മലയാള സിനിമയിലെ വസ്ത്രാലങ്കാരത്തിൽ ചുരുങ്ങിയ സമയം കൊണ്ട് തന്നെ കയ്യൊപ്പ് പതിപ്പിച്ച കോസ്റ്റ്യൂം ഡിസൈനറാണ് സമീറ സനീഷ്. സമീറ ഡിസൈൻ ചെയ്ത വസ്ത്രങ്ങൾക്ക് ആരാധകരും ഏറെയാണ്. ഈ വസ്ത്രങ്ങൾ ജനങ്ങൾക്ക് ലഭ്യമാകുമോ എന്ന ചോദ്യവും പതിവായിരുന്നു. അതിനുള്ള വഴി കണ്ടെത്തിയിരിക്കുകയാണ് സമീറ. സമീറ സനീഷ് കൊച്ചി എന്ന പേരിൽ സ്റ്റോർ ഉടൻ ആരംഭിക്കും. ഓൺലൈനിലൂടെ ഓർഡർ ചെയ്യാൻ വെബ്സൈറ്റുമുണ്ട്. ക്ലോത്തിങ് ബ്രാൻഡിന്റെ ലോഗോ മഞ്ജു വാര്യർ പ്രകാശനം ചെയ്തു. .
സമീറയുടെ കൊച്ചിയിലെ വസതിയിലായിരുന്നു ലോഗോ പ്രകാശനം. ഓൺലൈൻ സ്റ്റോർ ഉടൻ പ്രവർത്തനം ആരംഭിക്കും
14 വർഷത്തിനിടയിൽ ഇരുനൂറിലധികം മലയാള ചിത്രങ്ങളിൽ കോസ്റ്റ്യൂം ഡിസൈനറായി പ്രവർത്തിച്ചിട്ടുണ്ട് സമീറ . 2009 ൽ പുറത്തിറങ്ങിയ കേരള കഫേ എന്ന ചിത്രത്തിലൂടെയായിരുന്നു തുടക്കം. ഇയ്യോബിന്റെ പുസ്തകം , കമ്മാര സംഭവം, ഭീഷ്മപർവം തുടങ്ങിയ ചിത്രങ്ങളിലെല്ലാം സമീറയുടെ ഡിസൈൻസ് ഏറെ പ്രശംസ ലഭിച്ചിരുന്നു. മഞ്ജു വാര്യർ മുഖ്യ വേഷത്തിലെത്തിയ ആയിഷയിലും ജോജു നായകനായ ഇരട്ടയിലുമാണ് അടുത്തിടെ പ്രവർത്തിച്ചത്. മമ്മൂട്ടി- ജ്യോതിക ചിത്രം കാതലിലും , ജൂഡ് ആന്തണിയുടെ 2018 ലും കോസ്റ്റ്യൂം ഒരുക്കിയത് സമീറയാണ്
ഡിസൈനർ എന്ന നിലയിൽ ഡിസൈൻ ചെയ്യുന്ന വസ്ത്രങ്ങൾ ഏറ്റവും മികച്ചതായി തോന്നിയിട്ടുള്ളത് മമ്മുട്ടിയ്ക്കാണെന്ന് സമീറ മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഡാഡി കൂൾ, ബെസ്റ്റ് ആക്ടർ, പ്രാഞ്ചിയേട്ടൻ ആൻഡ് സൈന്റ്, ഭീഷ്മ പര്‍വം തുടങ്ങി നിരവധി ചിത്രങ്ങളിൽ മമ്മൂട്ടിക്കൊപ്പം സമീറ പ്രവർത്തിച്ചിട്ടുണ്ട്.