ഒരിടവേളയ്ക്ക് ശേഷം മധു മുട്ടവും ഫാസിലും വീണ്ടും ഒന്നിക്കുന്ന സിനിമ പ്രഖ്യാപിച്ച് ഫാസിൽ. ആലപ്പുഴയിലെ ഹോട്ടൽ മുറിയിൽ തിരക്കഥ രചനയിലാണെന്നും ഫാസിൽ പറഞ്ഞു. മലയാളത്തിലെ 21 -ാം സിനിമയാണ് ഫാസിലിന്റെതായി ഒരുങ്ങുന്നത്. 'എഴുത്തുകാരി ലതാലക്ഷ്മിയുടേതാണു മൂലകഥ. കേട്ടപ്പോൾ മധു മുട്ടത്തിനു താൽപര്യമായി. എഴുതാൻ ഞാൻ മധുവിനോടു പറഞ്ഞു. ഞാൻ കൂടി ഇരിക്കണമെന്നു മധു. ചർച്ചകളും എഴുത്തും നടക്കുന്നു. അത് ഏതൊക്കെ വഴിയേ പോകുമെന്ന് അറിയില്ല'- ജന്മദിനത്തിനോടനുബന്ധിച്ച് മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പുതിയ സിനിമ ഫാസിൽ പ്രഖ്യാപിച്ചത്.
'എഴുപത്തഞ്ചാം വയസ്സിൽ സംവിധാനം ചെയ്യുമ്പോൾ സമകാലിക സിനിമയെപ്പറ്റി നല്ല ധാരണ വേണം. തീയേറ്ററിലെ ആദ്യ പ്രേക്ഷകരായ ചെറുപ്പക്കാർക്ക് സിനിമ ഇഷ്ടപ്പെടണം എന്നതാണ് ഒടിടി കാലത്തെ വലിയ വെല്ലുവിളി. അവരാണ് കുടുംബങ്ങളെ തിയറ്ററിൽ എത്തിക്കേണ്ടത്. യുവജനങ്ങൾ ലിഫ്റ്റ് ചെയ്ത സിനിമ ആഘോഷിക്കാൻ കുടുംബങ്ങൾ വരുന്നു എന്നതാണ് സത്യമെന്നും' ഫാസിൽ പറഞ്ഞു.
പുതിയ ചിത്രത്തിൽ തന്നെക്കൂടി ഉൾപ്പെടുത്തണമെന്ന് ഫഹദ് സുഹൃത്തിനോട് ശിപാര്‍ശ ചെയ്തിട്ടുണ്ടെന്നും അഭിമുഖത്തിൽ തമാശയായി ഫാസിൽ പറഞ്ഞു.
മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് മധു മുട്ടത്തിന്റെ തിരക്കഥയില്‍ ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്. ശോഭനയ്ക്ക് ദേശീയ അവാർഡ് വാങ്ങിക്കൊടുത്ത ചിത്രത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, കെപിഎസി ലളിത, നെടുമുടി വേണു, ഇന്നസെന്റ്, സുധീഷ്, തിലകൻ തുടങ്ങി നിരവധി താരങ്ങള്‍ ഒന്നിച്ചിരുന്നു. ചിത്രത്തിന് ഇന്നും ചാനലുകളിൽ മികച്ച ടിആർപി റേറ്റാണ് ലഭിക്കുന്നത്.