മാര്‍ക്ക് ആന്റണി എന്ന തന്റെ സിനിമയുടെ ഹിന്ദി പതിപ്പിന്റെ സെന്‍സര്‍ഷിപ്പിന് വേണ്ടി കൈക്കൂലി നല്‍കിയെന്ന തമിഴ് നടനും തമിഴ് ഫിലിം പ്രൊഡ്യൂസേര്‍സ് കൗണ്‍സിലിന്റെ പ്രസിഡന്റുമായ വിശാലിന്റെ വെളിപ്പെടുത്തല്‍ ചലച്ചിത്രരംഗത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ മുംബൈയിലെ സെന്‍സര്‍ ബോര്‍ഡ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കേണ്ടി വന്നതായി തെളിവുകള്‍ സഹിതമാണ് നടന്‍ വെളിപ്പെടുത്തിയത്. വിശാലിന്റെ പരാതിയില്‍ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സസ്പെൻഡ് ചെയ്തിരുന്നു.
എന്നാല്‍ ഈ സംഭവത്തിന് പിന്നാലെ തമിഴ് സിനിമയുടെ ഹിന്ദി പതിപ്പിന്റെ സെന്‍സര്‍ഷിപ്പ് പ്രക്രിയയില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. മുമ്പ് ഹിന്ദി പതിപ്പ് ആവശ്യമായ തമിഴ് സിനിമകള്‍ക്ക് സെന്‍സര്‍ഷിപ്പ് നല്‍കുന്നത് മുംബൈയില്‍ നിന്നാണ്. എന്നാല്‍ ഇനി മുതല്‍ തമിഴ് സിനിമകളുടെ ഹിന്ദി സെന്‍സര്‍ഷിപ്പ് തമിഴ്‌നാട്ടില്‍ തന്നെ നടത്താമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
ഇതോടെ തമിഴ് സിനിമാ നിര്‍മാതാക്കള്‍ക്ക് മുംബൈയിലേക്ക് പോകുകയോ സര്‍ട്ടിഫിക്കറ്റിന് വേണ്ടി മുബൈ സിബിഎഫ്‌സിയെ (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍) സമീപിക്കുകയോ വേണ്ടതില്ല. നിലവില്‍ തമിഴിനാട് സിബിഎഫ്‌സി തെലുങ്ക്, മലയാളം, കന്നഡ സിനിമകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ട്.
മാര്‍ക്ക് ആന്റണിയുടെ ഹിന്ദി പതിപ്പിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ആറര ലക്ഷം രൂപ നല്‍കേണ്ടി വന്നെന്നായിരുന്നു വിശാലിന്റെ വെളിപ്പെടുത്തൽ. ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനും യു എ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുമായാണ് ഈ തുക നൽകിയെതന്ന് പറഞ്ഞ വിശാല്‍ പണം കൈമാറിയതിന്റെ തെളിവുകളും ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു.
തുടര്‍ന്ന് ഫിലിം പ്രൊഡക്ഷന്‍ അസോസിയേഷന്‍ അന്വേഷണം ആവശ്യപ്പെട്ടത് അനുസരിച്ച് സിബിഐ കേസ് അന്വേഷിക്കുകയും സെന്‍സര്‍ ബോര്‍ഡ് ഉദ്യോഗസ്ഥരായ മെര്‍ലിന്‍ മേനഗ, ജീജ രാംദാസ്, രാജന്‍ എം എന്നിവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.
മുംബൈയിലെ സെന്‍സര്‍ ബോര്‍ഡ് ഓഫീസില്‍ പരിശോധന നടത്തിയ സിബിഐ പണമിടപാടുകള്‍ സംബന്ധിച്ച ചില രേഖകളും കണ്ടെടുത്തിരുന്നു. നിലവില്‍ മുംബൈ സിബിസിഐഡിയാണ് കേസന്വേഷിക്കുന്നത്.