'2018' നിറഞ്ഞ് പ്രദർശനം തുടരുമ്പോള്‍ കൊച്ചു സിനിമകൾക്ക് കൂടി തീയേറ്ററിൽ സമയം അനുവദിച്ചു തരണമെന്ന ജാനകീ ജാനെ സിനിമയുടെ സംവിധായകൻ അനീഷ് ഉപാസനയുടെ തുറന്ന കത്തിന് മറുപടിയുമായി ജൂഡ് ആന്തണി ജോസഫ്. തീയേറ്ററുകളിൽ ഷോ ടൈം തീരുമാനിക്കുന്നത് അവരാണ്. അതിനുള്ള അവകാശവും അവർക്കുണ്ടെന്നായിരുന്നു ജൂഡിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
അനുരാഗവും, നെയ്മറും, ജാനകി ജാനേയും ഉഗ്രൻ സിനിമകൾ ആണെന്ന് പറഞ്ഞുകൊണ്ടാണ് അനീഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന് മറുപടി പോസ്റ്റുമായി ജൂഡ് ആന്തണി രംഗത്തുവന്നത്.
'എല്ലാ സിനിമകളും തീയേറ്ററിൽ പോയി തന്നെ കാണണം എന്നാഗ്രഹിക്കുന്ന സാധാരണ പ്രേക്ഷകനാണ് ഞാനും. അനീഷ് ഉപാസന ചേട്ടന്റെ തുറന്ന കത്ത് വായിച്ചു . അനുരാഗവും , ജാനകി ജാനെയും നെയ്മറും ഉഗ്രൻ സിനിമകളാണ് . എല്ലാവരും അധ്വാനിക്കുന്നവരാണ് . തീയേറ്ററുകളിൽ ഷോ ടൈം തീരുമാനിക്കുന്നത് അവരാണ് . അതിനുള്ള അവകാശവും അവർക്കുണ്ട് .' എന്നായിരുന്നു ജൂഡിന്റെ ഫേസ്ബുക്കിലെ കുറിപ്പ്.
ആന്റോജോസഫിനും ജൂഡ് ആന്തണിക്കും വേണു കുന്നപ്പള്ളിക്കും തീയറ്റർ ഉടമകൾക്കുമായുള്ള തുറന്ന കത്തെന്ന് കാട്ടിയായിരുന്നു ഫേസ്ബുക്കില്‍ അനീഷിന്റെ പോസ്റ്റ്.
അനീഷിന്റെ 'ജാനകി ജാനേ', സുധി മാഡിസ്സൻ സംവിധാനം ചെയ്ത 'നെയ്മർ', ഷഹദ് സംവിധാനം ചെയ്ത 'അനുരാഗം' എന്നീ സിനിമകൾക്കു കൂടി തീയേറ്ററുകൾ ഫസ്റ്റ്, സെക്കൻഡ് ഷോകൾക്ക് സമയം അനുവദിച്ചു നൽകണമെന്നാണ് അനീഷിന്റെ ആവശ്യം. 2018 ഏത് സമയത്ത് കൊണ്ടുപോയി ഇട്ടാലും മലയാളികൾ ഇടിച്ച് കയറി വരുമെന്നും എന്നാൽ, കൊച്ചു കുടുംബ ചിത്രങ്ങൾ തീയറ്ററിൽ നിറയണമെങ്കിൽ ഉച്ചയ്ക്ക് മാത്രമുള്ള ഷോ സമയം തന്നാൽ പോരെന്നും അനീഷ് പറയുന്നു. 2018 സിനിമ എടുത്ത് മാറ്റണമെന്നല്ല ആവശ്യമെന്നും എന്നാൽ കൊച്ചു സിനിമകളെ കൂടി പരിഗണിക്കണമെന്നും, പലവാതിലുകളിൽ മുട്ടിയിട്ടും സാധ്യമല്ലാത്തത് കൊണ്ടാണ് തുറന്ന കത്തെഴുതുന്നതെന്നും അനീഷ് ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.