ENTERTAINMENT

സ്ഫടികത്തിലെ കള്ളുപാട്ടിന്റെ ഓർമയില്‍ ചിത്ര

രവി മേനോന്‍

അൽപം "വശപ്പിശകു"ള്ള പാട്ടാണ്. ശൃംഗാരം വഴിഞ്ഞൊഴുകേണ്ട പാട്ട്. രംഗവും അതുപോലെ തന്നെ. സിൽക്ക് സ്മിതയുടെ മാദകത്വം കലർന്ന ശരീരചലനങ്ങൾ, ഭാവപ്പകർച്ചകൾ, നിശ്വാസങ്ങൾ,  മൂളലുകൾ, ചിരികൾ... ഇടയ്ക്ക് നായകനായ മോഹൻലാലിനെ എണ്ണ തേപ്പിച്ചുകൊണ്ടൊരു "മാലിഷ്."

പാട്ടേതെന്ന് പറയാതെ തന്നെ അറിയാം നമുക്ക്: "ഏഴിമലപ്പൂഞ്ചോല ഹാ മാമലയ്ക്ക് മണിമാല..." ഇരുപത്തെട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഡോൾബി ഇഫക്ടുമായി വീണ്ടും തീയേറ്ററിലെത്തിയ "സ്ഫടിക"ത്തിലെ മുഖ്യ ആകർഷണങ്ങളിൽ  പി ഭാസ്കരൻ -- എസ് പി വെങ്കിടേഷ് ടീമിന് വേണ്ടി ചിത്രയും മോഹൻലാലും പാടിയ ഈ ഗാനവും അതിന്റെ ചിത്രീകരണവുമുണ്ട്. 

"ഏഴിമലപ്പൂഞ്ചോല" റെക്കോർഡ് ചെയ്തത് എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ കോദണ്ഡപാണി സ്റ്റുഡിയോയിൽ ആയിരുന്നുവെന്നോർക്കുന്നു ചിത്ര. "അവിടത്തെ വോയ്‌സ് ബൂത്തിനൊരു പ്രത്യേകതയുണ്ട്. പാടുമ്പോൾ വേണ്ടുവോളം സ്വകാര്യത ലഭിക്കും. അതുകൊണ്ട് ചമ്മലൊന്നും ഇല്ലാതെ പാടാം; വേണമെങ്കിൽ അഭിനയിച്ചു കൊണ്ടുതന്നെ.." -- ചിത്ര ചിരിക്കുന്നു. മോഹൻലാലും അവസാനഘട്ടത്തിൽ ഗാനത്തിൽ പങ്കുചേരുന്നുണ്ടെങ്കിലും ആ ഭാഗം പിന്നീടാണ് റെക്കോർഡ് ചെയ്തതെന്ന് ചിത്ര.

എന്നാൽ വെല്ലുവിളികൾ അവസാനിച്ചിരുന്നില്ല. അടുത്ത ഗാനത്തിന്റെ സിറ്റുവേഷൻ കേട്ടപ്പോൾ പകച്ചുപോയെന്ന് ചിത്ര. ഉർവശിയുടെ കഥാപാത്രം  കള്ളുകുടിച്ചു പാടുന്ന പാട്ടാണ്. "കള്ളിന്റെ ഇഫക്ട് അറിയില്ലല്ലോ നമുക്ക്. അത്തരക്കാരെ കണ്ട പരിചയമേ ഉള്ളൂ. എന്തായാലും മനസ്സിൽ ഒരു ഊഹം വെച്ച് ആ പാട്ടും പാടി. പാട്ടിന്റെ തുടക്കത്തിലെ ലഹരി കലർന്ന ശബ്ദപ്രയോഗം ഒക്കെ പരീക്ഷണമായി ചെയ്തു നോക്കിയതാണ്. ബൂത്തിലേക്ക് ആരുടേയും കണ്ണെത്താത്തതുകൊണ്ട്  ധൈര്യമായി അഭിനയിച്ചു പാടാമല്ലോ."

"സ്ഫടിക"ത്തിലെ മൂന്നാമത്തെ പാട്ട് മനോഹരമായ ഒരു മെലഡിയാണ്. ഗൃഹാതുരത്വം കലർന്ന വരികളും ഈണവും: "ഓർമകൾ ഓർമകൾ ഓടക്കുഴലൂതി." ഇതേ ഗാനം  എം ജി ശ്രീകുമാറും പാടി. നിർഭാഗ്യവശാൽ ഗാനങ്ങളെഴുതിയ ഭാസ്കരൻ മാഷ് ഇന്ന് നമുക്കൊപ്പമില്ല. മാഷ്  അവസാനമായി പാട്ടെഴുതിയ സിനിമകളിൽ ഒന്നായിരുന്നു "സ്ഫടികം". ചിത്ര പാടി അനശ്വരമാക്കിയ  ഭാസ്കര ഗീതികളിൽ സ്വപ്നങ്ങളൊക്കെയും പങ്കുവയ്ക്കാം (കാണാൻ കൊതിച്ച്), പുലർകാല സുന്ദര സ്വപ്നത്തിൽ (ഒരു മെയ് മാസപ്പുലരിയിൽ), രാപ്പാടി തൻ (ഡെയ്‌സി), പത്തുവെളുപ്പിന് (വെങ്കലം) എന്നീ പ്രശസ്ത ഗാനങ്ങളും ഉൾപ്പെടുന്നു. 

"സ്ഫടികം" ഇറങ്ങിയ കാലത്ത് സൂപ്പർ ഹിറ്റായിരുന്നു അതിലെ പാട്ടുകളും. "ഇത്രയും കാലത്തിന് ശേഷം പുതിയ സാങ്കേതിക വിദ്യയുടെ പിന്തുണയോടെ പടം വീണ്ടും തീയേറ്ററുകളിൽ എത്തുന്നു എന്നത് കൗതുകവും സന്തോഷവുമുള്ള കാര്യം. പുതിയ തലമുറയ്ക്കും കേൾക്കാമല്ലോ ആ പാട്ടുകൾ. പഴയവർക്ക് ഓർമ പുതുക്കുകയും ചെയ്യാം."-- ചിത്ര.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?