'ആട്ടം' മുതൽ ഇന്നിറങ്ങിയ 'മഞ്ഞുമൽ ബോയ്സ്' അടക്കം ഈ വർഷം ഇതുവരെ തീയേറ്ററിലെത്തിയത് 27 മലയാള ചിത്രങ്ങളാണ്. ഗിരീഷ് എ ഡി യുടെ പ്രേമലു 2024 ലെ ആദ്യ 50 കോടി ചിത്രമായപ്പോൾ മൂന്ന് ചിത്രങ്ങൾ സൂപ്പർ ഹിറ്റടിച്ചു. ജയറാമിന്റെ മിഥുൻ മാനുവൽ തോമസ് ചിത്രം ഓസ്ലർ, ടോവിനോയുടെ അന്വേഷിപ്പിൻ കണ്ടെത്തും, മമ്മൂട്ടിയുടെ ഭ്രമയുഗം എന്നിവയാണ് ഹിറ്റ് അടിച്ച ചിത്രങ്ങൾ. ഇന്ന് എത്തിയ മഞ്ഞുമൽ ബോയ്സിനും പോസിറ്റീവ് പ്രതികരണങ്ങളാണ് ലഭിക്കുന്നത്. പ്രീബുക്കിങ്ങിൽ തന്നെ മികച്ച കളക്ഷൻ ലഭിച്ച മഞ്ഞുമലിന് മികച്ച പ്രതികരണം ലഭിക്കുന്നതോടെ ചിത്രം ബ്ലോക്ക് ബസ്റ്റർ ഹിറ്റിലേക്ക് നീങ്ങുമെന്നാണ് കണക്കുക്കൂട്ടൽ. 'ആട്ടം' നിരൂപക പ്രശംസയടക്കം നേടിയെങ്കിലും തീയേറ്ററിൽ കളക്ഷനുണ്ടാക്കിയില്ല. ഏറ്റവും പ്രതീക്ഷയോടെ എത്തിയ വാലിബന് ഫാൻസ് ഷോ പ്രതികരണങ്ങൾ തിരിച്ചടിയായതോടെ ബോക്സ് ഓഫീസിൽ കിങ് ഓഫ് കൊത്തയുടെ അവസ്ഥയായി. എങ്കിലും കോവിഡിന് ശേഷം തുടർച്ചയായ ഹിറ്റുകൾ ലഭിക്കുന്നത് ഇതാദ്യമായാണെന്ന് തീയേറ്റർ ഉടമകളും സമ്മതിക്കുന്നു.
കോവിഡിന് ശേഷമുള്ള അനൂകൂല സാഹചര്യത്തിൽ എന്തിന് പ്രതിഷേധം?
കഴിഞ്ഞ വർഷം ജൂഡ് ആന്തണി ചിത്രം 2018, 200 കോടി ക്ലബിലും ആർഡിഎക്സും കണ്ണൂർ സ്‌ക്വാഡും 100 കോടി ക്ലബിലും ഇടം നേടിയെങ്കിലും കേരളത്തിലെ തീയേറ്റർ വ്യവസായത്തെ താങ്ങി നിർത്തിയത് അന്യഭാഷ ചിത്രങ്ങളാണ്... പക്ഷേ ഇക്കുറി മലയാള സിനിമ തിരികെ കളം പിടിക്കുന്ന സാഹചര്യത്തിലും നാളെ മുതൽ തീയേറ്ററുകളിൽ പുതിയ മലയാള സിനിമ റിലീസ് ചെയ്യില്ലെന്ന തീരുമാനത്തിലാണ് തീയേറ്റർ ഉടമകൾ. തീയേറ്ററിൽ മലയാള ചിത്രങ്ങൾ വിജയിക്കുമ്പോഴും ആ വിജയത്തിന്റെ പങ്ക് എല്ലാ തീയേറ്ററുകൾക്കും ലഭിക്കാത്ത സാഹചര്യത്തിലാണ് പ്രതിഷേധ മാർഗത്തിലേക്ക് തിരിയേണ്ടി വന്നതെന്ന് തീയേറ്റർ ഉടമകൾ പറയുന്നു. നിർമാതാക്കൾ പറയുന്ന പ്രൊജക്ടർ വയ്ക്കാൻ സാമ്പത്തിക സാഹചര്യമില്ലാത്ത തീയേറ്ററുകൾക്ക് നിലവിൽ പല ചിത്രങ്ങളും ലഭിക്കുന്നില്ല. കോവിഡിനെ തുടർന്ന് അടച്ചുപൂട്ടലിന്റെ വക്കിലെത്തി നിൽക്കുന്ന നിരവധി തീയേറ്ററുകൾ ഇതുമൂലം കൂടുതൽ പ്രതിസന്ധിയിലാണ്. അവരെ കൂടി പരിഗണിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് തീയേറ്റർ ഉടമ സുരേഷ് ഷേണായി ദ ഫോർത്തിനോട് പറഞ്ഞു.
23 -ാം തീയതി മുതൽ തീയേറ്റർ ഉടമകളുമായി സഹകരിക്കാത്ത മലയാള സിനിമകൾ റിലീസ് ചെയ്യില്ലെന്നാണ് തീയേറ്റർ ഉടമകൾ വ്യക്തമാക്കുന്നത്.
വിജയിക്കുന്ന ചിത്രങ്ങൾ വേഗത്തിൽ ഒടിടിക്ക് നൽകുന്നതും തീയേറ്ററുകളെ നഷ്ടത്തിലാക്കുന്നുണ്ടെന്നും പ്രശ്നം വിശദമായി ചർച്ച ചെയ്യാനും സാഹചര്യം മനസിലാക്കി തീരുമാനമെടുക്കാനും നിർമാതാക്കൾ തയാറാകണമെന്നും സുരേഷ് ഷേണായി ആവശ്യപ്പെട്ടു.
അന്യഭാഷ ചിത്രങ്ങളിൽ നേട്ടമുണ്ടാക്കിയത് ധനുഷ്
ക്യാപ്റ്റൻ മില്ലർ, ഫൈറ്റർ , ലാൽസലാം അടക്കം 23 അന്യഭാഷചിത്രങ്ങളാണ് ഇതുവരെ തീയേറ്ററിലെത്തിയത്. ജയിലറിന് ശേഷമെത്തുന്ന രജനികാന്ത് ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയുണ്ടായിരുന്ന ലാൽസലാം പക്ഷേ ബോക്സ് ഓഫീസ് ദുരന്തമായി. ക്യാപ്റ്റൻ മില്ലറും ഫൈറ്ററും മാത്രമാണ് ഭേദപ്പെട്ട കളക്ഷൻ നേടിയത്.
പ്രതിഷേധം ആരംഭിച്ചാലും നിലവിൽ തീയേറ്ററിലുള്ള ഭ്രമയുഗം , പ്രേമലു, അന്വേഷിപ്പിൻ കണ്ടെത്തും , മഞ്ഞുമൽ ബോയ്സ് തുടങ്ങിയ എല്ലാ ചിത്രങ്ങളുടേയും പ്രദർശനം തുടരും. അന്യഭാഷ ചിത്രങ്ങളും റിലീസ് ചെയ്യും. ഇതിന് പുറമെ തീയേറ്റർ ഉടമകൾ സൂചിപ്പിക്കുന്ന തീയേറ്ററുകളിൽ പ്രദർശനത്തിന് സമ്മതിക്കുന്ന മലയാള സിനിമകളും പ്രദർശിപ്പിക്കും. തർക്കത്തിൽ ഫെബ്രുവരി 28 ന് ഫിലിം ചേംബർ വിളിച്ച യോഗത്തിൽ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.