ENTERTAINMENT

എല്ലാ ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു; തെളിവുകള്‍ പരിശോധിക്കാം; സംവിധായകന്റെ ആരോപണത്തിനു മറുപടിയുമായി ചലച്ചിത്ര അക്കാദമി

സിനിമകൾ ഡൗണ്‍ലോഡ് ചെയ്തതിനുശേഷമാണ് പ്രദര്‍ശിപ്പിച്ചതെന്നും അക്കാദമി

വെബ് ഡെസ്ക്

ഐഎഫ്എഫ്‌കെ പ്രദര്‍ശനത്തിന് പരിഗണിക്കുന്നതിന് അയച്ച 'എറാന്‍' (The man who always obeys) എന്ന ചിത്രം ജൂറി കാണാതെ നിരസിക്കുകയായിരുന്നെന്ന സംവിധായകന്‍ ഷിജു ബാലഗോപാലന്റെ ആരോപണത്തില്‍ വിശദീകരണവുമായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി. ഐ എഫ്എ ഫ്കെ മലയാളം സിനിമാ റ്റുഡേ വിഭാഗത്തിലേക്ക് പരിഗണിക്കുന്നതിനായി സമര്‍പ്പിക്കപ്പെട്ട സിനിമകള്‍ എല്ലാം തന്നെ ചലച്ചിത്ര അക്കാദമി സെലക്ഷന്‍ കമ്മിറ്റിക്കു മുമ്പാകെ പ്രദര്‍ശിപ്പിച്ചതാണെന്ന് അക്കാദമി ഔദ്യോഗികമായി അറിയിച്ചു.

ഓണ്‍ലൈന്‍ സ്‌ക്രീനറുകളും ഗൂഗിള്‍ ഡ്രൈവ് ലിങ്കുകളുമാണ് എന്‍ട്രികളായി സമര്‍പ്പിക്കപ്പെട്ടിരുന്നതെന്നും ഇവ ഡൗണ്‍ലോഡ് ചെയ്തതിനുശേഷമാണ് പ്രദര്‍ശിപ്പിച്ചതെന്നും അക്കാദമി വിശദീകരിക്കുന്നു. ഡൗണ്‍ലോഡ് ചെയ്ത് പ്രദര്‍ശിപ്പിക്കുന്നതിനാല്‍ അക്കാദമി ഓണ്‍ലൈന്‍ ലിങ്ക് ഉപയോഗിച്ചിരുന്നില്ലെന്നും അതുകൊണ്ടുതന്നെ ഓണ്‍ലൈന്‍ സ്‌ക്രീനര്‍ അനലറ്റിക്സിന്റെ അടിസ്ഥാനത്തില്‍ സിനിമയുടെ പ്രദര്‍ശനം സംബന്ധിച്ച വിവരം അറിയാന്‍ കഴിയില്ലെന്നും അക്കാദമി ചൂണ്ടിക്കാട്ടി.

ഓണ്‍ലൈനായി സിനിമകള്‍ സ്ട്രീം ചെയ്യുമ്പോള്‍ പലപ്പോഴും ബഫറിംഗ് സംഭവിച്ച് സെലക്ഷന്‍ കമ്മിറ്റിക്ക് മികച്ച കാഴ്ചാനുഭവം നഷ്ടമാവാതിരിക്കാനാണ് പടങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് പ്രദര്‍ശിപ്പിക്കുന്നതെന്നും അക്കാദമി വ്യക്തമാക്കിയിട്ടുണ്ട്. മലയാള സിനിമാ വിഭാഗത്തിലെ എന്‍ട്രിയുമായി ബന്ധപ്പെട്ടവര്‍ക്ക് പ്രവൃത്തിദിവസങ്ങളില്‍ അക്കാദമിയില്‍ വന്ന് ഇതു സംബന്ധിച്ച ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിക്കാവുന്നതാണ്. അതിനു പുറമെ, പ്രസ്തുത ചിത്രങ്ങള്‍ കണ്ടു എന്ന് ഓരോ സെലക്ഷന്‍ കമ്മിറ്റി അംഗവും ഒപ്പിട്ട് സാക്ഷ്യപ്പെടുത്തിയ രജിസ്റ്ററും പരിശോധിക്കാവുന്നതാണെന്നും അക്കാദമി കൂട്ടിച്ചേര്‍ത്തു.

വിമിയോ ലിങ്ക് പരിശോധിച്ചതില്‍ നിന്നും വിമിയോ റിജിയന്‍ അനലിറ്റിക്സില്‍ നിന്നും ഐഎഫ്എഫ്‌കെയിലേക്ക് അയച്ച തന്റെ ചിത്രം ഒരു സെക്കന്റ് പോലും ജൂറി പ്ലേ ചെയ്തിട്ടില്ലെന്ന് മനസിലാക്കുന്നതായി ഷിജു കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ആരോപിച്ചിരുന്നു. എല്ലാ ചട്ടങ്ങളും പാലിച്ച് ഫില്‍ ചെയ്ത അപേക്ഷയോടോപ്പം വിമിയോയില്‍ അപ്ലോഡ് ചെയ്ത ലിങ്ക് ഉള്‍പ്പടെ സെപ്റ്റംബര്‍ 10ന് സമര്‍പ്പിച്ചിരുന്നുവെന്നും ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നുവെന്നും ഷിജു പറഞ്ഞിരുന്നു. സാംസ്‌കാരികവകുപ്പിന് പരാതി കൈമാറിയതായി മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് മെയില്‍ വന്നെങ്കിലും ഇതുവരെയും സാംസ്‌കാരിക വകുപ്പില്‍നിന്നോ അക്കാദമിയില്‍നിന്നോ ഒരു വിശദീകരണവും ലഭിച്ചിട്ടില്ലെന്നും ഷിജു ചൂണ്ടിക്കാട്ടിയിരുന്നു. തന്റെ സിനിമ തിരഞ്ഞെടുക്കപ്പെടാത്തതിലുള്ള പരാതി പറച്ചിലല്ല, സിനിമ കാണാതെ ഒഴിവാക്കുക എന്നത് ഗുരുതരമായ പിഴവാണ്. അത് ചൂണ്ടിക്കാണിക്കാനാണ് ഈ പോസ്റ്റ് പങ്കുവച്ചതെന്നായിരുന്നു ഷിജു വിശദീകരിച്ചത്. ഇതിനുള്ള മറുപടിയാണ് ഇപ്പോള്‍ കേരള ചലച്ചിത്ര അക്കാദമി നല്‍കിയിരിക്കുന്നത്.

ചലച്ചിത്ര അക്കാദമിയുടെ ഈ വിശദീകരണത്തിനു പിന്നാലെ കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് സിനിമകള്‍ തിരഞ്ഞെടുത്തതില്‍ ഗുരുതര പിഴവെന്ന ആരോപണവുമായി സംവിധായകന്‍ അനില്‍ തോമസ് രംഗത്തെത്തി. മലയാള സിനിമ ഇന്ന് വിഭാഗത്തിലേക്ക് സമര്‍പ്പിച്ച തന്റെ ചിത്രം ജൂറി കണ്ടിട്ടില്ലെന്ന് അനില്‍ കുറ്റപ്പെടുത്തി. ബ്രഹ്‌മപുരം മാലിന്യപ്ലാന്റ് പ്രമേയമായ ഇതുവരെ എന്ന സിനിമ ജൂറി കണ്ടിട്ടില്ലെന്നാണ് ആക്ഷേപം. സിനിമയുടെ ഓണ്‍ലൈന്‍ ലിങ്കും പാസ് വേര്‍ഡും നല്‍കിയിരുന്നു. ചിത്രം കണ്ടാല്‍ ലൊക്കേഷന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അറിയാന്‍ കഴിയും. കേരളത്തില്‍ എവിടെയും സിനിമയുടെ ലിങ്ക് തുറന്ന് കണ്ടതായി തെളിവില്ല. ഇത് വ്യക്തമാക്കുന്ന സ്‌ക്രീന്‍ഷോട്ട് സംവിധായകന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.

ബഫറിങ് പ്രശ്‌നമുള്ളതിനാല്‍ സിനിമകള്‍ ഡൗണ്‍ലോണ്‍ ചെയ്ത് കണ്ടെന്ന വിശദീകരണമാണ് അധികൃതര്‍ നല്‍കുന്നത്. എന്നാല്‍ സിനിമയുടെ ലിങ്കില്‍ ഡൗണ്‍ലോഡ് ചെയ്ത് കാണാനുള്ള അനുമതി നല്‍കിയിരുന്നില്ലെന്ന് അനില്‍ തോമസ് ദ ഫോര്‍ത്തിനോട് പറഞ്ഞു. തന്റെ അനുമതി ഇല്ലാതെ സിനിമ ഡൗണ്‍ലോഡ് ചെയ്ത് കാണുന്നത് പൈറസിയാണ്. റിലീസ് ചെയ്യാനിരിക്കുന്ന സിനിമയാണ് ഇതുവരെ. നടി സുരഭിലക്ഷ്മിക്ക് ദേശീയ പുരസ്‌കാരം ലഭിച്ച മിന്നാമിനുങ്ങ് എന്ന ചിത്രത്തിന്റെ സംവിധായകനാണ് അനില്‍തോമസ്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം