രാജ്യം ഓസ്‌കര്‍ തിളക്കത്തില്‍ നില്‍ക്കുമ്പോള്‍ ആ വേദിയില്‍ നിറഞ്ഞു നിന്ന് ദീപിക പദുകോണ്‍. ചരിത്രം സൃഷ്ടിച്ചുകൊണ്ട് ആര്‍ ആര്‍ ആറിലെ 'നാട്ടു നാട്ടു' ഗാനത്തിന് ഓസ്‌കര്‍ പ്രഖ്യാപിക്കുമ്പോള്‍ അവതാരകയായി വേദിയില്‍ ഉണ്ടായിരുന്നത് ബോളിവുഡ് സൂപ്പര്‍ താരം ദീപിക പദുകോണാണ്. കീരവാണി വേദിയില്‍ പാടുമ്പോള്‍ കണ്ണീരണിഞ്ഞ ദീപികയേയാണ് ഏവരും കണ്ടത്.
നാട്ടു നാട്ടു ഗാനം ഓസ്‌കര്‍ വേദിയില്‍ പുനരവതരിപ്പിക്കുകയായിരുന്നു. കാലഭൈരവനും രാഹുല്‍ സപ്ലിഗഞ്ചും ചേര്‍ന്നൊരുക്കിയ മ്യൂസിക്കല്‍ ഷോയ്ക്ക് അവതാരകയായത് ദീപികയാണ്. സെന്‍സേഷണല്‍ ഗാനം എന്നാണ് ദീപിക നാട്ടു നാട്ടു ഗാനത്തെ വിശേഷിപ്പിച്ചത്. ദീപിക നാട്ടു നാട്ടിലെ കലാകാരന്മാരെ വേദിയില്‍ പരിചയപ്പെടുത്തി. നിറഞ്ഞ ആവേശത്തോടെയാണ് സദസ് നാട്ടു നാട്ടിനെ സ്വീകരിച്ചത്.
പെര്‍സിസ് ഖംബട്ടയ്ക്കും പ്രിയങ്ക ചോപ്രയ്ക്കും ശേഷം ഓസ്‌കറില്‍ അവതാരകയായി എത്തുന്ന മൂന്നാമത്തെ ഇന്ത്യക്കാരിയാണ് ദീപിക. രാം ചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍ എന്നിവരുള്‍പ്പെടെ ആര്‍ആര്‍ആര്‍ ടീം ഓസ്‌കര്‍ വേദിയില്‍ ഉണ്ടായിരുന്നു. പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ രാം ചരണും ജൂനിയര്‍ എന്‍ടിആറും പരസ്പരം ആലിംഗനം ചെയ്തു. ഒരു ഇന്ത്യന്‍ ഗാനത്തിന് അന്താരാഷ്ട്ര വേദിയില്‍ കിട്ടുന്ന ഏറ്റവും മികച്ച അംഗീകാരമാണ് ആര്‍ ആര്‍ ആറിന് ലഭിച്ചത്.