിലൊരാള്‍ക്ക് ബാധിക്കാവുന്ന രോഗമാണിതെന്നും സെലിന്‍ വീഡിയോയില്‍ പങ്കുവച്ചിരുന്നു. സെലിന്റെ ആരോഗ്യ വിവരം അറിഞ്ഞത് മുതൽ താരത്തിന് പിന്തുണയായി ആരാധകർ രംഗത്തെത്തിയിരുന്നു.