ENTERTAINMENT

വീണ്ടും വിവാദം; കേംബ്രിഡ്ജ് സർവകലാശാലയിലെ അധ്യാപകനെ കൊല്ലാൻ ഓപ്പൺഹൈമർ ആ​ഗ്രഹിച്ചിരുന്നോ?

ജൂലൈ 21നാണ് ചിത്രം റിലീസ് ചെയ്തത്. 13 കോടിയിലധികം രൂപയാണ് ചിത്രത്തിന് ആദ്യ ദിനം ഇന്ത്യയിൽ നിന്ന് മാത്രം ലഭിച്ചത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

വിഖ്യാത സംവിധായകൻ ക്രിസ്റ്റഫർ നോളന്റെ പുതിയ ചിത്രം ഓപ്പൺഹൈമർ വീണ്ടും വിവാദത്തിൽപ്പെട്ടിരിക്കുകയാണ്. മാൻഹാട്ടൻ പദ്ധതിയുടെ ഭാഗമായി അണുബോംബ് നിർമിച്ച ശാസ്ത്രജ്ഞൻ റോബർട്ട് ഓപ്പൺഹൈമറുടെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തിയെടുത്തതാണ് ചിത്രം. തനിക്ക് ഇഷ്ടപ്പെടാത്ത അധ്യാപകന് വിഷം കൊടുക്കാനും പിന്നീട് മനസ് മാറി എങ്ങനെയെങ്കിലും ആ മനുഷ്യനെ മരണത്തിൽ നിന്ന് രക്ഷിക്കാനും ഓപ്പൺഹൈമർ ആ​ഗ്രഹിച്ചിരുന്നോ എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം.

ജൂലിയസ് റോബർട്ട് ഓപ്പൺഹൈമറുടെ യഥാർഥ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് സിനിമ നിർമിച്ചതെന്ന് സംവിധായകനും നിർമാതാവും അവകാശപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇതിൽ വിശദീകരണം ആവശ്യപ്പെട്ട് പലരും രം​ഗത്തെത്തിയിരിക്കുന്നത്. ഓപ്പൺഹൈമറിന്റെ ആദ്യകാല ജീവിതം മുതൽ അണുബോംബ് നിർമിച്ച കാലഘട്ടം വരെ പശ്ചാത്തലമാക്കി ഒരുക്കിയ സിനിമയില്‍ അദ്ദേഹം ദേശവിരുദ്ധനും കമ്മ്യൂണിസ്റ്റും ആണെന്ന് ആരോപിക്കുന്നതും ഉൾപ്പെടുത്തിയിട്ടുണ്ട്.

കേംബ്രിഡ്ജ് സർവകലാശാലയിലെ അധ്യാപകനായ പാട്രിക് ബ്ലാക്കെറ്റ് കഴിക്കാനെടുത്ത ആപ്പിളിൽ, ഓപ്പൺഹൈമർ വിഷം കുത്തിവയ്ക്കുന്നതായാണ് ചിത്രത്തില്‍ കാണിക്കുന്നത്. എന്നാൽ പിന്നീട് ആ തീരുമാനത്തിൽ മാറ്റം ഉണ്ടാകുകയും വിഷം കലർന്ന ആപ്പിൾ കഴിക്കുന്നതില്‍ നിന്ന് അധ്യാപകനെ തടയുകയും ചെയ്യുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. എന്നാൽ, കേംബ്രിഡ്ജ് സർവകലാശാലയിലെ അധ്യാപകനെ കൊല്ലാൻ ഓപ്പൺഹൈമർ ശരിക്കും ആഗ്രഹിച്ചിരുന്നോ എന്നത് സംബന്ധിച്ച് വ്യക്തതകളൊന്നുമില്ല.

കെയ് ബേർഡും മാർട്ടിൻ ജെ ഷെർവിനും ചേർന്ന് എഴുതിയ 'അമേരിക്കൻ പ്രൊമിത്യൂസ്: ദി ട്രയംഫ് ആൻഡ് ട്രാജഡി ഓഫ് ജെ റോബർട്ട് ഓപ്പൺഹൈമർ' എന്ന പുസ്തകമാണ് ക്രിസ്റ്റഫർ നോളന്റെ തിരക്കഥയുടെ പശ്ചാത്തലം. ഓപ്പൺഹൈമർ തന്നെ ഈ സംഭവം വിവരിച്ചതായാണ് പുസ്തകത്തിൽ പരമാർശിച്ചിട്ടുളളത്. കൂടാതെ, മാരകമല്ലാത്ത വിഷം കുത്തിവച്ചിരിക്കാമെന്നും സയനൈഡല്ലെന്നും പുസ്തകം സൂചിപ്പിക്കുന്നുണ്ട്. എന്നാൽ, ഈ സംഭവം സാങ്കല്‍പ്പികമാണോയെന്ന് വ്യക്തമല്ല. 'ടൈം' മാസികയോട് സംസാരിച്ച ഓപ്പൺഹൈമറുടെ ചെറുമകൻ ചാൾസ് ഓപ്പൺഹൈമർ സിനിമയെ ചരിത്രപരമായ പുനരവലോകനം എന്നാണ് വിശേഷിപ്പിച്ചത്.

റേ മോങ്ക് എഴുതിയ 'എ ലൈഫ് ഇൻസൈഡ് ദ സെന്റർ' എന്ന മറ്റൊരു പുസ്തകവും ഈ സംഭവം വിവരിക്കുന്നുണ്ട്. ഓപ്പൺഹൈമറിന്റെ ഉദ്ദേശം അധ്യാപകനെ ഗുരുതരാവസ്ഥയിലാക്കുകയായിരുന്നുവെന്നും അതിൽ പറയുന്നു.

നേരത്തെ, ചിത്രം ഇന്ത്യയിലും വിവാദത്തിൽപെട്ടിരുന്നു. ചിത്രത്തിൽ ലൈംഗിക ബന്ധത്തിനിടയിൽ ഭഗവദ്ഗീത വായിക്കുന്ന രം​ഗമാണ് രാജ്യത്ത് വിമർശനങ്ങൾക്ക് വഴിവെച്ചത്. ജൂലൈ 21നായിരുന്നു ചിത്രത്തിന്റെ റിലീസ്. 13 കോടിയിലധികം രൂപയാണ് ആദ്യ ദിനം ഇന്ത്യയിൽ നിന്ന് മാത്രം ലഭിച്ചത്.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം