27-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് വിരുന്നൊരുക്കാൻ ആനന്ദ് മഹാദേവന്റെ ദി സ്റ്റോറി ടെല്ലറുമെത്തും. വാർദ്ധക്യത്തിന്റെ ആകുലതകൾ ചർച്ച ചെയ്യുന്ന ചിത്രം സത്യജിത് റായ് യുടെ ഗോൾപോ ബോലിയേ താരിണി ഖുറോ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് രചിച്ചിരിക്കുന്നത്. തരിണി ചരൺ ബന്ദോപാധ്യായ എന്ന കഥാപാത്രത്തിന്റെ ജീവിതഘട്ടങ്ങളാണ് സിനിമയുടെ ഇതിവൃത്തം
ദേശീയപുരസ്കാര ജേതാവും തൃശൂർ സ്വദേശിയുമായ ചലച്ചിത്രകാരൻ ആനന്ദ് മഹാദേവൻ ഒരുക്കിയ ബംഗാളി ചിത്രം ഇന്ത്യൻ സിനിമ ഇന്ന് വിഭാഗത്തിലാണ് പ്രദർശിപ്പിക്കുക
ഗോൾപോ ബോലിയേ താരിണി ഖുറോ എന്ന ചെറുകഥയുടെ മനോഹര ചലച്ചിത്ര ഭാഷ്യമാണ് ദി സ്റ്റോറി ടെല്ലർ . തരിണി രഞ്ജൻ ബന്ധോപാധ്യായ എന്ന കഥാപാത്രത്തിന്റെ ജീവിതമാണ് ചിത്രം പറയുന്നത്. പരേഷ് റാവലാണ് തരിണി രഞ്ജൻ ബന്ധോപാധ്യായയെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു ജോലിയിലും ഉറച്ചു നിൽക്കാത്ത വ്യക്തിത്വത്തിന് ഉടമയാണ് അയാൾ. വിരമിക്കുന്നത് വരെ അയാൾ എഴുപത്തിമൂന്നോളം ജോലികളാണ് ചെയ്തത്
60 വയസ് കഴിഞ്ഞ അയാൾ വിഭാര്യനാണ്. അദ്ദേഹത്തിന്റെ ഭാര്യയായിരുന്ന അനുരാധയ്ക്ക് അവർ ആഗ്രഹിച്ചിരുന്ന ഒരു അവധിക്കാലം നൽകാൻ സാധിക്കാതിരുന്നതിന്റെ കുറ്റബോധം അയാളെ ഇപ്പോൾ വല്ലാതെ വേട്ടയാടുന്നുണ്ട്. മാത്രമല്ല വാർധക്യത്തിലെ ഏകാന്തതയും അയാളെ പിടിച്ചുലയ്ക്കുന്നു
അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് സിനിമ തിരഞ്ഞെടുക്കപ്പെട്ടത് വലിയ അംഗീകാരമായി കരുതുന്നു.ആനന്ദ് മഹാദേവൻ
അങ്ങനെ വിരസമായ ദിവസങ്ങളിലാണ് അഹമ്മദാബാദിൽ നിന്നുള്ള ഒരു പത്രപരസ്യം അയാളുടെ ശ്രദ്ധയിൽപ്പെടുന്നത്. 'ഒരു സ്റ്റോറി ടെല്ലറിനെ ആവശ്യമുണ്ട്' എന്നതായിരുന്നു പരസ്യവാചകം. അങ്ങനെ അദ്ദേഹം കൊൽക്കത്തയിൽ നിന്ന് പുതിയ ജോലിക്കായി അഹമ്മദാബാദിലേക്ക് യാത്രതിരിക്കുന്നിടത്താണ് കഥാഗതി മാറുന്നത്.
പ്രേക്ഷകരോട് കേവലം ഒരു കഥപറയുന്നതിന് അപ്പുറം, വൈകാരികമായ ഒട്ടേറെ മുഹൂർത്തങ്ങളിലൂടെയാണ് ദ സ്റ്റോറി ടെല്ലർ കടന്നുപോകുന്നത്. സ്‌നേഹം കരുണ, നിരാശ, പ്രണയം, വഞ്ചന അടക്കമുളള മനുഷ്യന്റെ മാനസിക വ്യാപാരങ്ങളിലേക്ക് ക്യാമറ ചലിപ്പിച്ചുകൊണ്ട് സിനിമ പ്രേക്ഷകന്റെ മനസുകളിൽ നിറയുന്നു. പരേഷ് റാവലിന്റെ പ്രകടമാണ് ഈ സിനിമയുടെ മറ്റൊരു പ്രധാന ആകർഷണം. അറുപതു വയസ്സുള്ള ടാഗോർ കവിതകളെ സ്‌നേഹിക്കുന്ന സരസനായ സ്റ്റോറി ടെല്ലറായി പരേഷ് റാവൽ നിറഞ്ഞാടുന്നു ഈ ചിത്രത്തിൽ.
സത്യജിത്ത് റായിക്കുള്ള സമർപ്പണമായാണ് ആനന്ദ് മഹാദേവൻചിത്രം ഒരുക്കിയിരിക്കുന്നത്. അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് സിനിമ തിരഞ്ഞെടുക്കപ്പെട്ടത് വലിയ അംഗീകാരമായി കരുതുന്നുവെന്ന് ആനന്ദ് മഹാദേവൻ പറഞ്ഞു.
പരേഷ് റാവൽ, ആദിൽ ഹുസ്സൈൻ,തനിഷ്ഠ ചാറ്റർജി, മലയാളി താരമായ രേവതി, അനന്ദിത ബോസ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദി സ്റ്റോറി ടെല്ലർ ബുസാൻ ഉൾപ്പടെ നിരവധി മേളകളിൽ പ്രേക്ഷക പ്രീതി നേടിയിട്ടുണ്ട് .