ഇളയരാജയുടെ ജീവിത കഥ പറയുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഇളയരാജ എന്ന് തന്നെ പേരിട്ടിരിക്കുന്ന ചിത്രത്തിൽ ധനുഷാണ് ഇളയരാജയായി എത്തുന്നത്. കമൽഹാസനും ഇളയരാജയും ചേർന്നാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്.
ചിത്രം 2025 ൽ തീയേറ്ററുകളിൽ എത്തും. 'ക്യാപ്റ്റൻ മില്ലർ' സംവിധാനം ചെയ്ത അരുൺ മാതേശ്വരൻ ആണ് ഇളയരാജ സംവിധാനം ചെയ്യുന്നത്. കൈയിൽ ഹാർമോണിയവുമായി ചെന്നൈയിൽ ഇറങ്ങുന്ന ധനുഷിന്റെ ചിത്രമാണ് ഇളയരാജയുടെ ഫസ്റ്റ് ലുക്ക് ആയി പുറത്തിറങ്ങിയിരിക്കുന്നത്.
വെട്രി മാരൻ , ഭാരതി രാജ , സന്താന ഭാരതി , സുഹാസിനി മണിരത്‌നം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തിരുന്നു. ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകരെ കുറിച്ചുള്ള വിവരണങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
തമിഴ്‌നാട്ടിലെ പുന്നൈപുരത്തു 1943 ൽ ജനിച്ച ഇളയരാജ സഹോദരന്റെ ഗാനമേള സംഘമായ 'പാവലാർ ബ്രദേഴ്‌സിൽ പാടിക്കൊണ്ടായിരുന്നു സംഗീതത്തിലേക്ക് തുടക്കം കുറിച്ചത്. തുടർന്ന് ജോലിതേടി മദ്രാസിലേക്കു താമസം മാറുകയായിരുന്നു.
സംഗീതസംവിധായകൻ ജികെ വെങ്കിടേഷിന്റെ അസിസ്റ്റന്റായിട്ടായിരുന്നു ഇളയരാജ തന്റെ സിനിമ ജീവിതം ആരംഭിച്ചത്. അവിടെ നിന്നു ഗിറ്റാർ പഠിച്ചു.ലണ്ടനിലെ ട്രിനിറ്റി കോളജ് ഓഫ് മ്യൂസിക്കിന്റെ ഗിറ്റാർ പരീക്ഷ സ്വർണ മെഡലോടെ പാസായി. പഞ്ചു അരുണാചലം നിർമിച്ച 'അന്നക്കിളി' എന്ന ചിത്രത്തിനാണ് ആദ്യമായി ഇളയരാജ സംഗീതം പകർന്നത്.