സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണവുമായി ബന്ധപ്പെട്ട് സംവിധായകൻ വിനയൻ ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് അക്കാദമി ചെയർമാൻ രഞ്ജിത്ത്. കൊളളാവുന്ന വേറെ കുറച്ച് പണികൾ ചെയ്ത് തീർക്കാനുണ്ട്. ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവൽ അടുക്കാറായി, അതിന്റെ തിരക്കുമുണ്ട്. പറയുന്നവർ പറഞ്ഞ് തീർക്കട്ടെയെന്നും രഞ്ജിത്ത് ദ ഫോർത്തിനോട് പറഞ്ഞു.
എന്നാൽ രഞ്ജിത്തിനെ അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് വിനയൻ ഇന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകും. 2022 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിൽ രഞ്ജിത്ത് ഇടപെട്ടെന്നാണ് ആരോപണം. വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ടെന്ന ചിത്രം പുരസ്കാരത്തിന് അർഹമല്ലെന്ന് പറഞ്ഞ രഞ്ജിത്ത്, ചിത്രത്തിന് ജൂറി നൽകിയ പുരസ്കാരങ്ങൾ ഒഴിവാക്കാൻ ആവശ്യപ്പെട്ടെന്നാണ് പരാതി.
പുരസ്കാര നിർണയത്തിൽ രഞ്ജിത്തിന്റെ ഇടപെടലുണ്ടായെന്നും അക്കാദമി ചെയർമാൻ സ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്നും ജൂറി അംഗം നേമം പുഷ്പരാജ് പ്രതികരിക്കുന്ന ഓഡിയോയും വിനയൻ ഇന്നലെ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. ഈ സംഭാഷണങ്ങളും വിനയൻ സർക്കാരിന് കൈമാറും. വിഷയത്തിൽ സർക്കാർ ഇടപെടലുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് വിനയന്റെ തീരുമാനം