അവതാരകയെ അപമാനിച്ച സംഭവത്തില്‍ വിവാദങ്ങളും നടപടികളും തുടരുന്നതിനിടെ നായകന്‍ ശ്രീനാഥ് ഭാസിയെ വെട്ടി ചട്ടമ്പി സിനിമയുടെ പുതിയ പോസ്റ്റര്‍. സിനിമകളുമായി ബന്ധപ്പെട്ട് പല തരത്തില്‍ വിവാദങ്ങളുണ്ടാവാറുണ്ടെങ്കിലും നായകനെ ഒഴിവാക്കി പോസ്റ്റര്‍ ഇറക്കുന്നത് അപൂര്‍വ്വമാണ്. ചട്ടമ്പി എന്ന സിനിമ മികച്ച പ്രതികരണം നേടി മുന്നേറുന്നതിനിടെയാണ് വിവാദങ്ങളും ഇപ്പോഴത്തെ നടപടികളും.
വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ശ്രീനാഥ് ഭാസിയെ സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനമെടുത്തിരുന്നു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ഓഫീസിലേയ്ക്ക് വിളിച്ചു വരുത്തിയാണ് വിശദീകരണം ചോദിച്ചത്. നിലവില്‍ ശ്രീനാഥ് അഭിനയിക്കുന്ന ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അനുവദിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
വിവാദങ്ങള്‍ക്കിടെ ശ്രീനാഥ് ഭാസിയെ തള്ളി നേരത്തെ ചട്ടമ്പി സിനിമയുടെ സംവിധായകന്‍ അഭിലാഷ് എസ് കുമാര്‍ രംഗത്തെത്തിയിരുന്നു. സ്ത്രീകളോട് മോശമായി പെരുമാറുന്നതിനെ ന്യായീകരിക്കാനും അംഗീകരിക്കാനും സാധിക്കില്ലെന്നായിരുന്നു സംവിധായകന്റെ പ്രതികരണം.
അഭിലാഷ് എസ് കുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ചട്ടമ്പി
ആഷിഖ് അബുവിന്റെ അസോസിയേറ്റും 22 ഫീമെയില്‍ കോട്ടയം, ഡാ തടിയാ, ഗ്യാങ്‌സ്റ്റര്‍ എന്നീ ചിത്രങ്ങളുടെ രചയിതാവായ അഭിലാഷ് എസ് കുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ചട്ടമ്പി.
ആര്‍ട്ട് ബീറ്റ് സ്റ്റുഡിയോയുടെ ബാനറില്‍ ആസിഫ് യോഗിയാണ് ചിത്രം നിര്‍മിക്കുന്നത്. ശ്രീനാഥ് ഭാസിയെ കൂടാതെ ചെമ്പന്‍ വിനോദ് ജോസ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്റണി, മൈഥിലി, ആസിഫ് യോഗി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.