ദേശീയ പുരസ്കാര ജേതാവായ നരേഷ് അയ്യർ തന്റെ സംഗീത ജീവിതത്തിലെ ഉയർച്ച താഴ്ചകളെ കുറിച്ചും പാട്ടുകളെ കുറിച്ചും മനസ് തുറക്കുന്നു. പുറമേ സംസാരിക്കുന്നത് വളരെ കുറവാണെങ്കിലും വ്യക്തി ജീവിതത്തിൽ താൻ ഒരു അന്തർമുഖനല്ലെന്നും ചെറുപ്പം മുതലേ പാട്ടിനോടൊപ്പം സ്പോർട്സും പരിശീലിച്ചിരുന്നതായി അദ്ദേഹം പറയുന്നു. മലയാളികളോടുള്ള തന്റെ സ്നേഹവും നരേഷ് അയ്യർ പങ്കുവയ്ക്കുന്നു.
പുതിയ ചിത്രമായ ശാകുന്തളത്തിൽ മണി ശര്‍മയ്ക്കായി പാടാന്‍ അവസരം ലഭിച്ചതിലുള്ള സന്തോഷവും നരേഷ് വ്യക്തമാക്കി. 'മണി ശര്‍മ സാറിന്റെ കൂടെ പാടാന്‍ സാധിച്ചത് ഒരു പ്രത്യേക അനുഭവമായിരുന്നു. ആദ്യമായിട്ടാണ് ഞാന്‍ അദ്ദേഹത്തിനായി പാടുന്നത്. ഇതിന് മുൻപ് അവസരങ്ങൾ ലഭിച്ചിരുന്നെങ്കിലും പാടാന്‍ സാധിച്ചില്ല. ശാകുന്തളത്തിൽ അവസരം തന്നതിൽ ഞാന്‍ മണി ശര്‍മ സാറിനോട് നന്ദി പറയുന്നു'. മണി ശർമ സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിലെ 'റിഷിവനംതാനെ' എന്ന ഗാനം ആലപിച്ചിരിക്കുന്നത് നരേഷ് അയ്യരാണ്. കന്നഡ, ഹിന്ദി, തമിഴ് എന്നീ മൂന്ന് ഭാഷകളിലായിട്ടാണ് ഗാനം ആലപിച്ചിരിക്കുന്നത്.
സിനിമയിൽ പാടുന്നതിനോടൊപ്പം സ്റ്റേജ് ഷോകളിലും തരംഗമാണ് നരേഷ് അയ്യർ. 'സ്റ്റേജ് ഷോകൾക്കായി വേദിയിലെത്തുമ്പോൾ ആരാധകരിൽ നിന്ന് ലഭിക്കുന്ന കയ്യടിയും ആവേശവും സന്തോഷവുമാണ് എനിക്ക് ഊർജം പകരുന്നത്. അതിന് ഞാൻ നന്ദി പറയേണ്ടത് ആരാധകരോടും എന്റെ അഭ്യുദയകാംക്ഷികളോടുമാണ് ''- നരേഷ് അയ്യർ പറയുന്നു.
കലാകാരനെന്ന നിലയില്‍ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളെ വളരെ പോസിറ്റീവായി നോക്കിക്കാണുന്ന ആളാണ് താനെന്നും നരേഷ് അയ്യര്‍ പറയുന്നു. 'ഉയര്‍ച്ച താഴ്ചകള്‍ എല്ലാവരുടെ ജീവിതത്തിലും ഉണ്ടായിരിക്കും. ഞാന്‍ ആഗ്രഹിച്ചത് എനിക്ക് ചെയ്യാന്‍ സാധിക്കുന്നുണ്ട്. അത് വലിയൊരു അനുഗ്രമായുള്ളപ്പോള്‍ എന്തിന്റെ പേരിലാണ് ഞാന്‍ പരാതിപ്പെടുക. നന്ദിയുള്ളവരായിരിക്കുക, പരിശ്രമിച്ച് കൊണ്ടേ ഇരിക്കുക' -എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.