രജനീകാന്ത് നായകനായ ജയിലര്‍ ലോകമെമ്പാടുമുള്ള തീയേറ്ററില്‍ വിജയകുതിപ്പ് തുടരുകയാണ്. അതേസമയം, സിനിമയുടെ ഹിന്ദി പതിപ്പിന് സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതിന് സെന്‍സര്‍ ബോര്‍ഡ് നിര്‍മ്മാതക്കളോട് ചില രംഗങ്ങള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.
സിനിമയിലെ തലവെട്ടുന്ന രംഗങ്ങളുടെ ദൈർഘ്യം കുറയ്ക്കാനും പകരം അനുയോജ്യമായ മറ്റ് ഷോട്ടുകള്‍ ഉള്‍പ്പെടുത്താനും നിര്‍മ്മാതാക്കളോട് സിബിഎഫ്‌സി നിര്‍ദ്ദേശിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കൂടാതെ ജയിലറിന്റെ ഹിന്ദി പതിപ്പിൽ സിനിമാ സംവിധായകനും നടനുമായ രാകേഷ് റോഷനെ കുറിച്ചുണ്ടായിരുന്ന പരാമര്‍ശവും ഒഴിവാക്കാന്‍ സെന്‍സര്‍ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. സിനിമയില്‍ രാകേഷ് റോഷന്റെ പേര് അപകീര്‍ത്തികരമായ സന്ദര്‍ഭത്തിലാണ് ഉപയോഗിച്ചതെന്നായിരുന്നു ആരോപണം. മാറ്റങ്ങള്‍ വരുത്തിയതിന് ശേഷമാണ് ഓഗസ്റ്റ് 8 ന് ജയിലറിന്റെ ഹിന്ദി പതിപ്പിന് സിബിഎഫ്‌സി യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.
അടുത്തിടെ ജയിലറിനെതിരെ ഐപിഎല്‍ ടീം, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരൂ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. സിനിമയിലെ ഒരു രംഗത്തിൽ, ഒരു വാടക കൊലയാളി ആർസിബി ജേഴ്സി ധരിച്ച് പ്രത്യക്ഷപ്പെടുന്നത് ടീമിന് അപകീർത്തികരമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. മാത്രമല്ല സ്ത്രീകളെ കുറിച്ച് വളരെ മോശമായി സംസാരിക്കുന്നുമുണ്ട്. 'ജയിലറിന്റെ അണിയറ പ്രവർത്തകർക്ക് ആർസിബി ജേഴ്‌സി ഉപയോഗിക്കാനുള്ള അനുമതി ഇല്ലെന്നും ഈ രംഗം ബ്രാൻഡിനെ ബാധിക്കുമെന്നുമായിരുന്നു ആർസിബിയുടെവാദം. ഒടുവിൽ ആ രംഗം നീക്കം ചെയ്യാമെന്ന ഉറപ്പിൽ കേസ് കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കി
നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത 'ജയിലർ' 2023 ലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറിയിരിക്കുകയാണ്. സിനിമ ഇതുവരെ 625 കോടി രൂപയോളം തീയേറ്റർ കളക്ഷൻ നേടിയതായാണ് റിപ്പോർട്ട്. സിനിമയുടെ വിജയത്തിന് പിന്നാലെ രജനികാന്തിനും സംവിധായകൻ നെൽസൺ ദിലീപ്കുമാറിനും സൺ പിക്‌ചേഴ്‌സ് ഉടമ കലാനിധി മാരൻ ആഡംബര കാർ സമ്മാനിച്ചിരുന്നു. വാഹനം കൂടാതെ ലാഭവിഹിതത്തിന്‍റെ ഒരു പങ്കും ഇരുവർക്കും മാരൻ സമ്മാനിക്കുകയുണ്ടായി. ഇരുവർക്കും സമ്മാനം നൽകിയ വിവരം സൺ പിക്ചേഴ്സ് തന്നെയാണ് സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവച്ചത്.