ENTERTAINMENT

ശരീരത്തെ മാധ്യമമാക്കാന്‍ തിരഞ്ഞെടുത്ത സ്വയം പീഡനത്തിന്റെ വഴികള്‍; ക്രിസ്റ്റ്യൻ ബെയ്ൽ മുതല്‍ പൃഥ്വിരാജ് വരെ

ആടുജീവിതത്തിലെ പൃഥ്വിരാജിന്റെ നജീബെന്ന കഥാപാത്രം ചർച്ചയാകുമ്പോൾ, കഥാപാത്രത്തിലേക്ക് ശാരീരികമായി പരിണമിക്കുന്നതിന് വലിയ സഹനങ്ങളിലൂടെ കടന്നുപോയ നടന്മാരെ ഓർത്തെടുക്കുകയാണ് ലേഖകൻ

സുജിത് ചന്ദ്രൻ

ആടുജീവിതത്തിൽ യാഥാർത്ഥ്യമെത്ര, സങ്കല്പമെത്ര? മരുഭൂജീവിതത്തിലെ നജീബിന്റെ പീഡാനുഭവങ്ങളേക്കാളും മാനസിക വ്യാപാരങ്ങളേക്കാളും പ്രാധാന്യം അതിജീവനത്തിനും രക്ഷപ്പെടലിനും നൽകിയോ? അങ്ങനെയങ്ങനെ വലിയ ചർച്ചയാകുന്ന ഏതിലുമെന്ന പോലെ ആടുജീവിതത്തെ ചുറ്റിപ്പറ്റിയും സാമൂഹിക മാധ്യമങ്ങളിൽ പല വിതാനങ്ങളിൽ തർക്കം ചൂടുപിടിക്കുകയാണ്. അതെന്തുമാകട്ടെ, നമ്മുടെ നല്ല സിനിമയുടെ നാൾവഴിയിലെ ഒരു അടയാളക്കല്ലായി ആടുജീവിതം മാറുമെന്നാണ് കഴിഞ്ഞ മൂന്നുദിവസമായി തീയേറ്ററുകളിലും പുറത്തുമുള്ള പ്രതികരണങ്ങൾ തരുന്ന സൂചന.

ചിത്രകാരന് ചായവും കാൻവാസുമെന്ന പോലെ, ശില്പിക്ക് ശിലയെന്ന പോലെ, ഫോട്ടോഗ്രാഫർക്ക് ക്യാമറയും വെളിച്ചവുമെന്ന പോലെ നടൻ ശരീരത്തെ സ്വന്തം മാധ്യമമായി കാണുമ്പോൾ മാത്രം സാധ്യമാകുന്ന സമർപ്പണം

'ആടുജീവിതം മലയാളത്തിന്റെ ലോകസിനിമയോ?' എന്ന ചർച്ച തുടരട്ടെ, പക്ഷേ  ബ്ലസിയുടെ ഏറ്റവും നല്ല സിനിമ, പൃഥ്വിരാജിൻ്റെ ഏറ്റവും മികച്ച കഥാപാത്രം എന്നിവയിൽ തർക്കമുണ്ടാകാനിടയില്ല. മനസും ശരീരവും ചിന്തയും കൊണ്ടുപോലും നജീബായി മാറാൻ പൃഥ്വിരാജ്  നടത്തിയ തയ്യാറെടുപ്പിനെപ്പറ്റിയും വലിയ ചർച്ച നടക്കുകയാണല്ലോ. അഭിനേതാക്കളുടെ മേക്ക് ഓവർ സിനിമയിൽ പുതുമയല്ല. പക്ഷേ  തന്നിൽ നിന്ന് തികച്ചും അന്യനായ ഒരു കഥാപാത്രമായി മാറിത്തീരാൻ അഭിനേതാവ് വർഷങ്ങൾ പ്രയത്നിക്കുന്നത്, അതിനുവേണ്ടി തീവ്രമായ ശരീരപീഡയോളമെത്തുന്ന പരിശീലനത്തിന് സ്വന്തം അഭിനയശരീരത്തെ വിധേയമാക്കുന്നത് ഒന്നും നമ്മുടെ സിനിമാ നിർമാണത്തിൽ പതിവുള്ളതല്ലല്ലോ.  

നജീബായി മാറാൻ തുടക്കത്തിൽ പൃഥ്വിരാജ് ശരീരഭാരം കൂട്ടി 98 കിലോഗ്രാമിലെത്തിച്ചു, പിന്നീട് മരുഭൂവിലെ നജീബിൻ്റെ സഹനങ്ങളുടെ നാൾവഴിക്കൊപ്പം 30 കിലോയോളം കുറച്ചു. കോവിഡ് സമയത്ത് ഷൂട്ടിങ് മുടങ്ങിയപ്പോൾ ശരീരം പഴയപടിയായി. ചിത്രീകരണം വീണ്ടും തുടങ്ങിയപ്പോൾ 67 കിലോഗ്രാമിലേക്ക് വീണ്ടും കുറച്ചു. ഹക്കീമിനെ അവതരിപ്പിച്ച യുവനടൻ ഗോകുലും ഈ വിധം തന്നെയാണ് ആടുജീവിതത്തിനായി ശരീരത്തെ പരുവപ്പെടുത്തിയത്. ചിത്രകാരന് ചായവും കാൻവാസുമെന്ന പോലെ, ശില്പിക്ക് ശിലയെന്ന പോലെ, ഫോട്ടോഗ്രാഫർക്ക് ക്യാമറയും വെളിച്ചവുമെന്ന പോലെ നടൻ ശരീരത്തെ സ്വന്തം മാധ്യമമായി കാണുമ്പോൾ മാത്രം സാധ്യമാകുന്ന സമർപ്പണം.

കഥാപാത്രത്തിലേക്ക് പൂർണമായും പ്രവേശിക്കാൻ അഭിനയശരീരത്തെ ഈ വിധം തീവ്രമായ പരീക്ഷണങ്ങൾക്ക് വിട്ടുകൊടുത്ത മറ്റു ചില അഭിനേതാക്കളെ നോക്കാം.

കഥാപാത്രത്തിന്റെ പരിപൂർണയ്ക്കായി ശരീരത്തിൽ അതിസാഹസിക പരിണാമങ്ങൾ നടത്തിയ മഹാനടന്മാരെ പട്ടികപ്പെടുത്താൻ തുനിഞ്ഞാൽ ആദ്യമോർക്കേണ്ട പേര് ക്രിസ്റ്റ്യൻ ബെയ്ൽ തന്നെയാകും. ഭ്രാന്തോളമെത്തുന്ന ഇൻസോമാനിയയുടെ തീക്ഷ്ണത ശരീരത്തിലേക്ക് ആവാഹിച്ച ട്രവർ റെസ്നിക് എന്ന മെഷീനിസ്റ്റിലെ കഥാപാത്രമാകാൻ ഈ നടൻ നടത്തിയത് അവിശ്വസനീയമായ രൂപ പരിണാമം! ദിവസം ഒരു ക്യാൻ ട്യൂണ മത്സ്യവും ഒരു ആപ്പിളും മാത്രം കഴിച്ച് നാലുമാസം, കുറച്ചത് 30 കിലോഗ്രാം. എല്ലും തോലുമായ രൂപത്തിൽനിന്ന് തൊട്ടടുത്ത സിനിമയായ നോളന്റെ ബാറ്റ്മാൻ ബിഗിൻസിനായി ഒരു വർഷം കൊണ്ട് ശരീരഭാരം കൂട്ടിയത് 45 കിലോഗ്രാം.

അമേരിക്കൻ ഹസിൽ എന്ന സിനിമക്കായി വേണ്ടതിലധികം ഭക്ഷണം കഴിച്ചും വ്യായാമം ചെയ്തും 20 കിലോഗ്രാമിലേറെ ഭാരം കൂട്ടിയതും ഇതേ ക്രിസ്റ്റ്യൻ ബെയ്ൽ തന്നെ. മെലിഞ്ഞിരിക്കുന്നതിനിടെ പെട്ടെന്ന് ശരീരഭാരം പെട്ടെന്ന് കൂട്ടിയതിനെത്തുടർന്ന് ക്രിസ്റ്റ്യൻ ബെയ്ൽ ഹെർണിയേറ്റഡ് ഡിസ്ക് എന്ന രോഗാവസ്ഥയ്ക്ക് ചികിത്സ തേടേണ്ടിവന്നുവെന്ന് അമേരിക്കൻ ഹസിലിന്റെ സംവിധായകൻ ഡേവിഡ് റസ്സൽ വെളിപ്പെടുത്തിയിട്ടുണ്ട്.


ബ്ലാക്ക് സ്വാനിലെ നതാലി പോർട്മാനെ ഓർമയില്ലേ? ഓസ്കറും ഗോൾഡൻ ഗ്ലോബും ബാഫ്തയും ആക്ടേഴ്സ് ഗിൽഡ് പുരസ്കാരും എല്ലാം വാരിക്കൂട്ടിയ നീന സയേഴ്സ് എന്ന ബാലെ നർത്തകിയാകാൻ നതാലി പത്തു കിലോഗ്രാമിലേറെ ശരീരഭാരം കുറച്ചു. കാരറ്റും ആൽമണ്ടും മാത്രം കഴിച്ചാണ് ദിവസം എട്ട് മണിക്കൂർ വരെ ബാലെ നൃത്തത്തിനായി അക്കാലത്ത് നതാലി ചെലവിട്ടത്. നൃത്തപരിശീലനത്തിനിടെ വീണ് അവരുടെ വാരിയെല്ലിന് ക്ഷതമേറ്റു. നീനയായി മാറാനുള്ള മാനസികവും ശാരീരികവുമായ തയ്യാറെടുപ്പുകൾക്കിടെ ഭ്രാന്തുപിടിക്കുമെന്നും മരിച്ചുപോകുമെന്നും വരെ തോന്നിയിട്ടുണ്ടെന്ന് നതാലി പിന്നീട് പറഞ്ഞു.


2013ൽ പുറത്തിറങ്ങിയ ഡള്ളസ് ബയേഴ്സ് ക്ലബ്ബിലെ എയിഡ്സ് രോഗി കഥാപാത്രമാകാൻ ഹോളിവുഡ് താരം മാത്യു മക്കനോഹെ കുറച്ചത് 20 കിലോഗ്രാമിലേറെ. ഇതേ സിനിമയിൽ എയിഡ്സ് രോഗിയായ ട്രാൻസ്ജെൻഡർ കഥാപാത്രമാകാൻ  നടൻ ജേറഡ് ലെറ്റോയാകാട്ടെ ഭാരം കുറയ്ക്കുക മാത്രമല്ല, ശരീരം മുഴുവൻ മെഴുക് പുരട്ടി കഥാപാത്രത്തിന്റെ ശബ്ദത്തിൽ മാത്രം സംസാരിച്ച് ചിത്രീകരണകാലം മുഴുവൻ കഴിച്ചുകൂട്ടി.

2020ൽ മികച്ച നടനും സഹനടനുമുള്ള ഓസ്കർ ഇരുവരെയും തേടിയെത്തി. വർഷങ്ങൾക്കിപ്പുറം തിരിച്ചറിയാനാകാത്ത വിധം തടിയൻ കഥാപാത്രങ്ങളുമായി ഇരുവരും വീണ്ടും അവതരിച്ചു.  2016ലെ ചാപ്റ്റർ 7ലെ കൊലയാളി കഥാപാത്രമാകാൻ 30 കിലോഗ്രാമിലേറെ ഭാരം കൂട്ടിയതും ഇതേ ജേറഡ് ലെറ്റോ. തൊട്ടടുത്ത വർഷം 2017ൽ സ്വർണഖനികളുടെ കഥ പറഞ്ഞ ക്രൈം സ്റ്റോറി ഗോൾഡിൽ  തടിയൻ കഷണ്ടിക്കാരനായി വന്ന മാത്യു മക്കനോഹെയുടെ കെന്നി വെൽസ് ഡള്ളസ് ബയേഴ്സ് ക്ലബ്ബിലെ എയിഡ്സ് രോഗിയിൽ നിന്ന് രൂപം കൊണ്ടും പെരുമാറ്റം കൊണ്ടും എത്ര ദൂരെയാണ്!


അവഞ്ചേഴ്സിലെ തോർ ആയി മാറാൻ ക്രിസ് ഹെമ്സ്വർത്ത് ശരീരത്തിൽ വരുത്തിയ മാറ്റം നോക്കൂ. ശരാശരി ശരീരപ്രകൃത്തിൽ നിന്ന് കരുത്തിൻ്റെ അവതാരമായ തോർ ആയി മാറാൻ ക്രിസ് നടത്തിയ കഠിനശ്രമം ലോകമെങ്ങുമുള്ള ബോഡി ബിൽഡർമാരുടെ പാഠപുസ്തകമാണിന്ന്. Chris Hems worth Workout എന്നൊന്ന് യുട്യൂബിൽ പരതിയാൽ മതി. സ്റ്റിറോയ്ഡുകളൊന്നും ഉപയോഗിക്കാതെ ധാരാളം ബീഫും ആവശ്യത്തിന് പ്രോട്ടീൻ പൗഡറും കഴിച്ച് ദിവസത്തിലേറെ സമയവും ജിമ്മിൽ ചെലവഴിച്ചായിരുന്നു ക്രിസ് ഹെസമ്സ്വർത്തിന്റെ മാറ്റം.

ഓൾ തിങ്സ് ഫാൾ എപ്പാർട്ടിലെ കാൻസർ ബാധിതനായ ഫുട്ബോൾ താരമായി മാറാൻ ഫിഫ്റ്റി സെന്റ് എന്ന കർട്ടിസ് ജാക്സൺ കുറച്ചത് 25 കിലോഗ്രാം ശരീരഭാരമാണ്. ഗായകൻ കൂടിയായ ഫിഫ്റ്റി സെൻ്റ് ശരീരത്തിലെ ടാറ്റൂകൾ മുഴുവൻ കഥാപാത്രത്തിനായി ലേസർ ട്രീറ്റ്മെന്റ് ചെയ്ത് മാറ്റി. രണ്ടു മാസം ദ്രവരൂപത്തിലുള്ള ഭക്ഷണം മാത്രം കഴിച്ചും ദിവസം മൂന്ന് മണിക്കൂർ ട്രഡ് മില്ലിൽ ഓടിയുമാണ് അദ്ദേഹം ശരീരത്തെ രോഗാതുരായ കഥാപാത്രമായി ഒരുക്കിയത്.


മോൺസ്റ്ററിലെ വിചാരണ നേരിടുന്ന ഐലീൻ വുർനോസ് എന്ന സീരിയൽ കില്ലർ കഥാപാത്രമാകാൻ അതിശയിപ്പിക്കുന്ന രൂപമാറ്റം വരുത്തിയ ചാർളിസ് തെറൺ. ഹോളിവുഡ് സൗന്ദര്യസങ്കൽപത്തിന്റെ ഐക്കണുകളിലൊന്നായ സൂപ്പർ താരത്തെ മോൺസ്റ്ററിൽ തിരിച്ചറിയാൻ പ്രയാസം തോന്നും. ഭാരം കൂട്ടാൻ ചാർളിസ് ഡോണറ്റും ഉരുളക്കിഴങ്ങ് വറുത്തതും വയറു നിറയെ കഴിക്കുമായിരുന്നു. കഥാപാത്രത്തിന്റെ രൂപത്തിലേക്ക് മാറാൻ മാത്രമല്ല, യഥാർത്ഥ ജീവിതത്തിലെ ഐലീൻ വുർനോസിൻ്റെ ജീവിത ശൈലിയും ഭക്ഷണരീതികളും പകർത്തി ആന്തരികമായി ആ കഥാപാത്രത്തോട് താദാത്മ്യപ്പെടാൻ കൂടിയായിരുന്നു ഇതെന്ന് ചാർളിസ് തെറൺ പറഞ്ഞിട്ടുണ്ട്. ആ പ്രയത്നം ഫലം കണ്ടു, 2004ൽ ചാർളിസ് മികച്ച നടിക്കുള്ള ഓസ്കർ നേടിയത് ഈ പ്രകടനത്തിനായിരുന്നു.  

തിരിച്ചറിയാനാകാത്ത രൂപമാറ്റമുണ്ടാകും വിധം കഥാപാത്രങ്ങൾക്കായി ശരീരഭാരം കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്ന നടനാണ് ജോണ ഹിൽ. 2014ൽ ആക്ഷൻ കോമഡി ചിത്രമായ 22 ജംപ് സ്ട്രീറ്റിൽ കാണുന്ന മെലിഞ്ഞ യുവാവിനെ അവതരിപ്പിച്ച നടൻ തന്നെയോ 2016ൽ പുറത്തിറങ്ങിയ വാർ ഡോഗ്സിലെ ആയുധവ്യാപാരിയായ തടിയൻ നടനെന്ന് നമ്മൾ അത്ഭുതപ്പെട്ടു പോകും. സൂപ്പർ ബാഡ്, ദിസ് ഈസ് ദ എൻഡ് തുടങ്ങിയ സിനിമകളിലും ജോണ ഹിൽ തടിയൻ ലുക്കിലാണ് എത്തിയത്.

ശാരീരികമായുള്ള തയ്യാറെടുപ്പ് മാത്രമല്ല, അഭിനയത്തെ തീക്ഷ്ണമായ അനുഭവപ്രക്രിയയാക്കാൻ അതിലും കഠിനമായ മാനസിക പരീക്ഷണങ്ങളിലൂടെ കടന്നുപോയ അഭിനേതാക്കളുമുണ്ട്. മൈ ലെഫ്റ്റ് ഫുട്ട് എന്ന വിഖ്യാത സിനിമയുടെ ചിത്രീകരണ വേളയിൽ സെറിബ്രൽ പാൾസി ബാധിച്ച കഥാപാത്രമായി മാനസികമായി മാറാൻ വിഖ്യാത നടൻ ഡാനിയേൽ ഡേ ലൂവിസ് എട്ടുമാസം നീണ്ട ചിത്രീകരണ കാലം മുഴുവൻ സെറ്റിൽ വീൽ ചെയറിൽ നിന്ന് എഴുന്നേൽക്കാതെ കഴിച്ചുകൂട്ടിയിട്ടുണ്ട്. പ്രൊഡക്ഷൻ സഹായികൾ അദ്ദേഹത്തെ എടുത്തായിരുന്നു സെറ്റിലേക്ക് കൊണ്ടുവന്നിരുന്നത്. ഈ നീണ്ട എട്ട് മാസവും അവർക്ക് ഭക്ഷണം അദ്ദേഹത്തിൻ്റെ വായിൽ വച്ച് കൊടുക്കേണ്ടി വന്നു.

ഡാനിയേൽ ഡേ ലൂവിസ് ചിത്രീകരണ സംഘത്തിനാകെ ഇത്തരത്തിൽ അലോസരമുണ്ടാക്കിയത് മനഃപൂർവമായിരുന്നു. ഒതുക്കിപ്പറയുന്ന പിറുപിറുക്കലുകളും പരിഹാസവും സ്വയം ഏറ്റുവാങ്ങി കഥാപാത്രം ശാരീരിക പരിമിതി കാരണം കഥാഗതിയിൽ ഏറ്റുവാങ്ങുന്ന നിന്ദകളെ ഉൾക്കൊണ്ട് ആവിഷ്കരിക്കാൻ സ്വയം തയ്യാറെടുക്കുകയായിരുന്നു നടൻ! ഭ്രാന്തമെന്ന് വരെ തോന്നാവുന്ന വിചിത്രമായ തയ്യാറെടുപ്പുകൾ ഡാനിയേൽ ഡേ ലൂവിസ് കരിയറിലുടനീളം കഥാപാത്രങ്ങൾക്കായി നടത്തി. പതിനേഴാം നൂറ്റാണ്ടിൻ്റെ പരിസരത്തിൽ കഥ പറഞ്ഞ ദി ക്രൂസിബിൾ എന്ന സിനിമയുടെ സമയത്ത് അന്നത്തെ കാലം പരമാവധി പുനഃസൃഷ്ടിച്ച അന്തരീക്ഷത്തിൽ വൈദ്യുതിയടക്കം ആധുനിക സൌകര്യങ്ങളൊന്നുമില്ലാതെ പ്രാചീന വസ്ത്രങ്ങൾ ധരിച്ച്, പഴങ്ങളും മറ്റും മാത്രം കഴിച്ചാണ് മാസങ്ങളോളം ഡാനിയേൽ ഡേ ലൂവിസ് ജീവിച്ചത്.

ഹോളിവുഡിലും ലോകസിനിമയിലും മാത്രമല്ല, ഐയിലെ വിവിധ ഗെറ്റപ്പുകൾക്കായി നമ്മുടെ വിക്രം 30 കിലോഗ്രാം വരെ ശരീരഭാരം കൂട്ടുകയും കുറയ്ക്കുകയും ചെയ്തിരുന്നു. മുൻനിരയിലെ പല്ല് ആ സിനിമയിലെ കഥാപാത്രത്തിനായി അദ്ദേഹം എടുത്തുമാറ്റി. അന്ന് സംവിധായകൻ ശങ്കർ പറഞ്ഞു: ''എല്ലാരും ഉയിരെ കൊടുത്തു നടിച്ചിരുക്ക് എന്ന് സൊല്ലുവാങ്കെ, ആനാ വിക്രം ഉടലെയും കൊടുത്ത് നടിച്ചിരുക്കാങ്കെ...''

1983ൽ ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കഥ പറഞ്ഞ സ്പോർട്സ് ഡ്രാമ 83ൽ കപിൽ ദേവായി മാറാൻ രൺവീർ സിങ് നടത്തിയ പരിശ്രമം സമാനമാണ്. ദിവസം മൂന്ന് മണിക്കൂർ വീതം ജിമ്മിൽ അധ്വാനിച്ചാണ് രൺവീർ പത്ത് കിലോഗ്രാമിലേറെ തടി കുറച്ചത്. മാത്രമല്ല, കപിൽ ദേവിന്റെ ശൈലിയിൽ ബാറ്റ് ചെയ്യാൻ ആറ് മാസക്കാലം ദിവസം നാല് മണിക്കൂർ രൺവീർ ക്രിക്കറ്റ് പരിശീലനവും നടത്തി.

അപൂർവ സഹോദരങ്ങൾക്കായും ആളവന്താനുവേണ്ടിയും ഒക്കെ കമൽഹാസനും ദംഗലിനായി അമീർ ഖാനുമെല്ലാം അത്ഭുതപ്പെടുത്തുന്ന രൂപപരിണാമങ്ങൾ ശരീരത്തിൽ വരുത്തിയിട്ടുണ്ട്. ഈ നിരയിലേക്കാണ് പൃഥ്വിരാജിന്റെ സ്വയം സമർപ്പണം ഉയരുന്നതെന്ന് ഒട്ടും അതിശയോക്തിയില്ലാതെ പറയാം. കഥാപാത്രമായി ശരീരം കൊണ്ടും സകല ആത്മാശംങ്ങളിലും മാറിത്തീർന്ന് ശൈലീകൃതാഭിനയത്തിൻ്റെ ഒരനുഭവകാലം പൃഥ്വി താണ്ടിയിരിക്കുന്നു. ആടുജീവിതത്തിന് മുമ്പും പിമ്പുമെന്ന് അദ്ദേഹത്തിന്റെ അഭിനയകാലത്തെ ഇനി നമുക്കെണ്ണാം.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം