എക്കാലത്തെയും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ബയോപിക്കെന്ന പദവി സ്വന്തമാക്കി ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ഓപ്പണ്‍ഹൈമര്‍. ബ്രയാന്‍ സിങ്ങറിന്റെ ബൊഹീമിയന്‍ റാപ്‌സൊഡിയെന്ന ബയോഗ്രഫിക്കല്‍ മ്യൂസിക്കല്‍ ഡ്രാമാ ഫിലിമിനെ മറികടന്നാണ് നേട്ടം. ബ്രിട്ടീഷ് റോക്ക് ബാന്‍ഡ് ക്വീന്‍സ് ഫ്രെഡി മെര്‍ക്കുറിയുടെ ജീവിതത്തെക്കുറിച്ചുള്ള ബൊഹീമിയന്‍ റാപ്‌സൊഡി - 910.8 ദശലക്ഷം ഡോളര്‍ ബോക്സ് ഓഫീസ് കളക്ഷന്‍ നേടി റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു. ആ റെക്കോര്‍ഡിനെ മറികടന്ന് 912.7 ദശലക്ഷം ഡോളറിന്റെ അമ്പരിപ്പിക്കുന്ന കളക്ഷനാണ് ഓപ്പണ്‍ഹൈമര്‍ നേടിയത്.
ലോക ബോക്‌സ് ഓഫീസില്‍ തരംഗം തീര്‍ത്ത് മുന്നേറിയ ക്രിസ്റ്റഫര്‍ നോളന്‍ ചിത്രമാണ് ഓപ്പണ്‍ഹൈമര്‍. ആറ്റംബോംബിന്റെ പിതാവ് അറിയപ്പെടുന്ന ജെ റോബര്‍ട്ട് ഓപ്പണ്‍ഹൈമറിന്റെ ജീവിതവും അദ്ദേഹത്തിന്റെ മാന്‍ഹട്ടന്‍ പ്രൊജക്ടുമാണ് ചിത്രത്തിന്റെ പ്രമേയം. കിലിയന്‍ മര്‍ഫിയാണ് ചിത്രത്തില്‍ നായകന്‍. നോളന്റെ ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സൂപ്പര്‍ ഹീറോ ഇതര ചിത്രമെന്ന റെക്കോര്‍ഡും ഓപ്പണ്‍ഹൈമറിനാണ്. ബോക്‌സോഫീസില്‍ 826 ദശലക്ഷം ഡോളര്‍ നേടിയ ഇന്‍സപ്ഷനെ മറികടന്നാണ് ഈ നേട്ടം.
എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന വരുമാനം നേടിയ ആര്‍-റേറ്റഡ് ചിത്രമെന്ന ബഹുമതിയും ഓപ്പണ്‍ഹൈമറിന് സ്വന്തം. 1.066 ബില്യണ്‍ ഡോളര്‍ നേടിയ 2019 ലെ ബ്ലോക്ക്ബസ്റ്റര്‍ ജോക്കറിന് തൊട്ടുപിന്നിലാണ് നേട്ടം. ഓപ്പണ്‍ഹൈമര്‍ നിലവില്‍ 2023-ലെ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ മൂന്നാമത്തെ ചിത്രമാണ്.
ചിത്രത്തില്‍ ഓപ്പണ്‍ഹൈമറായി വേഷമിടുന്ന കിലിയന്‍ മര്‍ഫി ലൈംഗികബന്ധത്തിനിടെ ഭഗവദ് ഗീത വായിക്കുന്ന രംഗം ഇന്ത്യയില്‍ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. ഈ രംഗം ഹിന്ദുത്വത്തിനെതിരായ ആക്രമണമാണെന്നും അത് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ അടിയന്തര നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് 'സേവ് കള്‍ച്ചര്‍ സേവ് ഇന്ത്യ ഫൗണ്ടേഷന്‍' ആണ് ആദ്യം രംഗത്തെത്തിയത്. പറയുന്നത്. ഭഗവദ് ഗീത വിവാദങ്ങള്‍ക്കിടയിലും വലിയ സ്വീകാര്യതയാണ് ഹോളിവുഡ് ചിത്രത്തിന് ഇന്ത്യയില്‍ ലഭിച്ചത്.