ഇടുക്കി രൂപതയുടെ നേതൃത്വത്തിൽ കേരള സ്റ്റോറിയെന്ന ചിത്രം കുട്ടികള്‍ക്കു മുന്നില്‍ പ്രദർശിപ്പിച്ചത് നിയമപ്രകാരം കുറ്റകരം. പ്രായപൂർത്തായാവാത്തവർ കാണരുതെന്ന് വ്യവസ്ഥ ചെയ്യുന്ന 'എ' റേറ്റഡ് സർട്ടിഫിക്കറ്റുള്ള ചിത്രമാണ് സുദീപ്തോ സെൻ സംവിധാനം ചെയ്ത പ്രൊപ്പഗണ്ട സിനിമ 'ദ കേരള സ്റ്റോറി'. ഈ ചിത്രമാണ് പത്ത് മുതൽ 12 വരെയുള്ള ക്ലാസ് വിദ്യാർഥികൾക്കുവേണ്ടി പ്രദർശിപ്പിച്ചത്.
പത്ത് മുതൽ 12 വരെയുള്ള ക്ലാസ് വിദ്യാർഥികൾക്കുവേണ്ടിയായിരുന്നു പ്രദർശനം. കുട്ടികളെ പ്രണയത്തിലകപ്പെടുത്തി തീവ്രവാദത്തിലേക്ക് നയിക്കുന്നുവെന്നും ഇതിനെതിരെ അവബോധം സൃഷ്ടിക്കാനാണ് ചിത്രം പ്രദർശിപ്പിച്ചതെന്നുമായിരുന്നു ഇടുക്കി രൂപതയുടെ വിശദീകരണം. എന്നാൽ 'അഡൽസ് ഒൺലി' സർട്ടിഫിക്കറ്റ് ലഭിച്ച സിനിമകൾ പ്രായപൂർത്തിയാവാത്തവർ കാണരുതെന്നാണ് ഇന്ത്യയിലെ നിയമം അനുശാസിക്കുന്നത്.
1952ലെ സിനിമാട്ടോഗ്രാഫ് നിയമമനുസരിച്ച് മുതിർന്നവർക്കുള്ള ചിത്രം പ്രായപൂർത്തിയാവാത്തവർക്കു മുന്നിൽ പ്രദർശിപ്പിക്കുന്നത് ജാമ്യം ലഭിക്കാത്ത കുറ്റമാണ്. നിയമം ലംഘകർക്ക് മൂന്ന് വർഷം വരെ തടവോ ഒരു ലക്ഷം രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയോ ലഭിക്കും. വ്യവസ്ഥകൾ പാലിക്കുന്നതിന്റെ നിർവഹണം സിനിമ പ്രദർശിപ്പിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാരിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ദൂരദർശനിൽ ചിത്രം പ്രദർശിപ്പിച്ചതിന് പിന്നാലെയാണ് ഇടുക്കി രൂപത വിദ്യാർത്ഥികൾക്കു മുന്നിൽ കേരള സ്റ്റോറി പ്രദർശിപ്പിച്ചത്. ഇതിനു പിന്നാലെ ഇടുക്കി രൂപതയെ അഭിനന്ദിച്ച് താമരശേരി രൂപത രംഗത്ത് എത്തുകയും താമരശേരി രൂപതയ്ക്കു കീഴിലെ എല്ലാ കെസിവൈഎം യൂണിറ്റുകളിലും ചിത്രം പ്രദർശിപ്പിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
ശനിയാഴ്ചയാണ് ചിത്രം പ്രദർശിപ്പിക്കുക. സീറോ മലബാർ യൂത്ത് മൂവ്മെന്റും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് സംഘടിത തീവ്രവാദ റിക്രൂട്ടിങ് നടക്കുന്നുവെന്ന് സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി പോലും വിളിച്ചുപറഞ്ഞിടത്ത് ഒരു സമുദായത്തെയോ വിശ്വാസങ്ങളെയോ ചോദ്യം ചെയ്യാതെ ഇത്തരം സംഘടിത റിക്രൂട്ടിങ്ങുകളെ തുറന്നുകാണിച്ച ആവിഷ്‌കാര സ്വാതന്ത്ര്യത്തെ പൂട്ടിയിടാൻ ആരാണ് വാശി പിടിക്കുന്നതെന്നാണ് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് കെസിവൈഎം ഫേസ്ബുക്കിൽ കുറിച്ചത്. ഇതിനിടെ ചിത്രം പ്രദർശിപ്പിക്കുമെന്ന് തലശേരി രൂപതയും പ്രഖ്യാപിച്ചിരുന്നു.
അതേസമയം രൂപതകളുടെ നടപടിക്കെതിരെ വിമർശനവുമായി സ്ഥാനത്യാഗം ചെയ്ത യാക്കോബായ സഭയിലെ ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ് രംഗത്ത് എത്തിയിരുന്നു. യേശുക്രിസ്തുവിന്റെ പേരിലുള്ള സഭകൾ പ്രദർശിപ്പിക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും 'ലവ് സ്റ്റോറി' ( സ്‌നേഹത്തിന്റെ കഥകൾ) കളാണ്, മറിച്ച് 'ഹേറ്റ് സ്റ്റോറി' ( വിദ്വേഷത്തിന്റെ കഥകൾ ) കളല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കഴിഞ്ഞദിവസം ദൂരദർശനും ദ കേരള സ്റ്റോറി സംപ്രേഷണം ചെയ്തിരുന്നു. കേരളത്തിലെ ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും എതിർപ്പുകൾ കണക്കിലെടുക്കാതെയായിരുന്നു ദൂരദർശൻ നീക്കം. സംഘപരിവാർ പ്രൊപ്പഗണ്ട സിനിമകൾ തയ്യാറാക്കി നേരത്തെയും വിവാദത്തിൽ ഇടം പിടിച്ച സുദീപ്തോ സെന്നിന്റെ കേരള സ്റ്റോറിയുടെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ തന്നെ സിനിമയ്‌ക്കെതിരെ ദേശീയ തലത്തിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. സംസ്ഥാന സർക്കാരും പ്രതിപക്ഷവും ദൂരദർശൻ നടപടിയെ വിമർശിച്ചിരുന്നു.
പ്രദർശനത്തിന് എതിരെ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തുടങ്ങി ഭരണ പ്രതിപക്ഷ നേതാക്കളും സംഘടനകളും രംഗത്തെത്തിയിരുന്നു.