വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്കുശേഷം സിനിമ മികച്ച പ്രതികരണമാണ് തീയേറ്ററുകളിലുണ്ടാക്കുന്നത്. ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ ചിത്രത്തിലെ താരങ്ങളുടെ അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അഭിമുഖങ്ങളിൽ ബേസിൽ ജോസഫും ധ്യാൻ ശ്രീനിവാസനും തമ്മിലുള്ള തഗ് കമന്റുകളും ട്രോളുകളും സോഷ്യൽ മീഡിയിൽ നിറഞ്ഞിരുന്നു.
സിനിമ റിലീസ് ചെയ്ത് കഴിഞ്ഞും പരസ്പരമുള്ള ട്രോളുകൾ തുടരുകയാണ് ധ്യാനും ബേസിലും. ചിത്രത്തിന്റെ പ്രദർശനത്തിനു പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച ധ്യാൻ ശ്രീനിവാസൻ 'ചിത്രം കണ്ട് തന്റെ പെർഫോമൻസ് ഗംഭീരമായത് കൊണ്ടുള്ള വിഷമത്തിൽ തൃശൂരിൽ ഏതോ ബാറിൽ കയറി മദ്യപിക്കുകയാണെന്നായിരുന്നു' തമാശയായി പറഞ്ഞത്.
പടം കണ്ട് 'ധ്യാൻ തെണ്ടി' നന്നായി ചെയ്തിട്ടുണ്ടെന്നാണ് ബേസിൽ പറഞ്ഞതെന്ന് സംവിധായകൻ വിനീത് ശ്രീനിവാസനും പ്രതികരിച്ചിരുന്നു. എന്നാല്‍, ബേസിൽ ബാറിലായിരുന്നില്ലെന്നും വേറെ ലെവൽ ചർച്ചയിലായിരുന്നെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് എഴുത്തുകാരൻ ബെന്യാമിൻ.
ഫേസ്ബുക്കിലൂടെയായിരുന്നു ബെന്യാമിന്റെ പ്രതികരണം എഴുത്തുകാരനായ ഇന്ദുഗോപനും ഇവർക്കൊപ്പമുണ്ടായിരുന്നു. പുതിയ സിനിമയ്‌ക്കോ വെബ് സീരിസിനോ ഉള്ള തയ്യാറെടുപ്പ് ആണോ ഇതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം. മൂന്ന് പേരും കൂടി പുതിയ പ്രോജക്ടിനുള്ള ചർച്ചയിലാണെന്നും സോഷ്യൽ മീഡിയ പറയുന്നു. ബെന്യാമിന്റെ പോസ്റ്റ് ബേസിൽ ജോസഫും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
പെരുന്നാൾ- വിഷു റിലീസായി ഏപ്രിൽ 11 നാണ് 'വർഷങ്ങൾക്കു ശേഷം' റിലീസ് ചെയ്തത്. പ്രണവ് മോഹൻലാൽ നായകനായ ഹൃദയം നിർമിച്ച മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്‌മണ്യമാണ് ഈ ചിത്രത്തിന്റെയും നിർമാണം.
വിനീത് ശ്രീനിവാസൻതിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ പ്രണവിനും ധ്യാനിനുമൊപ്പം നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ള, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്‌മാൻ എന്നിങ്ങനെ വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
ധ്യാൻ ശ്രീനിവാസൻ സംവിധാനം നിർവഹിച്ച ലൗ ആക്ഷൻ ഡ്രാമയ്ക്കുശേഷം നിവിൻ പോളി, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ബേസിൽ ജോസഫ്, വിശാഖ് സുബ്രഹ്‌മണ്യം എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മെറിലാൻഡ് സിനിമാസാണ് ചിത്രം ഇന്ത്യയൊട്ടാകെ തീയേറ്ററുകളിൽ എത്തിക്കുന്നത്.
ഇന്ത്യയിലെ പ്രശസ്ത നിർമാണക്കമ്പനിയായ ധർമ പ്രൊഡക്ഷൻസ് മെറിലാൻഡ് സിനിമാസ് നിർമിച്ച ഹൃദയത്തിന്റെ ഹിന്ദി, തമിഴ്, തെലുങ്ക് റീമേക്ക് അവകാശവും കരസ്ഥമാക്കിയിട്ടുണ്ട്. റെക്കോർഡ് തുകയ്ക്കാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സും ഓവർസീസ് റൈറ്റ്‌സും വിറ്റുപോയത്. കല്യാൺ ജ്വല്ലേഴ്‌സാണ് ചിത്രത്തിന്റെ മാർക്കറ്റിങ് പാർട്ണർ. അമൃത് രാംനാഥാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.