കോളേജ് ഡേ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ സംഗീതസംവിധായകനും ഗായകനുമായ ഡോ. ജാസി ഗിഫ്റ്റിനെ കോളേജ് പ്രിൻസിപ്പൽ അപമാനിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. എറണാകുളം കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ് പ്രിൻസിപ്പൽ ഡോ. ബിനുജ ജോസഫാണ്, സ്റ്റേജിൽ പാടിക്കൊണ്ടിരുന്ന ജാസി ഗിഫ്റ്റിൽനിന്ന് മൈക്ക് തട്ടിയെടുത്തശേഷം പാട്ട് നിർത്താന്‍ ആവശ്യപ്പെട്ടത്. ഒരു ഗായകൻ മാത്രം പാടിയാൽ മതിയെന്ന് പറഞ്ഞായിരുന്നു പ്രിൻസിപ്പലിന്റെ നടപടിയെന്നാണ് ആരോപണം.
ജാസി ഗിഫ്റ്റിനൊപ്പം വർഷങ്ങളായി ഗാനം ആലപിക്കുന്ന സജിൻ ജയരാജ് കോറസ് പാടാൻ കോളേജിലെത്തിയിരുന്നു. ഇരുവരും പാടുന്നതിനിടയില്‍ പ്രിന്‍സിപ്പല്‍ സ്റ്റേജിൽ കടന്നുവന്ന് മൈക്ക് പിടിച്ചുവാങ്ങുകയായിരുന്നു. ഇതോടെ സ്റ്റേജിൽനിന്ന് ജാസി ഗിഫ്റ്റ് ഇറങ്ങിപ്പോയി. കരിയറിൽ ഇങ്ങനെയൊരു അപമാനം നേരിട്ടിട്ടില്ലെന്ന് ജാസി ഗിഫ്റ്റ് പറഞ്ഞു. സംഭവത്തെക്കുറിച്ച് ജാസി ഗിഫ്റ്റും സജിൻ ജയരാജും ദ ഫോർത്തിനോട് പ്രതികരിക്കുന്നു.
''കഴിഞ്ഞ ദിവസമാണ് ഞാൻ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജിൽ കോളേജ് ഡേ ഉദ്ഘാടനത്തിനെത്തിയത്. സ്വാഭാവികമായി സ്റ്റേജിൽ പാടുകയും ചെയ്തു. രണ്ടാമത്തെ ഗാനം പാടുന്നതിനിടയ്ക്കാണ് പ്രിൻസിപ്പൽ സ്റ്റേജിൽ കയറിവന്നത്. ഫോർ ദ പീപ്പിൾ മുതൽ എന്നോടൊപ്പമുള്ള സജിനും ആ ഗാനം ആലപിക്കാനുണ്ടായിരുന്നു. സജിൻ പാടി തുടങ്ങിയപ്പോൾതന്നെ പ്രിൻസിപ്പൽ സ്റ്റേജിൽ കയറിവരികയും മൈക്ക് പിടിച്ചുവാങ്ങി ഒരാൾ മാത്രം പാടിയാൽ മതിയെന്ന് പറയുകയുമായിരുന്നു,'' ജാസി ഗിഫ്റ്റ് പറഞ്ഞു.
എന്താണ് പ്രിൻസിപ്പലിനെ പ്രകോപിപ്പിച്ചതെന്ന് അറിയില്ല. ഇതൊരു പെയ്ഡ് പരിപാടിയാണെന്നും ഇതിവിടെ അനുവദിക്കില്ലെന്നുമായിരുന്നു മൈക്കിലൂടെ അവർ വിളിച്ചുപറഞ്ഞത്. എന്റെ ഇത്രയും നാളത്തെ കരിയറിൽ ഇങ്ങനെയൊരു അപമാനം നേരിട്ടിട്ടില്ല. ഞാനെന്ന ഭാവത്തോടെയായിരുന്നു അവർ പെരുമാറിയത്. ഗായകനെന്നതിലുപരി അവരെപ്പോലെ പഠിച്ച് ഡോക്ടറേറ്റ് എടുത്തിട്ടുള്ള വ്യക്തിയാണ് ഞാനും.
പരിപാടിയിൽ എന്തെങ്കിലും എതിർപ്പുണ്ടെങ്കിൽ പാട്ട് തുടങ്ങുന്നതിനുമുമ്പോ അല്ലെങ്കിൽ പാടിക്കകഴിഞ്ഞോ അവർക്ക് പറയാമായിരുന്നു. അല്ലാതെ ഒരാൾ പാടികൊണ്ടിരിക്കെ മൈക്ക് പിടിച്ചുവാങ്ങുന്നത് അംഗീകരിക്കാനാവില്ല. ഏറ്റവും വലിയ തമാശ പാട്ട് പാടുന്നതിന്, പരിപാടിയിൽ എന്നെ സ്വാഗതം ചെയ്തത് അവരായിരുന്നുവെന്നതാണെന്നും ജാസി ഗിഫ്റ്റ് പറഞ്ഞു.
''കോളേജിൽ പരിപാടിയുടെ ഭാഗമായി കുട്ടികൾക്കുവേണ്ടി പാടുകയാണ് ചെയ്തത്. കോറസായി മറ്റൊരാൾ പാടുന്നത് ഇഷ്ടമായില്ലെങ്കിൽ പാടിക്കഴിഞ്ഞതിനുശേഷം പറയാമായിരുന്നു,'' സജിന്‍ ജയരാജ് പറഞ്ഞു.
പാടുന്നതിനിടെ മൈക്ക് പിടിച്ച് വാങ്ങുന്നതൊക്കെ ധാർഷ്ട്യമാണ്. സ്റ്റേജിൽ അപമാനിതനായതിനേക്കാൾ ജാസിച്ചേട്ടനെ പോലെ മുതിര്‍ന്ന ഗായകനെ അപമാനിച്ചതാണ് കൂടുതൽ വിഷമം. സ്റ്റേജിൽ മൈനസ് ട്രാക്കിട്ട് കുട്ടികൾക്കായി പാടുന്നതിനെ ബാൻഡ് അടക്കം വെച്ച് ഒരു ഷോയായി അവതരിപ്പിക്കുന്നതായിട്ടാണ് അവർ മനസിലാക്കിയത്, അത്തരത്തിലായിരുന്നു അവരുടെ പ്രതികരണം. ശരിക്കും ഞങ്ങളുടെ തൊഴിലിടത്തിൽനിന്ന് അപമാനിക്കപ്പെടുന്ന അവസ്ഥയാണ് ഉണ്ടായതെന്നും സജിൻ പറഞ്ഞു.
സംഭവത്തിൽ കോളേജിലെ വിദ്യാർഥികളിൽനിന്ന് പൂർണപിന്തുണയാണ് ലഭിച്ചതെന്ന് ജാസി ഗിഫ്റ്റ് പറഞ്ഞു. പ്രിൻസിപ്പൽ സ്റ്റേജിൽ കയറി പാട്ട് നിർത്തിച്ചപ്പോൾ മുതൽ വിദ്യാർഥികൾ പ്രതിഷേധിച്ചെന്നും ഇപ്പോഴും പലരും ക്ഷമ പറഞ്ഞ് സന്ദേശം അയക്കുന്നുണ്ടെന്നും ജാസി ഗിഫ്റ്റ് പറഞ്ഞു. യൂത്തിനോടുള്ള അവരുടെ മോശം പെരുമാറ്റത്തിന്റെ ഭാഗമായാണ് സ്റ്റേജിൽ കയറിവന്ന് പാട്ട് തടസപ്പെടുത്തിയത്. പാടുന്നതും അതിന് കുട്ടികൾ ഡാൻസ് കളിക്കുന്നതും കോറസ് പാടുന്നതുമൊക്കെ എങ്ങനെയാണ് പ്രശ്‌നമാവുകയെന്ന് മനസിലാവുന്നില്ലെന്നും ജാസി ഗിഫ്റ്റ് പറഞ്ഞു.
അതേസമയം, പുറത്തുനിന്നുള്ള ആളുകളുടെ സംഗീതനിശ കോളേജിൽ നടത്തുന്നതിന് നിയന്ത്രണങ്ങളുണ്ടെന്നും ഇക്കാര്യം മൈക്ക് വാങ്ങി പറയുക മാത്രമാണ് ചെയ്തതെന്നുമാണ് സംഭവത്തെക്കുറിച്ച് പ്രിൻസിപ്പൽ മാധ്യമങ്ങളോട് പ്രതികരിച്ചത്.