ദിലീപ് നായകനായ ബാന്ദ്ര സിനിമയ്ക്ക് നെഗറ്റീവ് റിവ്യു നൽകിയെന്ന് ആരോപിച്ച് അശ്വന്ത് കോക്കും ഷസാമും അടക്കം 7 യൂട്യൂബർമാർക്കെതിരെ കോടതിയിൽ നിർമാതാവിന്റെ ഹർജി. തിരുവനന്തപുരം ജെഎഫ്എം കോടതി അഞ്ചിലാണ് നിർമാണകമ്പനിയായ അജിത് വിനായക ഫിലിംസ് പരാതി നൽകിയത്.
സിനിമ റിലീസ് ചെയ്ത ഉടനെ തന്നെ നെഗറ്റീവ് റിവ്യു നൽകിയെന്നും ഇതുമൂലം കോടികളുടെ നഷ്ടം സംഭവിച്ചെന്നുമാണ് നിർമാതാവിന്റെ പരാതി. ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തില്ലെന്നും ഹർജിയിൽ പറയുന്നുണ്ട്.
യൂട്യൂബർമാരായ അശ്വന്ത് കോക്ക്, ഷിഹാബ്, ഉണ്ണി വ്‌ളോഗ്‌സ്, ഹിജാസ്, സീക്രട്ട് ഏജന്റ് സായ് കൃഷ്ണന്‍, ഷാസ് മുഹമ്മദ്, അര്‍ജുന്‍ എന്നീ ഏഴ് യൂട്യൂബർമാർക്ക് എതിരേയാണ് ഹർജി.
നേരത്തെ മനഃപൂർവ്വമുള്ള നെഗറ്റീവ് സിനിമ റിവ്യൂകൾ നടത്തുന്നവർക്കെതിരെ കേസ് എടുക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ ഡിജിപി നേരത്തെ പുറത്തിറക്കിയിരുന്നു, ഇതു പ്രകാരം ബ്ലാക്ക് മെയിലിങ് അല്ലെങ്കിൽ ക്രിമിനൽ സ്വഭാവമുള്ള പരാതികളിലും അപകീർത്തിപരമായ റിവ്യൂകളിലും കേസെടുക്കുമെന്നാണ് പ്രോട്ടോകോൾ വ്യക്തമാക്കുന്നത്.
സിനിമയുടെ സൃഷ്ടാക്കളെയോ കലാകാരന്മാരെയോ മനഃപൂർവം അധിക്ഷേപിക്കുകയോ അവരുടെ പ്രശസ്തിക്ക് കോട്ടം വരുത്തണമെന്ന ഉദ്ദേശത്തോടെ തെറ്റായ പ്രസ്താവനകൾ നടത്താത്തപക്ഷം ക്രിമിനൽ മാനനഷ്ടക്കേസ് രജിസ്റ്റർ ചെയ്യുന്നതിൽനിന്ന് വിട്ടുനിൽക്കുന്നതാണ് നല്ലതെന്നും ഡി ജി പിയുടെ നിർദേശത്തിൽ പറയുന്നു. ഭൂരിഭാഗവും വ്യാജ ഐഡികൾ വഴിയാണ് നെഗറ്റീവ് റിവ്യൂ എന്നതിനാൽ നടപടിയെടുക്കാൻ പോലീസിന് പരിമിതിയുണ്ടെന്നും നിർദേശത്തിൽ പറയുന്നുണ്ട്.
സിനിമയ്ക്ക് മോശം റിവ്യൂ നൽകുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്നാരോപിച്ച് 'റാഹേൽ മകൻ കോര' എന്ന സിനിമയുടെ സംവിധായകൻ ഉബൈനി നൽകിയ ഹർജിക്ക് പിന്നാലെയായിരുന്നു പോലീസ് പുതിയ മാർഗനിർദ്ദേശം പുറത്തിറക്കിയത്.