സിനിമാ സർട്ടിഫിക്കേഷൻ നിയമം കർശനമാക്കി സെൻസർ ബോർഡ്. ബ്ലർ ( അവ്യക്തമാക്കിയ) ചെയ്ത ദൃശ്യങ്ങളിൽ അടക്കം മദ്യത്തിന്റെ ബ്രാൻഡ് മനസിലാകുന്നുണ്ടെങ്കിൽ അത്തരം സീനുകൾ നീക്കം ചെയ്യാനാണ് തീരുമാനം. അവ്യക്തമാക്കിയാലും 30 സെക്കൻഡിൽ കൂടുതലുള്ള വയലൻസ് രംഗങ്ങളും നീക്കം ചെയ്യും.
മദ്യത്തിന്റെ ബ്രാൻഡ് മനസിലാകുന്ന തരത്തിലുള്ള ദൃശ്യങ്ങൾ ഉപയോഗിക്കരുതെന്ന നിയമം നേരത്തെയുള്ളതാണ് , എന്നാൽ ബ്ലർ (അവ്യക്തമാക്കിയ) ചെയ്തിട്ടും ബ്രാൻഡ് വ്യക്തമാകുന്ന തരത്തിലുളള ദൃശ്യങ്ങൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നതിനാലാണ് നിയമം കൂടുതൽ കർശനമാക്കിയതെന്ന് കേന്ദ്രസെൻസർ ബോർഡ് അംഗം ദ ഫോർത്തിനോട് പറഞ്ഞു. മദ്യത്തിന്റെ പരസ്യം രാജ്യത്ത് നിയമം മൂലം നിരോധിച്ചതാണ് . അതിനാൽ തന്നെ ബ്രാൻഡ് മനസിലാകുന്ന തരത്തിലുള്ള ഒരു ദൃശ്യങ്ങളും അനുവദിക്കില്ലെന്നും സെൻസർ ബോർഡ് അംഗം വ്യക്തമാക്കുന്നു . അതിന് അർത്ഥം മദ്യപിക്കുന്ന ദൃശ്യങ്ങൾ അനുവദിക്കില്ല എന്നല്ല , ബ്രാൻഡിന്റെ പേരില്ലാത്ത കുപ്പികളിൽ മദ്യം പ്രദർശിപ്പിക്കുന്നതിനും വിലക്കില്ല, സെൻസർ ബോർഡ് അംഗം വിശദീകരിച്ചു
എന്നാൽ ഇതുസംബന്ധിച്ച കൃത്യമായ നിർദേശങ്ങൾ ലഭിച്ചിട്ടില്ലെന്ന് ഫെഫ്ക കുറ്റപ്പെടുത്തി. നിർദേശങ്ങളിൽ വ്യക്തതയില്ലെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ജി എസ് വിജയൻ ദ ഫോർത്തിനോട് പറഞ്ഞു. ആ സാഹചര്യത്തിലാണ് ഫെഫ്ക അംഗങ്ങളുടെ ശ്രദ്ധക്കായി കുറിപ്പ് ഇറക്കിയത്
ഫെഫ്ക ജനറൽ സെക്രട്ടറിയുടെ വാക്കുകൾ
ജാക്ശൺ ബസാർ യൂത്ത് എന്ന ചിത്രത്തിന്റെ സർട്ടിഫിക്കേഷനായി സെൻസർ ബോർഡിനെ സമീപിച്ചപ്പോൾ ബ്ലർ ചെയ്ത ദൃശ്യങ്ങളും ഇനി മുതൽ അനുവദിക്കില്ലെന്ന നിർദേശം മാത്രമാണ് ലഭിച്ചത്. മദ്യം ബ്രാൻഡ് ചെയ്യപ്പെടുന്ന ദൃശ്യങ്ങൾ ഒഴിവാക്കണമെന്നാണോ അവർ ഉദ്ദേശിച്ചത് എന്ന് സിനിമാ പ്രവർത്തകർക്ക് മനസിലായിട്ടില്ല, ഇതുമായി ബന്ധപ്പെട്ട കൃത്യമായ ഒരു നിർദേശവും സെൻസർബോർഡിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും ഫെഫ്ക കുറ്റപ്പെടുത്തുന്നു.