ENTERTAINMENT

ഓസ്‌കര്‍ ആസ്വദിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഞാനൊരു വിഡ്ഢിയായിരിക്കും: കിലിയൻ മർഫി

എന്റർടെയ്ൻമെന്റ് ഡെസ്ക്

ഓസ്‌കര്‍ നാമനിർദേശപട്ടിക പുറത്തുവന്നതോടെ വാർത്തകളിൽ നിറയുകയാണ് ഹോളിവുഡ് സൂപ്പർതാരം കിലിയൻ മർഫി. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ക്രിസ്റ്റഫർ നോളൻ ചിത്രം ഓപ്പണ്‍ഹെയ്മറിലൂടെ മികച്ച നടനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം സ്വന്തമാക്കിയ ഓസ്കർ പട്ടികയിലും ഇടം പിടിച്ചിട്ടുണ്ട്. ആറ്റം ബോംബിന്റെ പിതാവായ റോബർട്ട് ജെ ഓപ്പൺഹൈമർ ആയി വെള്ളിത്തിരയിൽ അവിസ്‌മരണീയ പ്രകടനമായിരുന്നു കിലിയൻ മർഫിയുടേത്. അടുത്ത മാസം 11ന് നടക്കാനിരിക്കുന്ന ഓസ്കറിൽ മികച്ച ചിത്രം, മികച്ച നടൻ, മികച്ച സംവിധായകൻ, മികച്ച സഹനടൻ ഉൾപ്പടെ 13 നോമിനേഷനുകളാണ് ഓപ്പണ്‍ഹെയ്മർ നേടിയെടുത്തത്.

ഹോളിവുഡിന്റെ ഗ്ലാമറും താരപരിവേഷവും തെല്ലും ഭ്രമിപ്പിച്ചിട്ടില്ലാത്ത താരമാണ് കിലിയൻ. പക്ഷെ നിരന്തരം സിനിമാലോകത്തെ വെള്ളിവെളിച്ചത്തിൽ നിന്നും ഓടി ഒളിക്കുന്ന കിലിയൻ വരാനിരിക്കുന്ന ഓസ്കാർ ചടങ്ങുകൾ ആസ്വദിക്കാൻ ശ്രമിക്കുമെന്നാണ് കഴിഞ്ഞ ദിവസം ബിബിസി റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. തന്റെ പരിമിതമായ കംഫർട്ട് സോൺ വിട്ട് ഓസ്‌കര്‍ വേദിയിലേക്കെത്തുമ്പോൾ എങ്ങനെ നേരിടുമെന്ന അവതാരകന്റെ ചോദ്യത്തിന് 'ഓസ്കർ ആസ്വദിക്കാതിരിക്കണമെങ്കിൽ താനൊരു വിഡ്ഢിയായിരിക്കണം എന്നായിരുന്ന് കിലിയന്റെ മറുപടി.

ഓരോ ചിത്രത്തിലും കഥാപാത്രത്തിനനുസൃതമായി അവിസ്മരണീയമായ പകർന്നാട്ടം നടത്തുന്ന കിലിയൻ മർഫി പക്ഷെ ജീവിതത്തിൽ വളരെ അന്തർമുഖനായി കുടുംബത്തിനുള്ളിൽ തന്നെ ഒതുങ്ങി ജീവിക്കാനാഗ്രഹിക്കുന്ന വ്യക്തിയാണ്. താരം തന്നെ ഇക്കാര്യം നിരവധി അഭിമുഖങ്ങളിൽ പല തവണ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴും സമൂഹമാധ്യമങ്ങൾ ഉപയോഗിക്കാത്ത ചുരുക്കം ചില സിനിമാതാരങ്ങളിൽ ഒരാളാണ് കിലിയൻ. ലോകമെമ്പാടുമുള്ള ഭൂരിഭാഗം ആളുകളും നിത്യജീവിതത്തിലെ സമൂഹമാധ്യമങ്ങളിലും ഉപയോഗിക്കുന്ന പല ന്യൂ ജൻ പദങ്ങളും ചുരുക്കെഴുത്തുകളും ഒരു അഭിമുഖത്തിനിടെ അറിയില്ലെന്ന് പറഞ്ഞ കിലിയന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലെ ഇമോജികളുടെ ഉപയോഗത്തെ പറ്റി ചോദിച്ച അവതാരികയുടെ ചോദ്യത്തിന് 'വാക്കുകൾ ശരിയായി ഉച്ചരിക്കാനാണ് താൻ ശ്രമിക്കാറുള്ളതെന്നായിരുന്നു' താരത്തിന്റെ മറുപടി.

റെഡ് ഐ, ഹിറ്റ് ബിബിസി ക്രൈം സീരീസ് പീക്കി ബ്ലൈൻഡേഴ്‌സ് എന്നിവയിലൂടെ ശ്രദ്ധേയനായ താരമാണ് കിലിയൻ മർഫി. കിലിയൻ അവതരിപ്പിച്ച ടോമി ഷെൽബി എന്ന കഥാപാത്രം ലോകപ്രശസ്തമാണ്.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം